Friday, October 1, 2010

65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് : മലയാളികളുടെ പ്രതിഛായ മോശമാക്കുന്നു.


ദോഹ: ഖത്തറിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് തട്ടിപ്പിനെ തുടര്‍ന്ന് മലയാളികളുടെ പ്രതിഛായ മോശമാക്കുന്നു.അടിക്കടിയുണ്ടാവുന്ന ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് മലയാളികള്‍ അടങ്ങുന്ന സംഘമാണ്. രാജ്യത്തെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 50 ദശലക്ഷം റിയാലിന്റെ (ഏകദേശം 65 കോടി രൂപയുടെ) തട്ടിപ്പാണ് മലയാളികളുടെ നേതൃത്വത്തിലൂള്ള ലിമിറ്റെഡ് ലയബിലിറ്റി കമ്പനിയായ 'ഫ്ളുമിംഗ് ഇന്റര്‍നാഷണല്‍ ‘ എന്ന സ്ഥാപനം നടത്തിയതെന്നാണ് ഇന്നലെ തട്ടിപ്പിനിരയായ വിവിധ സ്ഥാപനങ്ങള്‍ വെളിപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നത്.

തട്ടിപ്പിന്റെ വ്യാപ്തി ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. വെറും മൂന്നു മാസങ്ങള്‍കൊണ്ടാണ് ഈ സ്ഥാപനം കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയത്. പല സ്ഥാപനങ്ങള്‍ക്കും ലക്ഷങ്ങളുടെ തുകയാണ് നഷ്ടപ്പെട്ടത്. ഐ സി സിയില്‍ തട്ടിപ്പിന്നിരയായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തുകര്‍ക്കു മുമ്പില്‍ തങ്ങളുടെ നഷ്ടങ്ങളുടെ കണക്കുകള്‍ തെളിവു സഹിതം ഹാജരാക്കി. തട്ടിപ്പിനിരയായ സ്ഥാപനങ്ങളില്‍ മിക്കവയും മലയാളികളുടേതാണ്. കൂടാതെ ഖത്തറിയുടേയും പാകിസ്താന്‍കാരന്റേയും സ്ഥാപനങ്ങളും ഉണ്ട്.

ഈ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങിയ ചരക്കുകള്‍ യു എ ഇ യിലേക്കാണ് കടത്തിയിരിക്കുന്നതെന്ന് പണം നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ദോഹയിലെ പി എക്സ് എല്‍ എന്ന കാര്‍ഗോ സ്ഥാപനം മുഖേനെയാണ് 25 ട്രെയിലറുകളിലായി ചരക്കുകള്‍ യു എ ഇയിലേക്ക് കടത്തിയിരിക്കുന്നത്. കാര്‍ഗോ സ്ഥാപനത്തിനും ഇവര്‍ പണം നല്‍കിയിട്ടില്ല. ഇതില്‍ മൂന്നു ട്രെയിലര്‍ ചരക്കുകള്‍ ദുബൈയിലെ ദേരയിലുള്ള ഹുസൈഫ ട്രേഡിംഗ് കമ്പനിക്ക് മറിച്ചു വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനം ചരക്കുകള്‍ക്ക് പണം നല്‍കിയതായി ബന്ധപ്പെട്ടപ്പവര്‍ അറിയിച്ചു. തട്ടിപ്പു നടത്തി ചരക്കുകള്‍ ദുബൈയിലേക്ക് കടത്തിയ വിവരം ദുബൈയിലും ഇതര എമിറേറ്റുകളിലും ഉള്ള തങ്ങളുടെ പരിചയ വൃത്തങ്ങളിലെല്ലാം അറിയിച്ചതായി തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

കൊല്ലം ജില്ലയിലെ പാരിപ്പള്ളി സ്വദേശി ഹബീബ് അബ്ദുല്‍ഖാദറാണ് വിദഗ്ദമായ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ഇയാളുടെ പാസ്പോര്‍ട്ടിലെ വിലാസമനുസരിച്ച് പാരിപ്പള്ളിയിലെ സഫാ ഹോസ്പിറ്റലിനടുത്തുള്ള ഖാദര്‍ മന്‍സിലിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാളോടൊപ്പം സഞ്ജീവ്, ആഷിഖ് എന്നു വിളിക്കുന്ന ഖമറുദ്ദീന്‍ എന്നിവരും തട്ടിപ്പിന് നേതൃത്വം നല്കി. ഖത്തറിയായ സ്പോണ്‍സറേയും ഈ സംഘം വഞ്ചിച്ചതായാണ് അറിയുന്നത്. മലയാളിയായ റഫീഖ് എന്നയാളാണ് ഈ തട്ടിപ്പു സംഘത്തെ സ്പോണ്‍സര്‍ക്ക് പരിചയപ്പെടുത്തിയതെന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തട്ടിപ്പു നടത്തിയ ചരക്കുകള്‍ ഖത്തറില്‍ നിന്ന് കടത്തി കഴിഞ്ഞ ശനിയാഴ്ചയോടെ സംഘം ഖത്തറില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു. ഇതിനു മുമ്പ് ജീവനക്കാരെയെല്ലാം ഒഴിവാക്കിയിരുന്നു.

