Friday, July 30, 2010

മാധ്യമങ്ങള്‍ സാമൂഹിക ഘടനയെ മുറിവേല്‍പ്പിക്കുന്നു : എം.പി.അബ്ദുസ്സമദ് സമദാനി

ദോഹ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും എന്നാല്‍ ഇന്ന് നമ്മുടെ സാമൂഹിക ഘടനയെ മുറിവേല്‍പ്പിക്കുന്ന പല അനുഭവങ്ങളും മാധ്യമ ലോകത്ത് നിന്നും ഉണ്ടാവുന്നുവെന്ന് മുന്‍ രാജ്യസഭാംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ എം.പി.അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ദോഹയില്‍ സംഘടിപ്പിച്ച ഏഴാമത് ലോക മലയാളി സമ്മേളനത്തില്‍ 'സാഹിത്യത്തിന്റെയും മാധ്യമങ്ങളുടെയും മാറുന്ന മുഖം' എന്ന സെമിനാറില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തന രംഗത്ത് സ്വയം നിയന്ത്രണവും മുല്യബോധവും ആവശ്യമാണെന്നും സമദാനി വ്യക്തമാക്കി.

സെമിനാര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്തു. മലയാളിക്ക് കേരളത്തിനകത്ത് ഒരു മുഖവും പുറത്ത് മറ്റൊരു മുഖവുമാണ് ഉള്ളതെന്നും എവിടെയായാലും നല്ലതിനെ അംഗീകരിക്കുന്ന ഒരു മനസ്സ് നാം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ ലോകത്ത് നിയന്ത്രണം വേണമെന്ന് പറയുന്നവര്‍ സ്വയം നിയന്ത്രിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് സെമിനാറില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു.

മലയാളിയുടെ വിചാര ലോകവും ജീവിതവും തമ്മിലുള്ള അന്തരമാണ് ഇന്ന് സാഹിത്യ രംഗത്ത് പ്രകടമാവുന്നതെന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പി.ജെ.ജെ.ആന്റണി അഭിപ്രായപ്പെട്ടു.

എബ്രഹാം, ജോസ്​പനച്ചിപ്പുറം, നിര്‍മലജോസ് എന്നിവരും സംസാരിച്ചു. ജോപ്പച്ചന്‍ തെക്കെക്കൂറ്റ് സ്വാഗതവും ഗോപിനാഥ് നന്ദിയും പറഞ്ഞു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയിലും സംരക്ഷണത്തിലും മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും എന്നാല്‍ ഇന്ന് നമ്മുടെ സാമൂഹിക ഘടനയെ മുറിവേല്‍പ്പിക്കുന്ന പല അനുഭവങ്ങളും മാധ്യമ ലോകത്ത് നിന്നും ഉണ്ടാവുന്നുവെന്ന് മുന്‍ രാജ്യസഭാംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ എം.പി.അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.