Monday, February 23, 2009

ഗാസ പുനര്‍നിര്‍മാണം:200 കോടി യു.എസ് ഡോളറിന്റെ പദ്ധതി:ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ അതിയ്യ

ദോഹ:ഗാസ പുനര്‍നിര്‍മാണത്തിനായി 200 കോടി യു.എസ് ഡോളറിന്റെ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര ജി.സി.സി യോഗം തീരുമാനിച്ചതായി ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ അതിയ്യ അറീ‍ച്ചു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയുടെ പുനര്‍നിര്‍മാണത്തിന് അറബ് രാജ്യങ്ങള്‍ മേല്‍നോട്ടം വഹിക്കും.

ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര ജി.സി.സി യോഗം തീരുമാനിച്ചു.റിയാദിലായിരുന്നു യോഗം

ഗള്‍ഫ് സഹകരണ കൌണ്‍സില്‍ അംഗങ്ങളായ ആറ് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ധനമന്ത്രിമാരുമാണ് യോഗം ചേര്‍ന്നത്.

ഒമാന്‍ വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി യൂസുഫ് ബിന്‍ അലാവി ബിന്‍ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സൌദി വിദേശകാര്യ മന്ത്രി സൌദ് അല്‍ ഫൈസല്‍ രാജകുമാരന്‍, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ അതിയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് (ഐ.ഡി.ബി)യുമായി ചേര്‍ന്നാണ് ഗാസ പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുക. ഇതിനായി രൂപവത്കരിക്കുന്ന സമിതിക്ക് അറബ് രാജ്യങ്ങള്‍ നേതൃത്വം നല്‍കും. പൂര്‍ണമായും അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തിലായിരിക്കും പുനര്‍നിര്‍മാണം നടത്തുക. അതേസമയം, മറ്റേത് രാജ്യത്തിനും ഇതില്‍ പങ്കാളിയാകാവുന്നതാണ്. മാത്രമല്ല, പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന് ഗാസയില്‍ പ്രത്യേക ഓഫീസ് തുറക്കും. പദ്ധതി നടപ്പാക്കുന്നതിന് ഏറ്റവും ഫലപ്രദമായ രീതിയാണ് സ്വീകരിക്കുകയെന്ന് ജി.സി.സി എടുത്തുപറഞ്ഞു.

ഗാസ പുനര്‍നിര്‍മാണ പദ്ധതി തയാറാക്കുന്നതിനായി മാര്‍ച്ച് രണ്ടിന് ഈജിപ്തിലെ ശറമുശൈഖില്‍ ചേരുന്ന അന്തര്‍ദേശീയ സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ ജി.സി.സി യോഗം ചര്‍ച്ച ചെയ്തു. അറബ് രാജ്യങ്ങള്‍ക്കു പുറമെ വിവിധ അന്തര്‍ദേശീയ ഏജന്‍സികളുടെ പ്രതിനിധികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇവിടെ വെച്ചാണ് നടത്തുക. ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയിലെ ആയിരക്കണക്കിന് വീടുകളും സ്കൂളുകള്‍, പള്ളികള്‍ തുടങ്ങിയവയും മറ്റു കെട്ടിടങ്ങളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്.

ഇതിനായി 200 കോടി യു.എസ് ഡോളറിന്റെ പദ്ധതിയാണ് തയാറാക്കുക. ഏതൊക്കെ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മറ്റും ഈജിപ്ത് സമ്മേളനത്തില്‍ തീരുമാനിക്കും. ഇതിനുമുമ്പ്, ഈ മാസം 28ന് റിയാദിലെ ജി.സി.സി ആസ്ഥാനത്ത് പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. ഇസ്രായേല്‍ ഫലസ്തീനോട് കാണിക്കുന്ന ക്രൂരതയെ ഒരിക്കല്‍ കൂടി അപലപിച്ച ജി.സി.സി യോഗം, ഫലസ്തീന്‍ ജനതക്ക് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു പ്രധാന വിഷയമായി ഇറാന്‍-ബഹ്റൈന്‍ തര്‍ക്കവും യോഗത്തിന് മുമ്പാകെ വന്നു. ബഹ്റൈന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറാന്റെ ഭാഗമായിരുന്നുവെന്ന് ഇറാനിലെ ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗാസ പുനര്‍നിര്‍മാണത്തിനായി 200 കോടി യു.എസ് ഡോളറിന്റെ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര ജി.സി.സി യോഗം തീരുമാനിച്ചതായി ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ അതിയ്യ അറീ‍ച്ചു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ ഗാസയുടെ പുനര്‍നിര്‍മാണത്തിന് അറബ് രാജ്യങ്ങള്‍ മേല്‍നോട്ടം വഹിക്കും.