വിസിറ്റ് വിസയിലെത്തി ‘ഫ്ളുമിംഗ് ഇന്റര്‍നാഷണല്‍ ‘ രൂപീകരിച്ച ശേഷം വളരെ ആസൂത്രിതമായ രീതിയിലാണ് സംഘം തട്ടിപ്പു നടത്തിയത്. വളരെ കൃത്യവും വിശ്വാസയോഗ്യവുമായ എല്ലാ രേഖകളും കാണിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ദോഹ സിറ്റി സെന്ററിനടുത്ത് ആഡംബര സൌകര്യങ്ങളുള്ള വലിയ ഓഫീസും റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകക്കെടുത്ത ആഡംബര വാഹനങ്ങളുമായാണ് ഇവര്‍ ഓപ്പറേഷനിറങ്ങിയത്. ഫിലിപ്പിന്‍സില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള ചില സ്ത്രീകളേയും ഇവരുടെ ആധുനിക ഓഫിസുകളില്‍ ജോലിക്ക് നിയോഗിച്ചിരുന്നു. പിന്നീട് രാജ്യത്തെ പ്രമുഖ ബില്‍ഡിംഗ് മെറ്റീരീയല്‍സ് സ്ഥാപനങ്ങളെ സമീപിച്ച് വന്‍ തുകക്കുള്ള ക്വട്ടേഷന്‍ വാങ്ങി സാധനം സ്പ്ളൈ ചെയ്യാനുള്ള ഓര്‍ഡര്‍ നല്‍കി.

ഇന്‍ഡസ്ട്രിയില്‍ ഏരിയയിലുള്ള വന്‍ ഗോഡൌണില്‍ സാധനങ്ങള്‍ ഡെലിവെറി ചെയ്ത ഉടനെ തന്നെ പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ഇഷ്യു ചെയ്തിരുന്നു. ഈ ഗോഡൌണില്‍ ക്യു നിന്നാണ് തട്ടിപ്പിനിരയായ സ്ഥാപനങ്ങള്‍ ഡെലിവെറി നടത്തിയിരുന്നത്. ഇതിനിടക്ക് തങ്ങളുടെ ഓഫീസ് ഐ ബി ക്യു ബില്‍ഡിംഗിലേക്ക് ഇവര്‍ മാറ്റി. ഇക്കാര്യവും ഇവര്‍ തങ്ങളുടെ 'ഉപഭോക്താക്കളെ' അറിയിക്കുകയും ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. പിന്നീട് തങ്ങള്‍ ബ്രസീലില്‍ നിന്ന് വന്‍തോതില്‍ മേന്മയേറിയ പ്ളൈവുഡ് ഇറക്കുന്നുണ്ടെന്നും വന്‍ കമ്മീഷന്‍ ലഭിക്കുന്ന ഇവ ലാഭകരമായി ഖത്തറില്‍ വില്‍ക്കാമെന്നും അറിയിച്ചു. 15 കണ്ടൈനറുകള്‍ പുറപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച കമ്പനി എല്ലാവര്‍ക്കും സാമ്പിള്‍ പ്ളൈവുഡുകള്‍ നല്‍കുകകയും ചെയ്തു. ഇത് തട്ടിപ്പിനെ കുറിച്ച് സംശയം ജനിപ്പിക്കാതിരിക്കാനുള്ള ഒരു അടവായിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഗോഡൌണില്‍ ശേഖരിച്ച ചരക്കുകള്‍ ട്രെയിലറുകളില്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ഇക്കാര്യം അന്വേഷിച്ചപ്പോള്‍ ബ്രസീലില്‍ നിന്ന് വരുന്ന പ്ളൈവുഡ് സൂക്ഷിക്കാനാണ് ഇവ മാറ്റുന്നതെന്നാണ് ഇവരുടെ ആള്‍ക്കാര്‍ അറിയിച്ചിരുന്നത്.

തങ്ങളുടെ പരാതി പോലീസില്‍ സമര്‍പ്പിച്ച ഇവര്‍ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സിനേയും ഇന്ത്യന്‍ എംബസിയേയും സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ഖത്തറിലെ നിയമങ്ങള്‍ക്ക് അനുസൃതമായി ബിസിനസ് നടത്തുന്ന തങ്ങളെ പോലുള്ളവര്‍ക്ക് പുറത്തു നിന്നു ഒരാള്‍ വന്ന് തട്ടിപ്പു നടത്തി മുങ്ങാന്‍ കഴിയുന്നത് തടയാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നീക്കങ്ങള്‍ നടത്തേണ്ടസമയം അതിക്രമിച്ചുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തറിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ബിസിനസ് തട്ടിപ്പിനെ തുടര്‍ന്ന് മലയാളികളുടെ പ്രതിഛായ മോശമാക്കുന്നു.അടിക്കടിയുണ്ടാവുന്ന ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത് മലയാളികള്‍ അടങ്ങുന്ന സംഘമാണ്. രാജ്യത്തെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 50 ദശലക്ഷം റിയാലിന്റെ (ഏകദേശം 65 കോടി രൂപയുടെ) തട്ടിപ്പാണ് മലയാളികളുടെ നേതൃത്വത്തിലൂള്ള ലിമിറ്റെഡ് ലയബിലിറ്റി കമ്പനിയായ 'ഫ്ളുമിംഗ് ഇന്റര്‍നാഷണല്‍ ‘ എന്ന സ്ഥാപനം നടത്തിയതെന്നാണ് ഇന്നലെ തട്ടിപ്പിനിരയായ വിവിധ സ്ഥാപനങ്ങള്‍ വെളിപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നത്.