Sunday, January 2, 2011

സൗജന്യ വൃക്കമാറ്റല്‍ ശസ്ത്രക്രിയാസൗകര്യമൊരുക്കി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ശ്രദ്ധേയമാകുന്നു


ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കു സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു സൗകര്യം ഒരുക്കിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) അവയവമാറ്റ കമ്മിറ്റി മേധാവി ഡോ.യൂസഫ് അല്‍ മസ്ലമാനി അറിയിച്ചു. മാറ്റി വയ്ക്കുന്നതിന് അനുയോജ്യമായ വൃക്ക ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയാറായിട്ടുള്ളവര്‍ക്കാണു സൌകര്യം ലഭ്യമാക്കുക. അവയവ ദാനത്തിനു തയാറാകുന്നവരെ ഖത്തറില്‍ എത്തിക്കുന്നതിനുള്ള ചെലവും കോര്‍പറേഷന്‍ വഹിക്കും.

ഈ മാസം ആദ്യത്തെ കണക്കുപ്രകാരം 180 രോഗികള്‍ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു കാത്തിരിക്കുന്നതായും അഞ്ഞൂറോളം പേര്‍ ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഒന്‍പതുപേര്‍ക്കു വൃക്കമാറ്റ ശസ്ത്രക്രിയ നടത്തി. പ്രതിവര്‍ഷം വിദേശരാജ്യങ്ങളില്‍ നിന്നുള്ള 12 രോഗികള്‍ക്കു സൗജന്യവൃക്കമാറ്റശസ്ത്രക്രിയ നടത്തുന്ന പദ്ധതിയും കോര്‍പറേഷന്‍ നടപ്പാക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള രോഗിക്കും അവയവദാതാവിനും യാത്രാച്ചെലവ് അടക്കമുള്ള എല്ലാ ചികില്‍സാ ചെലവും കോര്‍പറേഷനാണ്‌ വഹിക്കുക.

പദ്ധതി പ്രകാരം കഴിഞ്ഞ ആഴ്ച സുഡാനില്‍ നിന്നുള്ള രോഗിക്കു സൌജന്യവൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. രോഗിയുടെ സഹോദരനാണ് വൃക്ക ദാനം ചെയ്തത്. വൃക്കദാനത്തിനു തയാറുള്ളവര്‍ക്കു കോര്‍പറേഷന്‍ ഓഫിസിലെത്തി പേര് റജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

1 comment:

Unknown said...

ഖത്തറിലെ പ്രവാസികള്‍ക്കു സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു സൗകര്യം ഒരുക്കിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) അവയവമാറ്റ കമ്മിറ്റി മേധാവി ഡോ.യൂസഫ് അല്‍ മസ്ലമാനി അറിയിച്ചു. മാറ്റി വയ്ക്കുന്നതിന് അനുയോജ്യമായ വൃക്ക ദാനം ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയാറായിട്ടുള്ളവര്‍ക്കാണു സൌകര്യം ലഭ്യമാക്കുക. അവയവ ദാനത്തിനു തയാറാകുന്നവരെ ഖത്തറില്‍ എത്തിക്കുന്നതിനുള്ള ചെലവും കോര്‍പറേഷന്‍ വഹിക്കും.