Tuesday, October 20, 2009

ഒടുവില്‍ റംഷാദ് മോചിതനായി

ദോഹ:ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.

റംഷാദിന്റെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് വിശദമായ വിവരങ്ങളോടെ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വയെ നേരില്‍ക്കണ്ട് അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. അംബാസഡറുടെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ എംബസിയില്‍നിന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന് വിഷയം കൈമാറി.

ബന്ധുക്കള്‍ മുഖേന സ്‌പോണ്‍സറുമായി നേരിട്ടും ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ റംഷാദിനെ തിരിച്ചെത്തിക്കുന്നതിനായി ശ്രമിച്ചിരുന്നു. സമയോചിതമായ ഈ ഇടപെടലുകളാണ് റംഷാദിന്റെ ദുരിതത്തിന് അറുതിവരുത്തിയത്.

ഏജന്റ് വഴി നാല്പതിനായിരത്തോളം രൂപ വിസയ്ക്കു നല്കി ജോലിസ്വപ്നങ്ങളുമായി ആദ്യമായി ഗള്‍ഫിലെത്തി, സകല പ്രതീക്ഷകളും നശിച്ച്, ഒറ്റപ്പെട്ട്, ആരുമായും ആശയവിനിമയംപോലും സാധ്യമാവാതെ കഴിയുകയായിരുന്ന റംഷാദിനെ കണ്ടെത്തിയ ദമ്മാമിലെ ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ നല്കിയ പിന്തുണയാണ് റംഷാദിന് പിടിച്ചുനില്ക്കാന്‍ സഹായകമായത്.

റിയാദിലെ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിഷയം റിയാദിലെ ഇന്ത്യന്‍ എംബസിയിലും എത്തിച്ചിരുന്നു. റംഷാദിനെ സ്‌പോണ്‍സര്‍ ഖത്തറിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ വിസമ്മതിക്കുന്നപക്ഷം റിയാദില്‍ അഭയം നല്കാനും ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രം വഴി നാട്ടിലേക്കയയ്ക്കാനും എംബസി തയ്യാറായിരുന്നു. ഇതിനായി റിയാദിലേക്ക് വരാനുള്ള യാത്രാരേഖയും റംഷാദിന്റെ കാര്യത്തില്‍ ഇടപെടാനുള്ള അനുമതിപത്രവും റിയാദ് എംബസി അധികൃതര്‍ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്ക് നല്കിയിരുന്നു.

മോചനം സാധ്യമായതില്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ, എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്‌ലി, ഫസ്റ്റ് സെക്രട്ടറി ഹരീഷ് അറോറ എന്നിവര്‍ക്കും ഒരുമാസത്തോളമായി തന്നെ നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്ത്യ ഫ്രറ്റേര്‍ണിറ്റി ഫോറം സെക്രട്ടറി നിസാമുദ്ദീന്‍ കോട്ടയത്തിനും റംഷാദ് നന്ദി പറഞ്ഞു.

പാസ്‌പോര്‍ട്ടും നാട്ടിലേക്കുള്ള ടിക്കറ്റും സഹിതം സ്‌പോണ്‍സര്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലെത്തിച്ച റംഷാദ് അടുത്ത ദിവസം നാട്ടിലെത്തും.

5 comments:

Unknown said...

ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

അഞ്ചല്‍ക്കാരന്‍ said...

Qatar's leading leading malayalam online daily ആയ ഖത്തര്‍ ടൈംസ് കിട്ടാത്തവര്‍ക്ക് മാതൃഭൂമിയില്‍ പോയാല്‍ ലവിടുന്നും ഇതേ വാര്‍ത്ത വായിയ്ക്കാം.

മാതൃഭൂമി പത്രത്തിനെതിരേ പ്രതിഷേധിയ്ക്കുക. ഒരു പ്രമുഖ പ്രവാസീ മലയാള പത്രത്തിന്റെ വാര്‍ത്തകള്‍ അതേപടി കോപ്പിയടിച്ചതിന്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അഞ്ചല്‍,ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്.അങ്ങിനെ ഉണ്ടായതിനാലാണ് നിങ്ങള്‍ക്ക് ഒരു ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞത്.പിന്നെ ഞാന്‍ എന്തു ചെയ്തോ അത് ചെയ്തു എന്നു തന്നെ പറയും,അതില്‍ എനിക്ക് ഒരു മടിയും ഇല്ല എന്ന് ഇനിയും മനസിലാക്കിയാല്‍ നന്നായിരുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അഞ്ചല്‍,മറന്ന ഒരു കാര്യമെഴുതാന്‍ വേണ്ടി,ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കുന്ന നിങ്ങളുടെ ഈ രീതി ഒന്നു മാറ്റുക.

നിരൂപകന്‍ said...

സഗീറേ,തന്റെ ഗീര്‍വാണത്തിനുള്ള മറുപടി ഇവിടെയുണ്ട്.ഒന്നു വായിച്ചു നോക്ക്.എന്നിട്ടും വല്ലതും പറയാനുണ്ടെങ്കില്‍ പറയൂ.