Saturday, February 7, 2009

ഖത്തറില്‍ പണപ്പെരുപ്പം 13.16 ശതമാനമായി കുറഞ്ഞു

ദോഹ:വാടകവര്‍ധനയിലെ കുറവുമൂലം ഖത്തറില്‍ പണപ്പെരുപ്പം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നാലാം പാദത്തില്‍ പണപ്പെരുപ്പം 15.81 ശതമാനത്തില്‍നിന്ന് 13.16 ശതമാനമായാണ് കുറഞ്ഞത്.

വാടകവര്‍ധന പിടിച്ചുനിര്‍ത്താനായതാണ് ഇതിന് കാരണമെന്ന് ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. വാടകവര്‍ധനയാണ് പണപ്പെരുപ്പത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വാടകവര്‍ധനക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗവണ്‍മെന്റ് പുതിയ വാടകനിയമം കൊണ്ടുവന്നത്.

സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലുള്ള ബര്‍വ റിയല്‍ എസ്റ്റേറ്റ് കമ്പനി കുറഞ്ഞ വാടകനിരക്കില്‍ രണ്ടായിരത്തോളം വീടുകള്‍ നല്‍കുന്നതും ഈ ലക്ഷ്യംകൂടി മുന്നില്‍കണ്ടാണ്.

കഴിഞ്ഞവര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയ ഖത്തറില്‍ രണ്ടാംപാദത്തില്‍ ഇത് 16.59 ശതമാനമെന്ന റെക്കോര്‍ഡിലെത്തിയിരുന്നു.

വാടക, ഇന്ധനവര്‍ധന നിരക്ക് മൂന്നാം പാദത്തില്‍ 3.4 ശതമാനമായിരുന്നത് അവസാന മൂന്നു മാസത്തില്‍ 1.16 ശതമാനത്തിലേക്ക് താഴ്ന്നു. അന്തര്‍ദേശീയ വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞത് ഗള്‍ഫ് രാജ്യങ്ങളുടെ പണപ്പെരുപ്പ സമ്മര്‍ദം കുറക്കാനിടയാക്കി.

എണ്ണവില മൂന്നിലൊന്നായി കുറഞ്ഞ് വീപ്പക്ക് ഏകദേശം 40 ഡോളറിലേക്കാണ് ഇടിഞ്ഞത്.

വാടകവര്‍ധന സൂചിക 2008 അന്ത്യപാദത്തില്‍ 13.7 ശതമാനമായിരുന്നു. മൂന്നാം പാദത്തില്‍ ഇത് 18.9 ശതമാനവും രണ്ടാം പാദത്തില്‍ 24.4 ശതമാനവുമായിരുന്നു. മൊത്തം ഉപഭോക്തൃ വിലസൂചിക ഒരുവര്‍ഷംമുമ്പ് 159.34 പോയന്റായിരുന്നത് 2008 ഡിസംബര്‍ 31ന് അവസാനിച്ച വര്‍ഷത്തില്‍ 180.31 പോയന്റായി ഉയര്‍ന്നു.

പണപ്പെരുപ്പം കഴിഞ്ഞവര്‍ഷത്തെ 15.2 ശതമാനത്തില്‍നിന്ന് ഈവര്‍ഷം
8 ശതമാനമായി കുറയേണ്ടതാണെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, രാജ്യത്ത് പാര്‍പ്പിടവാടക ഈവര്‍ഷം പത്തു ശതമാനം കുറയുമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ഹൌസിന്റെ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെടുന്നു.

ദോഹ നഗരത്തിലും പുറത്തും പാര്‍പ്പിടസൌകര്യങ്ങള്‍ സുലഭമായതും ആഗോള സാമ്പത്തിക പ്രതിസന്ധിയുമാണ് വീട്ടുവാടക കുറയാന്‍ പ്രധാന കാരണങ്ങള്‍. ദോഹയില്‍ ധാരാളം അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

നിര്‍മാണം അവസാനഘട്ടത്തിലുള്ള കെട്ടിടങ്ങളും നിരവധിയാണ്. അടുത്തവര്‍ഷത്തോടെ 9000 പുതിയ അപ്പാര്‍ട്ട്മെന്റുകള്‍ താമസയോഗ്യമായിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മിസൈമീറിലും വെസ്റ്റ് സെയ്ലിയയിലുമായി ബര്‍വ നിര്‍മിച്ച വീടുകള്‍ പാര്‍പ്പിടയോഗ്യമാകുന്നതും വിപണിയെ സ്വാധീനിക്കും.

മിസൈമീറിലെ 990 വില്ലകളില്‍ താമസക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ വെസ്റ്റ് സെയ്ലിയയിലെ അപ്പാര്‍ട്ട്മെന്റുകളും പാര്‍പ്പിടയോഗ്യമാകും.

2002നും 2005നുമിടക്ക് വീട്ടുവാടക 22 ശതമാനം വര്‍ധിച്ചപ്പോള്‍ 2005 മുതല്‍ 2007 വരെയുള്ള കാലയളവില്‍ വര്‍ധന 154 ശതമാനമായിരുന്നു.

1 comment:

Unknown said...

വാടകവര്‍ധനയിലെ കുറവുമൂലം ഖത്തറില്‍ പണപ്പെരുപ്പം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നാലാം പാദത്തില്‍ പണപ്പെരുപ്പം 15.81 ശതമാനത്തില്‍നിന്ന് 13.16 ശതമാനമായാണ് കുറഞ്ഞത്.