Wednesday, August 11, 2010

ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് അവസരം

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത മാസങ്ങളില്‍ വിദേശരാജ്യങ്ങളില്‍നിന്നും കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നു. ഗള്‍ഫിലെ 54 ശതമാനം കമ്പനികളും റിക്രൂട്ട്‌മെന്‍റിന് ഒരുങ്ങുകയാണ്.മിഡില്‍ ഈസ്റ്റിലെ പ്രമുഖ റിക്രൂട്ട്‌മെന്‍റ് സൈറ്റുകള്‍ സംയുക്തമായി നടത്തിയ വിദഗ്ധ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

27 ശതമാനം കമ്പനികളും അടുത്ത ഏതാനും മാസങ്ങളിലായി പുതിയ റിക്രൂട്ട്‌മെന്‍റ് നടത്തുമെന്നും 33 ശതമാനം കമ്പനികള്‍ ആവശ്യമനുസരിച്ച് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും നാലു ശതമാനം കമ്പനികള്‍ ഉടനെ റിക്രൂട്ട്‌മെന്‍റിന് തയ്യാറല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, 34 ശതമാനം കമ്പനികള്‍ക്കും ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ റിക്രൂട്ട്‌മെന്‍റിനാണ് താത്പര്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 27 ശതമാനം കമ്പനികള്‍ക്ക് എക്‌സിക്യൂട്ടീവ് തസ്തികയില്‍ റിക്രൂട്ട്‌മെന്‍റിനാണ് താത്പര്യം.

ബിരുദധാരികള്‍ക്കും ബിസിനസ് മാനേജ്‌മെന്‍റില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ ബിരുദമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും. മേഖലയില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ ജോലിക്ക് നിയമിക്കുന്നതിനാണ് 26 ശതമാനം കമ്പനികള്‍ക്ക് താത്പര്യം. കൂടാതെ കൊമേഴ്‌സ് ബിരുദ-ബിരുദാനന്തര ബിരുദധാരികള്‍ക്കും എന്‍ജിനീയറിങ് ബിരുദമുള്ളവര്‍ക്കും തുല്യപ്രാധാന്യത്തോടെ 24 ശതമാനം കമ്പനികളും റിക്രൂട്ട്‌മെന്‍റിന് തയ്യാറാകുന്നു.

റിക്രൂട്ട്‌മെന്‍റ് ഉന്നതയോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല. മറിച്ച്, അടിസ്ഥാനയോഗ്യതയും കഴിവും ആശയവിനിമയ പ്രാഗല്‍ഭ്യവും കൂടാതെ വ്യക്തിത്വവും കണക്കിലെടുത്തായിരിക്കും പുതിയ റിക്രൂട്ട്‌മെന്‍റിന് മിക്കവാറും എല്ലാ കമ്പനികളും തയ്യാറായിരിക്കുന്നത്.

ഗള്‍ഫ് മേഖലയിലെ തൊഴില്‍ മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സാന്നിധ്യമുള്ള മലയാളികളടക്കമുള്ള ഇന്ത്യന്‍ വംശജര്‍ക്കായിരിക്കും പുതിയ റിക്രൂട്ട്‌മെന്‍റിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ഗള്‍ഫ് മേഖല ആഗോളസാമ്പത്തികകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയായിട്ടാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യത എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

41 ശതമാനം വിദേശ തൊഴിലാളികളെ ഉടന്‍ റിക്രൂട്ട് ചെയ്യുന്നതിന് ഒമാനിലെ സ്വകാര്യകമ്പനികള്‍ തീരുമാനിച്ചതായും അറിയുന്നു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് അവസരം