Thursday, September 29, 2016

മരുഭൂമിയില്‍ കൂടാരങ്ങളൊരുക്കി ഖത്തർ


ദോഹ : ഖത്തര്‍ വേദിയാകുന്ന ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്നവര്‍ക്കായി മരുഭൂമിയില്‍ ഖൈമ ഒരുക്കാനുള്ള നടപടികളുമായി സുപ്രീം കമ്മറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി.

അല്‍ വക്റക്ക് സമീപമുള്ള സീലൈന്‍ ബീച്ച് റിസോര്‍ട്ടിന് അടുത്തായാണ് കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നത്. മണല്‍ കൂനയുടെയും കടലിന്റെയും മാതൃകയിലാണ് ഇവയുടെ രൂപകല്പന. ലോകകപ്പിന് മുമ്പായി പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു ഗുണനിലവാരം ഉറപ്പുവരുത്താനാണ് പദ്ധതി.

350 താത്കാലിക ടെന്റുകളും 300 സ്ഥിരം ടെന്റുകളുമാണ് ഉണ്ടാക്കുക. രണ്ടായിരം കാണികള്‍ക്ക് താമസിക്കാനുതകുന്ന തരത്തില്‍ മൂന്നു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ടെന്റുകള്‍ നിര്‍മ്മിക്കുന്നത്. ലോകകപ്പിന് ശേഷവും ഖൈമകളുടെയും സ്ഥലത്തിന്റെയും ഉപയോഗ സാധ്യതകളും ആലോചിക്കുന്നുണ്ട്.

അറബ് പൈതൃകം, സംസ്‌കാരം, ഖത്തറിന്റെയും മിഡിലീസ്റ്റിന്റെയും ചരിത്രം, മണല്‍ക്കുന്ന്, സമുദ്രം തുടങ്ങിയ ആശയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് തമ്പുകള്‍ നിര്‍മ്മിക്കുക. മത്സരങ്ങള്‍ കാണുന്നതിനുള്ള വലിയ സ്‌ക്രീനുകളും ഷോപ്പുകളും, ആരോഗ്യ കേന്ദ്രങ്ങളും ഇവിടെ സജ്ജീകരിക്കും.

ഏതു സാമ്പത്തിക ശേഷിക്കാര്‍ക്കും യോജിച്ച രീതിയിലാണ് ക്യാമ്പുകള്‍ ഒരുക്കുക. 60000 റൂമുകള്‍ ഒഫിഷ്യലുകള്‍ക്കും, കളി കാണാനെത്തുന്ന ആസ്വാധകര്‍ക്കുമായി ഒരുക്കണമെന്നാണ് ഫിഫയുടെ നിയം.

നിലവില്‍ 20000 ഹോട്ടല്‍ റൂമുകളും അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഉള്ളത്. ബാക്കിയുള്ളവക്കായി വന്‍തോതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തര്‍ വേദിയാകുന്ന ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്നവര്‍ക്കായി മരുഭൂമിയില്‍ ഖൈമ ഒരുക്കാനുള്ള നടപടികളുമായി സുപ്രീം കമ്മറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി.