Saturday, August 18, 2012

നാളെ ഈദുല്‍ഫിത്വര്‍

ദോഹ : അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ ഇന്നത്തോടെ നമ്മോട് വിടപറയുകയാണ്‌. നാളെ ഈദുല്‍ഫിത്വര്‍ . സൌദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ , ഖത്തര്‍ , യുഎഇ എന്നിവിടങ്ങളില്‍ പെരുന്നാള്‍ നാളെ (ഞായറാഴ്ച്ച) യാണെന്ന് അതത് രാജ്യങ്ങളിലെ മതകാര്യ വകുപ്പ് അറിയിച്ചു.

ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ഈ രാജ്യങ്ങളില്‍ വ്യാഴാഴ്ച റമദാൻ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച പെരുന്നാള്‍ ആയി പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഒരു ദിവസം വൈകി വ്രതാനുഷ്ഠാനം തുടങ്ങിയ ഒമാന്‍ ,ഇന്ത്യ എന്നിവിടങ്ങളില്‍ മാസപ്പിറവി കാണുന്നതിനനുസരിച്ചായിരിക്കും പെരുന്നാള്‍ തീരുമാനിക്കുക.

സത്യവിശ്വാസികള്‍ക്ക് സല്‍കര്‍മ്മങ്ങളുടെ വസന്തോത്സവമായ റമദാന്‍ മനുഷ്യ സമൂഹത്തിന്റെ അഞ്ചിലൊന്നു വരുന്ന മുസ്ലീങ്ങളുടെ ജീവിത ചിട്ടകളില്‍ മാറ്റം വരുത്തിയിരിക്കുന്നു.പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും.കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയമായിരുന്നു കഴിഞ്ഞ ഒരു മാസം .

ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്. ദൈവത്തിന്റെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്മ പകരുവാന്‍ ശ്രമിക്കുകയാണ് ഈ വ്രത കാലത്ത് വിശ്വാസികള്‍ ചെയ്തത്.

ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റമദാന്‍ വ്രതാനുഷ്ഠാനം. ആത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്.ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കാന് അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ വ്രതത്തിലൂടെ കഴിഞു.

റമദാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ നോമ്പുകാരന്‍ തന്നെ ചെലവിനും പോയിട്ട് ബാക്കിയുണ്ടെങ്കില്‍ 2.3 കിലോ അരിവീതം പാവങ്ങള്‍ക്ക് കൊടുക്കണം. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണിതിന്റെ ലക്ഷ്യം.

റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്മകള്‍ക്കെല്ലാം നാം കടപ്പെട്ടിരിക്കുന്നത് സര്‍വ്വശക്തനായ അള്ളാഹുവിനോടാണ്. പരമ കാരുണ്യവാനയ ദൈവം അവന്റെ ദാസന്മാരായ മനുഷ്യന്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഈ ഭൂലോകത്തില്‍ ഒരുക്കിയിട്ടുണ്ട്. അവയെ കണ്ടെത്തി നന്മയുടേയും ധര്‍മ്മത്തിന്റെയും പാത ഉപയോഗിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്.ഇത് ഓര്‍ത്തുകൊണ്ടായിരിക്കണം ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടത്.

ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്‌...

പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്‌ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തിലെ തക്‌ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌..

'ഈദുല്‍ഫിത്വറില്‍ തക്‌ബീര്‍ മുഴക്കേണ്ട സമയം, പെരുന്നാള്‍ രാവിന്‍റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌.തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്‌. വീടുകള്‍ , പള്ളികള്‍ , നടവഴികള്‍ ‍, അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ബീര്‍ മുഴക്കാം. സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌..

അല്ലാഹു അക്‌ബര്‍ ‍, അല്ലാഹു അക്‌ബര്‍ ‍, അല്ലാഹു അക്‌ബര്‍ ‍, ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്‌ബര്‍ .... നാനാഭാഗത്ത് നിന്ന് തക്‌ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി...

2 comments:

Muhammed Sageer Pandarathil said...

അനുഗ്രഹത്തിന്റെ പുണ്യകവാടങ്ങള്‍ തുറന്ന റമദാന്‍ ഇന്നത്തോടെ നമ്മോട് വിടപറയുകയാണ്‌. നാളെ ഈദുല്‍ഫിത്വര്‍ . സൌദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍ , ഖത്തര്‍ , യുഎഇ എന്നിവിടങ്ങളില്‍ പെരുന്നാള്‍ നാളെ (ഞായറാഴ്ച്ച) യാണെന്ന് അതത് രാജ്യങ്ങളിലെ മതകാര്യ വകുപ്പ് അറിയിച്ചു.

Areekkodan | അരീക്കോടന്‍ said...

ഈദാശംസകള്‍...(ബ്ലാക്കില്‍ വൈറ്റ് വായിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നു)