Sunday, September 18, 2016

വാഹനത്തിരക്ക്ഒഴിവാക്കാൻ സുരക്ഷിതമായി ഡ്രൈവിങ് ചെയ്യുക



ദോഹ: രാജ്യത്തെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ വാഹനസഞ്ചാരികള്‍ പ്രതിരോധത്തിലൂന്നിയ സുരക്ഷിതമായ ഡ്രൈവിങ് സ്വീകരിക്കണമെന്ന് ഗതാഗതവിദഗ്ധര്‍.മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും സ്‌കൂള്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ചിലര്‍ സ്വകാര്യ കാറുകളിലും മറ്റ് ചിലര്‍ ടാക്‌സികളേയും ആശ്രയിച്ചാണ് സ്‌കൂളിലെത്തുന്നത്.

ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതത്തിരക്ക് വര്‍ധിക്കും. റോഡ് നിര്‍മാണങ്ങളും മറ്റും നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കിനും കാരണമാകും. സ്ഥിതിഗതികള്‍ക്കനുസരിച്ചാകണം പൊതുജനങ്ങള്‍ തയ്യാറാകേണ്ടതെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു. , റോഡിന്റെ അവസ്ഥ, മോശം കാലാവസ്ഥ തുടങ്ങിയവ മൂലമുള്ള ഏറ്റുമുട്ടലുകള്‍ക്കെതിരെ സ്വയം പ്രതിരോധിക്കുന്ന തരത്തിലാവണം ഡ്രൈവിങ്.

സുരക്ഷിതവും കാര്യക്ഷമവുമായ ബസ് സര്‍വീസ് നടത്തുന്നതിനായി പുതിയ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ബസ്സിലെ സൗകര്യങ്ങള്‍ പരിശോധിക്കുകയും വേണമെന്ന് മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ക്കായി 2,036 അത്യാധുനിക സജ്ജീകരണങ്ങളുള്ള ബസ്സുകളാണ് വിദ്യാഭ്യാസമന്ത്രാലയം ഇത്തവണ നല്‍കിയിരിക്കുന്നത്.

കുട്ടികള്‍ ഉള്‍പ്പെടെ വാഹനത്തിലെ എല്ലാ യാത്രികരും സീറ്റ് ബല്‍റ്റ് ധരിക്കാന്‍ മറക്കരുതെന്ന് ഗതാഗത വിദഗ്ധന്‍ ഓര്‍മിപ്പിച്ചു. വാഹനം ഓടിക്കുമ്പോള്‍ ക്ഷമാശീലരും ശാന്തരുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അലക്ഷ്യമായി, അക്രമാസക്തമായി വാഹനം ഓടിക്കുന്നത് വലിയ ദുരന്തത്തിനിടയാക്കും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുക, ഫേസ്ബുക്ക് നോക്കുക, സന്ദേശം അയക്കുക ഇവയെല്ലാം അപകടത്തിന് കാരണമാകും.

വാഹനത്തില്‍ ടി.വി. കാണുക, ഭക്ഷണം കഴിക്കുക ഇവയെല്ലാം പരമാവധി ഒഴിവാക്കണം. തിരക്കേറിയ സമയങ്ങളില്‍ ബ്രേക്ക് തകരാര്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ വാഹനം യാത്രയ്ക്ക് ഉചിതമായ തരത്തില്‍ പരിപാലിക്കണം. എന്‍ജിന്‍, ടയറുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുകയും യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും വേണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

സുരക്ഷിതമായ ഡ്രൈവിങ്ങിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ വായിക്കാം:-

1. സീറ്റ് ബല്‍റ്റ് ധരിക്കുക

2. ശ്രദ്ധയോടെ വാഹനം ഓടിക്കുക.

3. തിരക്ക് ഒഴിവാക്കാന്‍ ഓഫീസിലേക്ക് അല്‍പം നേരത്തേ ഇറങ്ങുക

4. ഓഫീസിലേക്കെത്താന്‍ ഒന്നോ രണ്ടോ ഇതര റോഡുകള്‍ തിരഞ്ഞെടുക്കുക

5. അപ്രതീക്ഷിതമായവ അഭിമുഖീകരിക്കാന്‍ മുന്‍കൂട്ടി തയ്യാറാകുക

6. അമിതവേഗം ഒഴിവാക്കുക

7. നിങ്ങള്‍ ചിന്തിക്കുന്നതുപോലെ മറ്റ് ഡ്രൈവര്‍മാര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാതിരിക്കുക

8. റോഡിലെ മറ്റ് വാഹനസഞ്ചാരികളെയും കാല്‍നടയാത്രക്കാരെയും ബഹുമാനിക്കുക

8. നിര്‍മാണമേഖലകളിലും വ്യത്യസ്തമായ കാലാവസ്ഥകളിലും സഞ്ചരിക്കുമ്പോള്‍ പ്രത്യേകശ്രദ്ധ ചെലുത്തുക.

10. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക.

11. മറ്റ് വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കുക.

12. തെറ്റായ രീതിയില്‍ വാഹനങ്ങളെ മറികടക്കരുത്

13. ഗതാഗത നിയമങ്ങള്‍ പാലിച്ച് ശ്രദ്ധയോടെ വാഹനം ഓടിക്കുക

14. പ്രതിരോധത്തിലൂന്നിയ ഡ്രൈവിങ് മറ്റ് ഡ്രൈവര്‍മാര്‍മൂലമുള്ള അപകടങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സഹായിക്കും

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാഹനത്തിരക്ക്ഒഴിവാക്കാൻ സുരക്ഷിതമായി ഡ്രൈവിങ് ചെയ്യുക