Monday, August 23, 2010

സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്

ദോഹ:റമദാന്‍ പകുതിയോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.

മുന്‍കാലങ്ങളില്‍ പള്ളികളിലും പാര്‍ക്കുകളിലും കേന്ദ്രീകരിച്ചായിരുന്നു സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചതെങ്കിലും ഇത്തവണ ചൂടുള്ള കാലാവസ്ഥ കണക്കിലെടുത്ത് പള്ളികളോടനുബന്ധിച്ചും മറ്റും ശീതീകരിച്ച തമ്പുകളാണ് നോമ്പുതുറയ്ക്കായി ഏര്‍പ്പെടുത്തിയിരുന്നത്. ജാതിമതഭേദമെന്യേ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങളാണ് നോമ്പുതുറക്കാനായെത്തുന്നത്.

ഖത്തറിലെ സന്തുക്ക് അല്‍ സക്കാത്തും ഈദ് ചാരിറ്റിയും ഖത്തര്‍ ചാരിറ്റയും റെഡ്ക്രസന്റ് സൊസൈറ്റിയും ഇസ്‌ലാമിക മന്ത്രികാര്യലയവും പതിവു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം വിപുലമായ രീതിയില്‍ത്തന്നെയാണ് സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചത്. ഖത്തര്‍ ടെലികോംമും ഖത്തര്‍ ട്രാഫിക്‌വകുപ്പും ഈ വര്‍ഷത്തെ സൗജ്യ നോമ്പുതുറകളില്‍ പ്രായോജകരായെത്തിയിട്ടുണ്ട്.

നോമ്പുതുറക്കാനുള്ള ധൃതിയില്‍ നോമ്പുതുറ സമയത്ത് അനിയന്ത്രിതമായി വാഹനങ്ങള്‍ ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ഈ നോമ്പുതുറ പരിപാടി കൊണ്ട് ഉദേശിക്കുന്നത്. വാഹനാപകടങ്ങള്‍ റംസാനില്‍ കൂടുതലായും ഉണ്ടാകുന്നത് നോമ്പുതുറസമയത്താണ്. ഒപ്പം ഗതാഗതസിഗ്‌നലുകളിലും റൗണ്ട് എബൌട്ടുകളിലും നോമ്പുതുറ സമയത്ത് കുടുങ്ങുന്നവര്‍ക്ക് നോമ്പുതുറക്കാന്‍ കാരക്കയും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.മധുരപലഹാരങ്ങളും മറ്റും അടങ്ങിയ കിറ്റുകളാണ് വിതരണം.

സാമൂഹിക ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് പുറമെ ഖത്തറിലെ വന്‍കിട കച്ചവടക്കാരായ അറബികളും രാജകുടുംബാംഗങ്ങളും വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു.

ആയിരക്കണക്കിനാളുകള്‍ക്കാണ് ഇഷ്ടാനുസരണം നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഉന്നതനിലവാരമുള്ള നക്ഷത്രഹോട്ടലുകളില്‍ നിന്നും പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങളാണ് നോമ്പുതുറ ടെന്റുകളിലെത്തുന്നത്. ജീവകാരുണ്യപ്രസ്ഥാനങ്ങളുടെയും ഇസ്‌ലാമിക മന്ത്രികാര്യാലയത്തിലെയും ജീവനക്കാരാണ് നോമ്പുതുറ ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം വഹിക്കുന്നത്.

1 comment:

Unknown said...

റമദാന്‍ പകുതിയോടടുക്കവെ സൗജന്യ നോമ്പുതുറ ടെന്റുകളില്‍ വന്‍ ജനത്തിരക്ക്. പതിവില്ലാത്ത വിധം നൂറുകണക്കിനാളുകളാണ് നോമ്പുതുറക്കാന്‍ സമയമടുക്കുന്നതോടെ തമ്പുകളില്‍ സീറ്റ് കിട്ടാന്‍ നേരത്തേതന്നെ സ്ഥലംപിടിക്കുന്നത്.