Tuesday, January 13, 2009

'സ്പോക്കണ്‍ അറബിക് ട്യൂട്ടര്‍' പ്രകാശനം ചെയ്തു



ദോഹ:ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പ്രാഥമികമായി അറബി സംസാരിക്കുവാന്‍ പഠിക്കണമെന്നും ജോലിയിലും സാമൂഹ്യ ജീവിതത്തിലും ഇത് ഏറെ സഹായകകരമാകുമെന്നും ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫണ്ട് പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ് അഭിപ്രായപ്പെട്ടു.

താജ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമാനുല്ല വടക്കാങ്ങരയുടെ ‘സ്പോക്കണ്‍ അറബിക് ട്യൂട്ടര്‍‘ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ട് മുമ്പ് ഖത്തറില്‍ ജോലിക്കായി എത്തിയപ്പോള്‍ ഭാഷാ പഠന കേന്ദ്രത്തില്‍ ചേര്‍ന്ന് ആറ് മാസത്തെ അറബിക് കോഴ്സ് പഠിക്കുകയാണ് താന്‍ ആദ്യം ചെയ്തതെന്നും കര്‍മരംഗങ്ങളിലും സ്വദേശികളുമായുള്ള വ്യക്തിബന്ധം സ്ഥാപിക്കുന്നതിലും ഈ പഠനം ഏറെ സഹായകകരമായെന്നും അദ്ദേഹം പറഞ്ഞു.

തിരക്ക് പിടിച്ച ആധുനിക മനുഷ്യന് അനായാസകരമായി അറബി സംസാര ഭാഷ പരിചയപ്പെടുത്തുന്ന കൃതിയാണ് സ്പോക്കണ്‍ അറബിക് ട്യൂട്ടറെന്നും ഭാഷാ പരിജ്ഞാനമോ പാരമ്പര്യമോ ഇല്ലാത്തവര്‍ക്കും ഭാഷാ പഠനത്തിനുള്ള വഴികാട്ടിയാകാന്‍ ഈ കൃതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യ പകരുക എന്നത് അതിമഹത്തരമായ കര്‍മമാണെന്നും ഈ രംഗത്ത് ശ്ലാഘനീയമാണ് അമാനുല്ലയുടെ ശ്രമമെന്നും ബിര്‍ള പബ്ളിക് സ്ക്കൂള്‍ ചെയര്‍മാന്‍ കൂടിയായ ഡോ.തോമസ് പറഞ്ഞു.

അറബി ഭാഷ പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് തന്റെ കൃതികളിലൂടെയും ക്ലാസുകളിലൂടെയും അമാനുല്ല ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ച് സംസാരിച്ച എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ പ്രസിഡണ്ട് കെ. പി. അബ്ദുല്‍ ഹമീദ് പറഞ്ഞു.

ലോകനാഗരികതക്ക് അമൂല്യ സംഭാവന അര്‍പ്പിച്ച അറബി ഭാഷാ സാഹിത്യം ഏതൊരു വായനക്കാരനും അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും അറബി ഭാഷയിലെ മികച്ച കൃതികള്‍ മലയാളത്തിലേക്കും ഇംഗ്ലീഷിലേക്കും ഭാഷാന്തരം ചെയ്യുവാനുളള ശ്രമങ്ങളുണ്ടാവണമെന്നും ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് കെ. എം. വര്‍ഗീസ് പറഞ്ഞു.

സെമിറ്റിക് വര്‍ഗത്തില്‍പ്പെട്ട ഭാഷകളില്‍ ഏറ്റവും ജീവസുറ്റതും മറ്റെല്ലാ ഭാഷകളുടേയും മാതൃത്വം അവകാശപ്പെടാന്‍ മാത്രം ധന്യമായ പാരമ്പര്യം നിലനിര്‍ത്തുകയും ചെയ്ത ഭാഷയാണ് അറബി ഭാഷയെന്നും അതിന്റെ പ്രാധാന്യവും പ്രസക്തിയും നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചു കൊണ്ടിരിക്കുകയാണെന്നും അമാനുല്ല പറഞ്ഞു.

