Thursday, September 2, 2010

ത്തറില്‍ സ്‌കൂളുകള്‍ 19ന് തുറക്കും,'ബാക്ക് ടു സ്‌കൂള്‍ 'വിപണി സജീവമാകുന്നു


ദോഹ: വേനലവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ , സ്വതന്ത്ര, സ്വകാര്യ സ്‌കൂളുകള്‍ അടുത്തമാസം 19ന് തുറക്കും. വിദ്യാഭ്യാസമന്ത്രി സഅദ് ബിന്‍ ഇബ്രാഹിം അല്‍ മഹ്മൂദ് ആണ് പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടര്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ , സ്വതന്ത്ര സ്‌കൂളുകളില്‍ ജീവനക്കാര്‍ 19 മുതല്‍ ഹാജരാകണമെങ്കിലും 26ന് മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ. എന്നാല്‍ , ഇന്ത്യന്‍ സ്‌കൂളുകളില്‍ 19ന് തന്നെ ക്ലാസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

വേനലവധിക്കായി ജൂലൈ മധ്യത്തോടെയാണ് സ്‌കൂളുകള്‍ അടച്ചത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പല സ്‌കൂളുകളിലും ഭരണ വിഭാഗം ജീവനക്കാരും അധ്യാപകരും ജോലിക്കെത്തി തുടങ്ങിയിട്ടുണ്ട്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ , ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ , ബിര്‍ള പബ്ലിക് സ്‌കൂള്‍ , ഭവന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം അടുത്തമാസം 19ന് തന്നെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അധ്യയനവര്‍ഷത്തിന്റെ കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 13 മുതല്‍ 24 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി 28ന് ആരംഭിക്കും. വിദ്യര്‍ഥികളുടെ അധ്യയനവര്‍ഷം ജൂലൈ ഏഴിനും ജീവനക്കാരുടേത് 21നും അവസാനിക്കും. 2010-11 അധ്യയനവര്‍ഷത്തില്‍ 12 അര്‍ധ സ്വതന്ത്ര സ്‌കൂളുകള്‍ക്ക് കൂടി സ്വതന്ത്ര സ്‌കൂളുകളുടെ പദവി ലഭിക്കും.

ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചവയാണ് സ്വതന്ത്ര സ്‌കൂളുകള്‍ . സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലുമായുള്ള കരാറിന് വിധേയമായി സ്വയംഭരണാവകാശവും നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ഇതിനുള്ള ഒരുക്കങ്ങള്‍ വിപണിയിലും പ്രകടമാണ്. 'ബാക്ക് ടു സ്‌കൂള്‍ ' എന്ന പേരിലാണ് സൂപ്പര്‍ , ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്‌കൂള്‍ ഉല്‍പന്നങ്ങളുടെ വിപണനം ആരംഭിച്ചിരിക്കുന്നത്. ഇതിന് അകമ്പടിയായി വിലക്കിഴിവും സൗജന്യവുമെല്ലാം പ്രഖ്യാപിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.

1 comment:

Unknown said...

വേനലവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ , സ്വതന്ത്ര, സ്വകാര്യ സ്‌കൂളുകള്‍ അടുത്തമാസം 19ന് തുറക്കും. വിദ്യാഭ്യാസമന്ത്രി സഅദ് ബിന്‍ ഇബ്രാഹിം അല്‍ മഹ്മൂദ് ആണ് പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് കലണ്ടര്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചത്.