Thursday, May 15, 2014

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി ഉടന്‍

ദോഹ : സ്പോണ്‍സര്‍ഷിപ് നിയമം എടുത്തു കളയുന്നതുള്‍പ്പെടെ ഖത്തറിലെ തൊഴില്‍ നിയമങ്ങളില്‍ സമഗ്രമാറ്റത്തിനു മന്ത്രിസഭയുടെ ശുപാര്‍ശ.

സ്പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ രണ്ടു വര്‍ഷത്തേക്കു ഖത്തറില്‍ ജോലി ചെയ്യുന്നതിനുള്ള വിലക്ക് ഒഴിവാക്കുക.

രാജ്യം വിട്ടു പോകുന്നതിനുള്ള എക്സിറ്റ് പെര്‍മിറ്റിനുള്ള അധികാരം സ്പോണ്‍സറില്‍നിന്ന് ആഭ്യന്തര മന്ത്രാലയത്തിലേക്കു മാറ്റുക തുടങ്ങിയവയാണു മറ്റു പ്രധാന നിര്‍ദേശങ്ങള്‍.

1.ഖത്തറില്‍ നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കും

നിലവിലുളള സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിന് പകരം കരാര്‍ സമ്പ്രദായമാണ് നടപ്പിലാക്കുക.

ഇതനുസരിച്ച് തൊഴിലാളിയും സ്പോണ്‍സറും തമ്മിലുളള തൊഴില്‍ കരാറില്‍ ഉള്ള കാലാവധി പൂര്‍ത്തിയായാല്‍ തൊഴിലാളികള്‍ക്ക് മറ്റ് കമ്പനിയിലേക്കോ സ്പോണ്‍സര്‍മാരുടെ കീഴിലേക്കോ ജോലി മാറാം.ഇതിന് നിലവിലുളള സ്പോണ്‍സറില്‍ നിന്ന് രേഖകളൊന്നും ആവശ്യമില്ല.

തൊഴില്‍ കാലവധി വ്യക്തമാക്കാത്ത കരാറാണെങ്കില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ തൊഴിലാളിക്ക് ജോലി മാറാമെന്നും പുതിയ നിയമം അനുവദിക്കുന്നു. ശൂറ കൗണ്‍സിലും ചേംബര്‍ ഓഫ് കൊമേഴ്സും കരട് രൂപം പരിശോധിച്ച ശേഷമാണ് നിയമം നടപ്പില്‍വരുത്തുക.

2.എക്സിറ്റ് സ്വയം അപേക്ഷിക്കാം.

എക്സിറ്റ് പെര്‍മിറ്റ് നല്‍കാനുളള അധികാരം സ്പോണ്‍സര്‍മാരില്‍ നിന്ന് എടുത്തുമാറ്റുകയും പകരം ആഭ്യന്തര മന്ത്രാലയത്തിലെ മെട്രാഷ് ടു സംവിധാനം വഴി രാജ്യത്ത് നിന്ന് പുറത്തുപോകാനുളള എക്സിറ്റ് പെര്‍മിറ്റിന് നേരിട്ട് ലഭിക്കും. അപേക്ഷകന്‍െറ പേരില്‍ കേസുകളും മറ്റും ഇല്ളെന്ന് ഉറപ്പുവരുത്തി 72 മണിക്കൂറിനകം എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ അപേക്ഷിച്ച ഉടന്‍തന്നെ എക്സിറ്റ് പെര്‍മിറ്റ് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

3. പാസ്പോര്‍ട്ട് പിടിച്ചുവെച്ചാല്‍ 50,000 റിയാല്‍ പിഴ

അനധികൃതമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം വെക്കുന്നതിനുള്ള പിഴ 10,000 റിയാലില്‍ നിന്ന് 50,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

4.ശമ്പളം ബാങ്ക് വഴി

മുഴുവന്‍ തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കും, തമാസ സൗകര്യത്തിന് നിശ്ചിത നിലവാരം നിശ്ചയിക്കും, വൈകി ശമ്പളം നല്‍കുന്ന സ്ഥപനങ്ങള്‍ക്കെതിരെ കടുത്ത പിഴ ഉള്‍പ്പെടെയുളള ശിക്ഷ നല്‍കും തുടങ്ങിയവയും വീണ്ടും പ്രഖ്യപിച്ചു.

5. 300 പരിശേധകര്‍

ഇത്തരം കാര്യങ്ങള്‍ ഉറപ്പുവരുത്താനായി തൊഴില്‍ മന്ത്രാലയത്തിന് കീഴില്‍ 300 പരിശോധകരെ നിയമിക്കും. ഇവര്‍ക്ക് ജുഡീഷ്യല്‍ അധികാരം ഉണ്ടായിരിക്കുമെന്നും ഈ വര്‍ഷം അവസാനപ്പോടെ നിയമനം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

6.പഴയ കരാറുകള്‍ക്ക് ഒരു വര്‍ഷം വരെ കലാവധി

പുതിയ പരിഷ്കാരങ്ങള്‍ ഉള്‍ക്കൊളളുന്ന തൊഴില്‍ കരാറിന്‍െറ മാതൃക ഉടന്‍ വിതരണം ചെയ്യും.നിലവിലുളള കരാറുകള്‍ക്ക് ഒരു വര്‍ഷത്തെ കാലവധി കൂടി ഉണ്ടായിരിക്കുമെന്നും ഒരു വര്‍ഷം കൊണ്ട് പുതിയ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലുളള കരാര്‍ ന നടപ്പിലാക്കണമെന്നും കമ്പനികളോട് ആവശ്യപ്പെടും.

7. ട്രേഡ് യൂനിയനുകള്‍ അനുവദിക്കുന്നു.

രാജ്യത്ത് ട്രേഡ് യൂനിയനുകള്‍ അനുവദിക്കുതിനെ പറ്റി പഠനം നടക്കുകയാണെന്നും ചോദ്യത്തിന് മറുപടിയായി അധികൃതര്‍ വ്യക്തമാക്കി.ഗാര്‍ഹിക തൊഴിലാളികളുള്‍പ്പെടെ എല്ലാവരും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥതമായിരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി ഉടന്‍