Tuesday, February 17, 2009

ലോക അച്ചടി മാധ്യമങ്ങളുടെ സമ്മേളനം ദോഹയില്‍

ദോഹ:ലോകത്തിലെ അച്ചടി മാധ്യമങ്ങളുടെ ഏറ്റവും വലിയ അന്താരാഷ്ട്രസമ്മേളനത്തിന് അടുത്തവര്‍ഷം ദോഹ വേദിയാവും.

പത്രാധിപന്മാരും പ്രസിദ്ധീകരണാലയങ്ങളും പങ്കെടുക്കുന്ന ഇത്തരത്തിലുള്ള സമ്മേളനം അറബ്‌ലോകത്താദ്യത്തേതായിരിക്കും.

63-ാമത് വേള്‍ഡ് ന്യൂസ് പേപ്പേഴ്‌സ് അസോസിയേഷന്‍ (വാന്‍) കോണ്‍ഗ്രസും പതിനേഴാമത് വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറവുമാണ് ദോഹയില്‍ നടക്കുക. 110 രാജ്യങ്ങളില്‍നിന്നും 1500ലധികം പത്രാധിപന്മാരും പ്രസിദ്ധീകരണാലയങ്ങളുടെ പ്രതിനിധികളും സീനിയര്‍ ന്യൂസ് എക്‌സിക്യൂട്ടീവ്മാരും സമ്മേളനത്തില്‍ പങ്കെടുക്കും.

അസോസിയേഷന്‍ പദ്ധതികളെക്കുറിച്ചും വേദി സംബന്ധിച്ചും തിയ്യതിസംബന്ധിച്ചുമുള്ള പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കിവരികയാണ്. ഈ മാസാവസാനം വീണ്ടും യോഗം ചേര്‍ന്ന് പരിപാടികളെക്കുറിച്ച് ചര്‍ച്ചനടത്തും. 2007ല്‍ സ്വീഡനിലെ ഗോഹബര്‍ഗിലാണ് സമ്മേളനം നടന്നത്. 2008 ലെ സമ്മേളനം ഡിസംബറില്‍ ഇന്ത്യയില്‍ ഹൈദരാബാദിലാണ് നടക്കുന്നത്.

1948ലാണ് വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് സ്ഥാപിച്ചത്. അഞ്ചുവന്‍കരകളില്‍നിന്നുള്ള 18,000 പ്രസിദ്ധീകരണങ്ങളെയാണ് ഈ സംഘടന പ്രതിനിധീകരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള 450 സീനിയര്‍ എഡിറ്റര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് വേള്‍ഡ് എഡിറ്റേഴ്‌സ് ഫോറം.

മാധ്യമസ്വാതന്ത്ര്യത്തിന്റെ കേന്ദ്രം ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ദോഹയില്‍ രൂപംകൊണ്ടത് -മീഡിയാ ഫ്രീഡം സെന്റര്‍. ലോകത്തിലെ പ്രയാസങ്ങളനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സഹായിക്കാനുള്ള സംഘടനയാണിത്.

ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫാ അല്‍ത്താനിയുടെ പത്‌നി ഷെയ്ഖാ മൗസ്സാബിന്‍ത് നാസ്സര്‍ അല്‍മിസ് നദിന്റെ രക്ഷാകര്‍തൃത്വത്തില്‍ രൂപംകൊണ്ട സംഘടന വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ലോകത്തിലെ അച്ചടി മാധ്യമങ്ങളുടെ ഏറ്റവും വലിയ അന്താരാഷ്ട്രസമ്മേളനത്തിന് അടുത്തവര്‍ഷം ദോഹ വേദിയാവും.

പത്രാധിപന്മാരും പ്രസിദ്ധീകരണാലയങ്ങളും പങ്കെടുക്കുന്ന ഇത്തരത്തിലുള്ള സമ്മേളനം അറബ്‌ലോകത്താദ്യത്തേതായിരിക്കും.