Wednesday, December 24, 2008

ദോഹയില്‍ ബാങ്കുകള്‍ വായ്പകള്‍ക്ക് നിയന്ത്രണം

ദോഹ:ആഗോള സാമ്പത്തിക മാന്ദ്യം റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തിയതോടെ ദോഹയിലെ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു.

വിദേശികള്‍ക്ക് ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ വായ്പകളിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്. തിരിച്ചടക്കാന്‍ കഴിയുമെന്ന് രേഖാമൂലം തെളിവുകള്‍ നല്‍കുന്നവര്‍ക്ക് മാത്രമാണിനി വായ്പകള്‍ നല്‍കുക.

25,000 ഖത്തര്‍ റിയാലില്‍ കൂടുതല്‍ പ്രതിമാസ ശമ്പളമുള്ളവര്‍ക്കേ വായ്പകള്‍ നല്‍കുകയുള്ളൂവെന്ന് ദോഹയിലെ ഒരു പ്രമുഖ ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്.

വ്യക്തിഗത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയുമെന്നതിന്റെ ഔദ്യോഗിക രേഖകളും സമര്‍പ്പിക്കണം. മറ്റൊരു ബാങ്ക് പ്രതിമാസം 15,000 റിയാലില്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്കേ വായ്പകള്‍ നല്‍കുകയുള്ളൂവെന്നാണ് തീരുമാനിച്ചത്. കുറഞ്ഞത് മൂന്ന് വര്‍ഷമായി ഖത്തറിലുള്ളയാളായിരിക്കണമെന്നും നിബന്ധനയുണ്ട്.

മറ്റുചില പ്രാദേശിക ബാങ്കുകളും വായ്പകള്‍ നല്‍കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പുനഃപരിശോധിച്ചുവരികയാണ്. എന്നാല്‍ ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക ബാങ്ക് നിലവിലുള്ള നയത്തില്‍ മാറ്റം വരുത്താനുദ്ദേശിക്കുന്നില്ലെന്നാണറിയിച്ചത്.
തങ്ങളുടെ നയം മറ്റ് ബാങ്കുകളില്‍നിന്നും നേരത്തേതന്നെ വ്യത്യസ്തമായിരുന്നു. ഉപഭോക്താക്കളുടെ സൗകര്യവും താത്പര്യവും പരിഗണിച്ചു പ്രര്‍ത്തിക്കുന്നവരാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

വിദേശികള്‍ ലോണിന് അപേക്ഷിച്ചാല്‍ വായ്പകള്‍ എങ്ങിനെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് വളരെയധികം സൂക്ഷ്മനിരീക്ഷണം നടത്തിയശേഷമേ വായ്പകള്‍ അനുവദിക്കുന്നുള്ളൂ.

വ്യക്തിഗത വായ്പകളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് സാധാരണക്കാരായ തൊഴിലാളികള്‍ക്കേറെ ബുദ്ധിമുട്ടുകളുണ്ടാക്കും. നാട്ടിലെ അത്യാവശ്യങ്ങള്‍ നിര്‍വഹിക്കാനും വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിനും മക്കളുടെ ഉന്നത പഠനത്തിനുമൊക്കെ ബാങ്ക് വായ്പകള്‍ ആശ്രയിക്കുന്നവര്‍ക്കിത് പ്രതികൂലമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1 comment:

Unknown said...

ആഗോള സാമ്പത്തിക മാന്ദ്യം റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തിയതോടെ ദോഹയിലെ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു.

വിദേശികള്‍ക്ക് ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ വായ്പകളിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ്. തിരിച്ചടക്കാന്‍ കഴിയുമെന്ന് രേഖാമൂലം തെളിവുകള്‍ നല്‍കുന്നവര്‍ക്ക് മാത്രമാണിനി വായ്പകള്‍ നല്‍കുക.