Thursday, March 12, 2009

ട്രാഫിക് വാരാചരണം മാര്‍ച്ച് 14ന് തുടക്കംകുറിക്കും



ദോഹ:വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെതിരായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അഞ്ചുദിവസത്തെ ട്രാഫിക് വാരാചരണത്തിന് മാര്‍ച്ച് 14ന് തുടക്കംകുറിക്കും.

സിവില്‍ ഡിഫന്‍സ് വകുപ്പിനടുത്തുള്ള വിശാലമായ ഗ്രൗണ്ടില്‍ ആഘോഷ പരിപാടികള്‍ പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസ്സിം അല്‍ഖുലൈഫി ഉദ്ഘാടനം ചെയ്യും. അപകടങ്ങള്‍ പെരുകുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ആഘോഷപരിപാടികളെന്ന് ട്രാഫിക് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖാര്‍ജി പത്രസമ്മേളനത്തില്‍ അറിയിച്ചു.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് വളരെ അപകടകരമാണെന്ന മുന്നറിയിപ്പാണ് ഇത്തവണത്തെ മുദ്രാവാക്യത്തിലൂടെ നല്‍കുന്നത്. മൊബൈല്‍ ഫോണില്‍ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ വഴിമാറി സെക്കന്‍ഡുകള്‍ക്കകം ഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നു. ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാനും റോഡപകടങ്ങളുടെ ദേശീയ പ്രചാരണ വിഭാഗം തലവനുമായ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മാല്‍ക്കി ചൂണ്ടിക്കാട്ടി.

ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി വര്‍ണശബളമായ കലാപരിപാടികളും ഒരുക്കുന്നുണ്ട്. മിലിട്ടറി പോലീസ് വിഭാഗം സംഘടിപ്പിക്കുന്ന ഒപ്പേര, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, പോലീസ് വകുപ്പിന്റെ അഭ്യാസപ്രകടനങ്ങള്‍, കമാന്‍ഡോ ഓപ്പറേഷന്‍ സംബന്ധിച്ച പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.

നാല്പത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായിരിക്കുമെന്ന് സംഘാടക സമിതിയുടെ ചുമതലയുള്ള ലഫ്റ്റനന്റ് കേണല്‍ റിയാദ് അഹമ്മദ് ട്രാഫിക്ക് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ അറിയിച്ചു.

സുരക്ഷാ ഡ്രൈവിങ് സംബന്ധമായ ബോധവത്കരണത്തിന് ഭാഷ പ്രധാന പ്രശ്‌നമാണെന്ന് അല്‍ മാല്‍ക്കി പറഞ്ഞു. വിവിധ രാജ്യക്കാരായ ജനങ്ങള്‍ക്ക് വിവിധ ഭാഷകളില്‍ ബോധവത്കരണം നടത്താന്‍ അതത് സമൂഹത്തിന്റെ നേതാക്കളെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ വിജയിക്കുന്നവര്‍ക്ക് 15 വിമാനട്ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേസ് സമ്മാനമായി നല്‍കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് വകുപ്പാണിത് സംഘടിപ്പിക്കുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനെതിരായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അഞ്ചുദിവസത്തെ ട്രാഫിക് വാരാചരണത്തിന് മാര്‍ച്ച് 14ന് തുടക്കംകുറിക്കും.