വളരെ പുരാതനം കാലം തൊട്ടേ മതപരവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ കാരണം വ്യാപിക്കുകയും വിവിധ പ്രദേശങ്ങളിലെ ഭാഷകളേയും സംസ്ക്കാരത്തേയും ക്രിയാത്മകമായി സ്വാധീനിക്കുകയും ചെയ്ത അറബി ഭാഷാ സ്വാധീനം മലയാളത്തിലും മറ്റു ഇന്ത്യന്‍ ഭാഷകളിലും പ്രകടമാണ്. ആയിരക്കണക്കിന് അറബി പദങ്ങള്‍ മലയാളത്തില്‍ സാര്‍വത്രികമായി ഇന്നും ഉപയോഗിക്കുന്നുവെന്നത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്, അദ്ദേഹം പറഞ്ഞു.

പദങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ആശയത്തിലും അറബി പദങ്ങളോട് കിടപിടിക്കുന്ന പദങ്ങള്‍ മറ്റു ഭാഷകളില്‍ കണ്ടെത്തുക പ്രയാസമാണ്. ലോകാവസാനം വരേക്കുമുള്ള മനുഷ്യന് സന്‍മാര്‍ഗദീപമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ അറബി ഭാഷയിലായതിന് പിന്നിലും അപാരമായ യുക്തിയും കാരണങ്ങളുമുണ് ടെന്ന് ഖുര്‍ആന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക ഭാഷകളില്‍ പലതുകൊണ്ടും വ്യതിരക്തത പുലര്‍ത്തുന്ന അറബി ഭാഷക്ക് ആത്മീയവും ഭൌതികവുമായ പ്രാധാന്യമുണ്ടെന്നും നാലായിരത്തില്‍പരം വര്‍ഷം പഴക്കമുണ്ടായിട്ടും നൂറ്റി അന്‍പതോളം തലമുറകളായി ലക്ഷോപലക്ഷം തലമുറകള്‍ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ തനിമക്കോ മൌലികതക്കോ ലവലേശം പോലും പോറലേല്‍ക്കാത്ത ഏക ഭാഷയാണതെന്നത് ഈ ഭാഷയുടെ അനേകം സവിശേഷതകളില്‍ ചിലതുമാത്രമാണ്.

പന്ത്രണ്ട് കോടിയിലധികം ജനങ്ങള്‍ മാതൃഭാഷയായി ഉപയോഗിക്കുകയും മുപ്പതു കോടി ജനങ്ങള്‍ വായിച്ചു ഗ്രഹിക്കുകയും എണ്‍പത് കോടിയിലധികം ജനങ്ങള്‍ അര്‍ഥമറിഞ്ഞോ അറിയാതെയോ നിരന്തരമായി പാരായണം ചെയ്യുന്ന ഭാഷ എന്ന നിലക്കും അറബി ഭാഷ ഇതര ഭാഷകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. ഇതിനൊക്കെ പുറമേ പരിശൂദ്ധ ഖുര്‍ആനിന്റെ ഭാഷ എന്ന ആത്മീയാംശംകൂടി ചേരുമ്പോള്‍ അറബി ഭാഷയുടെ ശ്രേഷ്ടത വര്‍ദ്ദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഒലീവ് പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ദോഹയിലെ വിതരണം ഹറമൈന്‍ ലൈബ്രറിയാണ്.

അറബി ഭാഷയുമായി ബന്ധപ്പെട്ട് താന്‍ തയ്യാറാക്കിയ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍, ബിര്‍ള പബ്ളിക് സ്ക്കൂള്‍, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ലൈബ്രറികളിലേക്ക് ചടങ്ങില്‍ അമാനുല്ല സമര്‍പ്പിച്ചു. എം. ഇ. എസ്. ഇന്ത്യന്‍ സ്ക്കൂള്‍ പ്രസിഡണ്ട് കെ.പി. അബ്ദുല്‍ ഹമീദ്, ബിര്‍ള പബ്ളിക് സ്ക്കൂള്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ കലാവിഭാഗം സെക്രടറി സൈനുദ്ധീന്‍ വന്നേരി എന്നിവര്‍ പുസ്തകം സ്വീകരിച്ചു.

അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. എം, വി. ജോസഫ് സ്വാഗതവും അമാനുല്ല വടക്കാങ്ങര നന്ദിയും പറഞ്ഞു.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പ്രാഥമികമായി അറബി സംസാരിക്കുവാന്‍ പഠിക്കണമെന്നും ജോലിയിലും സാമൂഹ്യ ജീവിതത്തിലും ഇത് ഏറെ സഹായകകരമാകുമെന്നും ഖത്തറിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫണ്ട് പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസ് അഭിപ്രായപ്പെട്ടു.

Unknown said...

ആശംസകള്‍