Monday, January 19, 2009

ദോഹയിലെ ഇസ്രായേലിന്റെ വാണിജ്യ കാര്യാലയം അടച്ചു

ദോഹ:ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്രായേലിന്റെ വാണിജ്യ കാര്യാലയം ഖത്തര്‍ അടച്ചുപൂട്ടി. വെള്ളിയാഴ്ച ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന ഗാസ അടിയന്തര ഉച്ചകോടിയിലെ തീരുമാനപ്രകാരമാണിത്. ഇസ്രായേലുമായുള്ള ബന്ധം മരവിപ്പിക്കാന്‍ ഖത്തറും മൌറിത്താനിയയും ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു. മൌറിത്താനിയക്ക് നയതന്ത്ര ബന്ധമാണുണ്ടായിരുന്നത്. ജൂതരാജ്യവുമായി നയതന്ത്ര ബന്ധമുള്ള മൂന്ന് അറബ് രാജ്യങ്ങളിലൊന്നായിരുന്നു മൌറിത്താനിയ.

ട്രേഡ് ഓഫീസ് മേധാവിയെ വിളിച്ചുവരുത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, അടച്ചുപൂട്ടാന്‍ കല്‍പിച്ചുള്ള ഉത്തരവ് ഇന്നലെ ഔദ്യോഗികമായി കൈമാറിയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥരോട് അടുത്ത ഞായറാഴ്ചക്കുമുമ്പ് ഖത്തര്‍ വിടാന്‍ കല്‍പിച്ചിട്ടുണ്ട്. തെല്‍അവീവിലെ ഖത്തറിന്റെ ഓഫീസിലെ ഖത്തരി ജീവനക്കാര്‍ ഒരാഴ്ചക്കകം മടങ്ങിവരണണമെന്നും ആവശ്യപ്പെട്ടതായി ഇസ്ലാം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ബന്ധമുള്ള ഏക ഗള്‍ഫ് രാജ്യമായിരുന്നു ഖത്തര്‍. അറബ് രാജ്യങ്ങള്‍ യോജിച്ച തീരുമാനമെടുക്കുന്നപക്ഷം ഈ ബന്ധം വിച്ഛേദിക്കാന്‍ ഖത്തര്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി ഉച്ചകോടിക്കുമുമ്പ് വ്യക്തമാക്കിയിരുന്നു. എല്ലാത്തരം ബന്ധവും അവസാനിപ്പിക്കണമെന്ന് ഉച്ചകോടിയില്‍ ശക്തമായ ആവശ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഖത്തര്‍ വ്യാപാര ബന്ധം മൌറിത്താനിയ നയതന്ത്ര ബന്ധനും നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

1996ലാണ് ഇസ്രായേല്‍ ദോഹയില്‍ വാണിജ്യ കാര്യാലയം തുറന്നത്. രണ്ട് നയതന്ത്ര പ്രതിനിധികളാണ് ഇത് നിയന്ത്രിച്ചിരുന്നത്. അതേസമയം, വ്യാപാര ബന്ധം ഭാവിയില്‍ പുനഃസ്ഥാപിക്കാന്‍ സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ ഓഫീസ് വീണ്ടും തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉച്ചകോടിയുടെ സമാപനത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇസ്രായേലിന്റെ വാണിജ്യ കാര്യാലയം ഖത്തര്‍ അടച്ചുപൂട്ടി. വെള്ളിയാഴ്ച ദോഹ ഷെറാട്ടന്‍ ഹോട്ടലില്‍ നടന്ന ഗാസ അടിയന്തര ഉച്ചകോടിയിലെ തീരുമാനപ്രകാരമാണിത്. ഇസ്രായേലുമായുള്ള ബന്ധം മരവിപ്പിക്കാന്‍ ഖത്തറും മൌറിത്താനിയയും ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു. മൌറിത്താനിയക്ക് നയതന്ത്ര ബന്ധമാണുണ്ടായിരുന്നത്. ജൂതരാജ്യവുമായി നയതന്ത്ര ബന്ധമുള്ള മൂന്ന് അറബ് രാജ്യങ്ങളിലൊന്നായിരുന്നു മൌറിത്താനിയ.

ട്രേഡ് ഓഫീസ് മേധാവിയെ വിളിച്ചുവരുത്തിയ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, അടച്ചുപൂട്ടാന്‍ കല്‍പിച്ചുള്ള ഉത്തരവ് ഇന്നലെ ഔദ്യോഗികമായി കൈമാറിയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥരോട് അടുത്ത ഞായറാഴ്ചക്കുമുമ്പ് ഖത്തര്‍ വിടാന്‍ കല്‍പിച്ചിട്ടുണ്ട്. തെല്‍അവീവിലെ ഖത്തറിന്റെ ഓഫീസിലെ ഖത്തരി ജീവനക്കാര്‍ ഒരാഴ്ചക്കകം മടങ്ങിവരണണമെന്നും ആവശ്യപ്പെട്ടതായി ഇസ്ലാം ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.