Saturday, June 7, 2008

ദോഹ ഏഷ്യന്‍ സമ്മേളനം ഒമ്പതിന്

ദോഹ: 'അഴിമതിമുക്ത ഏഷ്യ' എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്റഗ്രിറ്റി ആന്‍ഡ് ട്രാന്‍സ്‌പെറെന്‍സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഴിമതിവിരുദ്ധ ഏഷ്യന്‍ സമ്മേളനം ജൂണ്‍ ഒമ്പതുമുതല്‍ 11 വരെ ദോഹാ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും.

അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഗവണ്‍മെന്റിനും വ്യവസായങ്ങള്‍ക്കും എന്തു തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന് സമ്മേളനം വിലയിരുത്തും. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

സമൂഹത്തില്‍ നിന്ന് അഴിമതിയും സ്വജനപക്ഷപാതവും തുടച്ചു നീക്കേണ്ടതിന്റെ ആവശ്യം ഖത്തറിന് ബോധ്യപ്പെട്ടതായി അഴിമതിവിരുദ്ധ ദേശീയ സമിതി സെക്രട്ടറി ജനറല്‍ ഇബ്രാഹിം അല്‍സാദ പത്രസമ്മേളനത്തില്‍ അറിയിച്ചു.

''അഴിമതിക്കെതിരെയുള്ള ആഗോള നേതാവാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള സഹകരണവും പിന്തുണയും തന്ത്രങ്ങളും ആവിഷ്‌കരിക്കാനാണ് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഞങ്ങള്‍ ദോഹയിലേക്ക് സ്വാഗതം ചെയ്യുന്നത്''-അദ്ദേഹം പറഞ്ഞു.

അഴിമതി വിരുദ്ധ അന്താരാഷ്ട്ര യു.എന്‍. കണ്‍വെന്‍ഷനില്‍ അംഗത്വം നേടാന്‍ കഴിഞ്ഞവര്‍ഷമാണ് ഖത്തര്‍ ഈ സമിതിക്ക് രൂപംനല്‍കിയത്. എല്ലാ സമൂഹങ്ങള്‍ക്കിടയിലും ഈചിന്താഗതി വളര്‍ത്തിയെടുത്ത് സമൂഹത്തെ ശുദ്ധീകരിക്കാന്‍ ഖത്തര്‍ എല്ലാവിധ പങ്കാളിത്തവും വഹിക്കുമെന്നദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെ അഴിമതിക്കെതിരെ ജനങ്ങളെ മാറ്റിയെടുക്കാനുള്ള ബോധവത്കരണ പരിപാടികള്‍ക്ക് രൂപം നല്‍കിവരുന്നതായി അല്‍സാദ പറഞ്ഞു.

ദേശീയ സമിതി ചെയര്‍മാന്‍ സാലാ അല്‍അലി, സമിതി അംഗങ്ങളായ അബ്ദുള്‍ അസീസ് സുല്‍ത്താന്‍ അല്‍ മാല്‍ക്കി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

'അഴിമതിമുക്ത ഏഷ്യ' എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്റഗ്രിറ്റി ആന്‍ഡ് ട്രാന്‍സ്‌പെറെന്‍സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അഴിമതിവിരുദ്ധ ഏഷ്യന്‍ സമ്മേളനം ജൂണ്‍ ഒമ്പതുമുതല്‍ 11 വരെ ദോഹാ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും.