Thursday, April 20, 2017

ഖത്തറിന്റെ ആകാശത്ത് ശനിയാഴ്ച ‘ഉല്‍ക്കമഴ’!.



ദോഹ: വാനനിരീക്ഷകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കി ശനിയാഴ്ച ഖത്തറിന്റെ ആകാശത്ത് ഉല്‍ക്ക വര്‍ഷിക്കുന്നത് കാണാം. ജനുവരിക്കു ശേഷം ഇതാദ്യമായാണ് ഖത്തറില്‍ ഉല്‍ക്ക വര്‍ഷിക്കുന്നത്.

ഒരേ കേന്ദ്രത്തില്‍നിന്ന് ഒട്ടനവധി ഉല്‍ക്കകള്‍ മിന്നിമറയുന്ന വിസ്മയകാഴ്ചയാണ് ശനിയാഴ്ച രാത്രി നടക്കുന്നത്. ഒരേ കേന്ദ്രത്തില്‍നിന്നാണെങ്കിലും ആകാശത്തുടനീളം ഇവയെ കാണാം.

ഏപ്രില്‍ പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയില്‍ ഉല്‍ക്കാവര്‍ഷം കാണാമെങ്കിലും ഏറ്റവും ശക്തമായി ഉല്‍ക്ക പതിക്കുന്നത് ഏപ്രില്‍ 22-നാണ്. പുലര്‍ച്ചെയ്ക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളിലാണ് ഉല്‍ക്ക പതിക്കുക.

ടെലസ്‌കോപ്പില്ലാതെ നഗ്നനേത്രങ്ങള്‍കൊണ്ട് ദര്‍ശിക്കാമെങ്കിലും പ്രകാശത്തില്‍നിന്ന് അകലം പാലിക്കണം. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെവരെയുള്ള സമയത്ത് ഉല്‍ക്കപതിക്കുന്നത് കാണാം.

മണിക്കൂറില്‍ പത്തുമുതല്‍ ഇരുപതുവരെയും ചിലപ്പോള്‍ നൂറുവരെയും ഉല്‍ക്കകള്‍ വേഗത്തില്‍ മിന്നിമറയുന്നത് കാണാം. ഇവ ഭൂമിയിലേക്ക് കുത്തനെയാണ് വീഴുക.

ഭൗമോപരിതലത്തില്‍ എത്തുന്നതിന് മുമ്പേതന്നെ ഇവ വിഭജിക്കപ്പെടും. കണ്ണുചിമ്മുന്ന വേഗത്തിലാണ് ഇവ പതിക്കുന്നത്. ചന്ദ്രന്‍ അര്‍ധാകൃതിയിലായതിനാല്‍ നന്നായി ഉല്‍ക്കകളെ കാണാന്‍ കഴിയും. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഫോട്ടോയെടുക്കാനും കഴിയും.

No comments: