Wednesday, January 21, 2009

ഗള്‍ഫില്‍ ഓഹരിത്തകര്‍ച്ച

ദോഹ:ഗള്‍ഫിലെ മുന്‍നിര പെട്രോകെമിക്കല്‍ കമ്പനിയായ സൌദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ (സാബിക്) നാലാം പാദ ലാഭക്കണക്കുകള്‍ പ്രതീക്ഷിച്ചതിലും മോശമായതോടെ ഗള്‍ഫ് ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. സൌദി ഓഹരി വിപണി 4 % ഇടിഞ്ഞു. ഖത്തറും യു.എ.ഇയും നാലര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണു വ്യാപാരം അവസാനിപ്പിച്ചത്.

കുവൈത്ത് ഓഹരിവിപണി 2 % ഇടിഞ്ഞ് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലെത്തി. ഒമാന്‍ സൂചിക 6.29 % ഇടിഞ്ഞ് മൂന്നര വര്‍ഷത്തിടയിലെ ഏറ്റവും കുറഞ്ഞ തോതിലെത്തി. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 95 % ആണു സാബിക്കിന്റെ ലാഭത്തിലുള്ള ഇടിവ്. നഷ്ടം നേരിടാന്‍ വിവിധ പ്ലാന്റുകള്‍ അടച്ചിടുമെന്നും ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്നുമുള്ള കമ്പനിയുടെ പ്രഖ്യാപനം കൂടുതല്‍ ആശങ്ക പരത്തുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധിയും അതു മൂലമുള്ള എണ്ണ വിലയിടിവുമാണു കമ്പനികളുടെ വരുമാനത്തകര്‍ച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികമാന്ദ്യം എല്ലാ കമ്പനികളുടെയും വരുമാനത്തെ സാരമായി ബാധിച്ചിരിക്കുന്നുവെന്നാണു ബാങ്കുകളിലേക്കുള്ള പണമൊഴുക്കിന്റെ തോത് സൂചിപ്പിക്കുന്നതെന്നു ബഹ്റൈനിലെ സികോ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലെ അസറ്റ് മാനേജ്മെന്റ് വിഭാഗം തലവന്‍ ഷക്കീര്‍ സര്‍വാര്‍ അറിയിച്ചു.

കുവൈത്തില്‍ നടന്ന അറബ് സാമ്പത്തിക ഉച്ചകോടിയില്‍ അറബ് രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ വിവിധ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും സാമ്പത്തിക രംഗത്ത് അതിന്റെ പ്രതിഫലനം പ്രകടമല്ല. രണ്ടര ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം അറബ് രാജ്യങ്ങള്‍ക്കുണ്ടായതെന്നു കണക്കാക്കുന്നു. 60 ശതമാനത്തിലേറെ പദ്ധതികള്‍ ഉപേക്ഷിക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫിലെ മുന്‍നിര പെട്രോകെമിക്കല്‍ കമ്പനിയായ സൌദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ (സാബിക്) നാലാം പാദ ലാഭക്കണക്കുകള്‍ പ്രതീക്ഷിച്ചതിലും മോശമായതോടെ ഗള്‍ഫ് ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. സൌദി ഓഹരി വിപണി 4 % ഇടിഞ്ഞു. ഖത്തറും യു.എ.ഇയും നാലര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണു വ്യാപാരം അവസാനിപ്പിച്ചത്.