Sunday, September 12, 2010

2022 ലെ ലോകകപ്പ് ബിഡ്: ഫിഫ ഖത്തറില്‍ എത്തും


ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കാന്‍ ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) പരിശോധക സംഘം ഈ മാസം 14 മുതല്‍ 16 വരെ ഖത്തറില്‍ പര്യടനം നടത്തും. ലോകകപ്പ് നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഖത്തറിലുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് സംഘം എത്തുന്നത്.

ലോകകപ്പിന്റെ ആതിഥേയത്വം തങ്ങള്‍ക്ക് ലഭിക്കുന്നതിന് ഖത്തര്‍ ബിഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ മുന്നൊരുക്കങ്ങളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. ഖത്തറിന്റെ ബിഡിന് വിവിധ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനും ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്‌റ്റേഡിയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് സമഗ്രമായ കര്‍മപദ്ധതികള്‍ക്കും രാജ്യം രൂപം നല്‍കിയിട്ടുണ്ട്.

ഖത്തറിനൊപ്പം ബിഡ് സമര്‍പ്പിച്ച മിക്ക രാജ്യങ്ങളിലും ഫിഫ സംഘം ഇതിനകം പരിശോധന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിനാണ് ഫിഫ 2022ലെ ലോകകപ്പിന്റെ വേദി പ്രഖ്യാപിക്കുന്നത്.
ഇതിനിടെ, സൗദിയിലെ പ്രമുഖ കായിക സംഘടനകളുടെ തലവന്‍മാര്‍ ഖത്തര്‍ ബിഡിന് കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചു.

സൗദി യൂത്ത് വെല്‍ഫെയര്‍ പ്രസിഡന്റ് ജനറലും അറബ് നാഷനല്‍ ഒളിമ്പിക് കമ്മിറ്റികളുടെ യൂണിയന്റെ പ്രസിഡന്റും അറബ്, സൗദി ഫുട്ബാള്‍ യൂണിയന്റെ പ്രസിഡന്റുമായ സൗദി രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍അസീസും യൂത്ത് വെല്‍ഫെയര്‍ ഡെപ്യൂട്ടി പ്രസിഡന്റ് ജനറലും അറബ് നാഷനല്‍ ഒളിമ്പിക് കമ്മിറ്റികളുടെ യൂണിയന്റെ വൈസ് പ്രസിഡന്റും അറബ്, സൗദി ഫുട്ബാള്‍ യൂണിയന്‍ വൈസ് പ്രസിഡന്റുമായ നവാഫ് ബിന്‍ ഫൈസല്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസുമാണ് ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചത്.

ലോകകപ്പ് ഫുട്ബാള്‍ വിജയകരമായി സംഘടിപ്പിക്കാനുള്ള ശേഷിയും സൗകര്യങ്ങളും ഖത്തറിനുണ്ടെന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വിവിധ ദേശീയ, അന്തര്‍ദേശീയ കായിക മല്‍സരങ്ങള്‍ വിജയകരമായി നടത്തിയ ഖത്തറിന്റെ അനുഭവസമ്പത്ത് ഇതിന് മുതല്‍ക്കൂട്ടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

1 comment:

Unknown said...

2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കാന്‍ ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ (ഫിഫ) പരിശോധക സംഘം ഈ മാസം 14 മുതല്‍ 16 വരെ ഖത്തറില്‍ പര്യടനം നടത്തും. ലോകകപ്പ് നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഖത്തറിലുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് സംഘം എത്തുന്നത്.