Thursday, September 2, 2010

നാളെ റമദാനിലെ അവസാനവെള്ളി, ലൈലത്തുല്‍ ഖദറിന്റെ പ്രതീക്ഷയില്‍ വിശ്വാസികള്‍ .


ദോഹ : പരിശുദ്ധ റമദാനിന്റെ അവസാന വെള്ളിയാഴ്ച്ചയായ നാളെക്കുള്ള ആ പവിത്രമായ ദിനത്തിന്റെ കാത്തിരിപ്പിലാണ് വിശ്വാസികള്‍ . നരകമോചനത്തിന്റെ പത്തെന്നാണ് അവസാന പത്ത് അറിയപ്പെടുന്നത് .

ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദര്‍ പ്രതീക്ഷിക്കുന്നതുള്‍പെടെ റമദാനിലെ ഏറ്റവും സുപ്രധാന ദിനങ്ങളുള്ളത് അവസാനത്തെ പത്തിലാണ്. അതുകൊണ്ടുതന്നെ മസ്ജിദുകളിലേക്ക് വിശ്വാസികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്.

ആദ്യ പത്തില്‍ അല്ലാഹുവിന്റെ കാരുണ്യ വര്‍ഷം ഏറ്റുവാങ്ങിയ വിശ്വാസികള്‍ പാപമോചനത്തിനായി കേഴുകയായിരുന്നു രണ്ടാമത്തെ പത്തില്‍ ‍. ഉപവാസത്തിലും ഉപാസനയിലും സ്ഫുടംചെയ്തെടുത്ത മനസുമായാണ് നരക മോചനത്തിനായി തേടുന്നത്.

അവസാനത്തെ പത്തിലേക്ക് കടന്നതോടെ രാപ്പകല്‍ ഭേദമന്യെ നമസ്കാരത്തിലും അനുബന്ധ പ്രാര്‍ഥനകളിലും മുഴുകി പള്ളികളില്‍ പ്രാര്‍ത്ഥനക്കിരിക്കുന്നവരുടെയും എണ്ണം വര്‍ധിച്ചു.റമദാന്‍ മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥനയായ “അല്ലാഹുമ്മ അ ഇത്ത്ഖിനി മിനന്നാര്‍ , വ അദ് ഹില്‍നല്‍ ജന്നത്ത യാ റബ്ബല്‍ ആലമീന്‍ ” എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍ .“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”എന്നാണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.കൂടുതല്‍ നേരം നമസ്കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും അനുബന്ധ കര്‍മങ്ങളില്‍ ഏര്‍പെട്ടും റമദാന്റെ ദിനരാത്രിങ്ങളെ ഭക്തിസാന്ദ്രമാക്കുകയാണ് വിശ്വാസികള്‍ .

1 comment:

Unknown said...

റമദാന്‍ മൂന്നാമത്തെ പത്തിലെ പ്രാര്‍ത്ഥനയായ “അല്ലാഹുമ്മ അ ഇത്ത്ഖിനി മിനന്നാര്‍ , വ അദ് ഹില്‍നല്‍ ജന്നത്ത യാ റബ്ബല്‍ ആലമീന്‍ ” എന്ന പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍ .“സര്‍വ്വ ലോക രക്ഷിതാവേ, എന്നെ നരകത്തില്‍ നിന്ന് മോചിപ്പിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കേണമേ.”എന്നാണ് ഈ പ്രാര്‍ത്ഥനയുടെ അര്‍ത്ഥം.