Sunday, March 1, 2009

ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തില്‍

ദോഹ:ഖത്തറില്‍ പുതിയ സമഗ്ര സ്പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തിലായി. വിദേശികളുടെ റെസിഡെന്‍സ് പെര്‍മിറ്റ്, രാജ്യം വിടാന്‍ നിര്‍ബന്ധമായ എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്), തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ മാറ്റം പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഇല്ല.

ഖത്തറിലേക്ക് വിദേശികളുടെ പ്രവേശനം, അവരുടെ താമസം, രാജ്യത്തിനു പുറത്തു പോകല്‍, സ്പോണ്‍സര്‍ഷിപ്പ് എന്നിവ സംബന്ധിച്ച സമഗ്രമായ നിയമം (2009 ലെ (4)നിയമം) വ്യാഴാഴ്ചയാണ് പ്രാബല്യത്തിലായത്. നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം മാസങ്ങള്‍ക്കു മുമ്പ് ലഭിച്ചിരുന്നു.

പുതിയ നിയമമനുസരിച്ച് വിദേശ തൊഴിലാളികള്‍ക്ക് പീഢനമോ രാജ്യത്തെ തൊഴില്‍ നിയമമനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചയോ കാണിക്കുന്ന സ്പോണ്‍സറില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് മാറ്റി നല്‍കാന്‍ ആഭ്യന്തരമന്ത്രിക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അധികാരമുണ്ടാവും.

തൊഴില്‍ മന്ത്രാലയത്തിന് ഇക്കാര്യം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടാന്‍ അനുവാദമുണ്ട്. റെസിഡന്‍സ് പെര്‍മിറ്റ് സ്റാമ്പു ചെയ്യല്‍ തുടങ്ങിയ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമേ വിദേശികളുടെ പാസ്പോര്‍ട്ട് മുതലായവ കൈവശം വെക്കാന്‍ സ്പോണ്‍സര്‍ക്ക് അനുവാദമുണ്ടാവുകയുള്ളു. ഇതല്ലാതെ പാസ്പോര്‍ട്ട് സ്പോണ്‍സര്‍ സൂക്ഷിക്കണമെങ്കില്‍ അക്കാര്യം രേഖാമൂലം വിദേശ തൊഴിലാളി അനുവാദം നല്‍കണം.

ഭാര്യ/ഭര്‍ത്താവ് ബിരുദധാരികളല്ലാത്ത ഇരുപത്തിയഞ്ചു വയസ്സുവരെയുള്ള ആണ്‍മക്കള്‍ അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവരെ എന്നിവരെ വിദേശികള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാനാവും.ഇതിനുള്ള ചട്ടങ്ങള്‍ ആഭ്യന്തരമന്ത്രി പിന്നീട് പുറപ്പെടുവിക്കും.

രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്ന ഏത് വിദേശിയേയും നാടുകടത്താനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കുണ്ട്. രാജ്യത്തു നിന്നു പുറത്താക്കിയ ആള്‍ക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ ആഭ്യന്തരമന്ത്രിയുടേയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റേയോ അനുമതി വേണം. നേരത്തെ രാജ്യത്തെ ഇഖാമ ഉണ്ടായിരുന്ന വിദേശിക്ക് വീണ്ടും രാജ്യത്ത് പ്രവേശിക്കണമെങ്കില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാവണം. തൊഴില്‍ നിയമത്തിലെ 61 ആം ആര്‍ടിക്കിളില്‍ പറയുന്ന കുറ്റങ്ങള്‍ ചെയ്തതിന് പുറത്താക്കുന്ന വിദേശിക്ക് നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമേ തിരിച്ച് ഖത്തറിലേക്ക് വിസ ലഭിക്കുകയുള്ളു.

ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തു താമസിച്ചാല്‍ റെസിഡെന്‍സ് പെര്‍മിറ്റ് റദ്ദാവും. എന്നാല്‍ ഇതിന് മുന്‍ കൂട്ടി വേണ്ട ഫീസൊടുക്കി അനുവാദം വാങ്ങുകയാണെങ്കില്‍ കൂടുതല്‍ കാലം രാജ്യത്തിന് പുറത്ത് കഴിയാന്‍ അനുവാദം ലഭിക്കും. റെസിഡെന്‍സ് പെര്‍മിറ്റ് മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറ്റുക, സ്പോണ്‍സറുടെ അടുത്തല്ലാതെ മറ്റൊരു സ്ഥലത്ത് ജോലി ചെയ്യാനുള്ള 6 മാസത്തെ അനുവാദം, പാര്‍ടൈം ജോലി എന്നിവയ്ക്ക് നിലവിലുള്ള സ്പോണ്‍സറുടെ അനുവാദത്തോടെ തൊഴില്‍ വകുപ്പിനെ സമീപിച്ചാല്‍ അനുവാദം ലഭിക്കും. ഇത് നിലവിലുള്ള വ്യവസ്ഥ തന്നെയാണ്.

തന്റെ സ്പോണ്‍സര്‍ഷിപ്പിനു കീഴിലുള്ള വിദേശി മരിക്കുകയാണെങ്കില്‍ മൃതദേഹസംസ്കരണം, അയാളുടെ സ്വന്തം രാജ്യത്തേക്ക് കൊണ്ടു പോവുക എന്നിവയുടെ ചിലവുകള്‍ സ്പോണ്‍സര്‍ വഹിക്കണം. നിയമാനുസരണം നല്‍കേണ്ട തുകയില്‍ കൂടതല്‍ നല്‍കാന്‍ സ്പോണ്‍സര്‍ക്ക് ബാധ്യതയില്ല.

തന്റെ കീഴിലുള്ള തൊഴിലാളിയെ അയാളുടെ രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള ചിലവ് വഹിക്കേണ്ടത് സ്പോണ്‍സറാണ്. സ്പോണ്‍സര്‍ സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ അയാളുടെ ശമ്പളത്തില്‍ നിന്ന് ഈ തുക ഈടാക്കാന്‍ ആഭ്യന്തരവകുപ്പിന് അധികാരമുണ്ടാവും.

ഖുറൂജിന് സ്പോണ്‍സറുടേയോ അയാള്‍ ചുമതലപ്പെടുത്തുന്ന ആളിന്റേയോ ഒപ്പ് ആവശ്യമാണ്. ഇത് രണ്ടും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം മറ്റോരാള്‍ക്ക് ഏല്‍ക്കാവുന്നതാണ്. ഇയാള്‍ ബന്ധപ്പെട്ട വകുപ്പില്‍ നേരിട്ട് ഹാദരായി ഖുറൂജിനുളള അപേക്ഷയില്‍ ഒപ്പിടേണ്ടതാണ്. ഖത്തറി വനിതയ്ക്ക് അവരുടെ വിദേശിയായ ഭര്‍ത്താവിനേയും കുട്ടികളേയും സ്പോണ്‍സര്‍ ചെയ്യാം.

ഖത്തറില്‍ റിയല്‍ എസ്റേറ്റ് രംഗത്തും മറ്റും നിക്ഷേപം നടത്തുന്ന വിദേശിക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും സ്പോണ്‍സറെ കൂടാതെ തന്നെ അഞ്ചു വര്‍ഷ കാലാവധിയുള്ള റെസിഡെന്‍സ് പെര്‍മിറ്റ് ലഭിക്കും. ഇത് ഇതേ കാലയളവിലേക്ക് വീണ്ടും പുതുക്കാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള രണ്ടു നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യം ദീര്‍ഘനാളായി ചര്‍ച്ച ചെയ്യപ്പെട്ടു വരികയാണ്. സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് 1963 ലെ നിയമവും ഇതിനു അനുബന്ധമായി പുറപ്പെടുവിച്ച 1983 ലേയും 1984 ലേയും 1998 ലെ ഉത്തരവും 2006 ലെ നിയമവുമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്.

ഇത് കൂടുതല്‍ ഉദാരവത്കരിക്കണമെന്ന് രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പഴയ നിയമങ്ങള്‍ റദ്ദാക്കി പുതിയ നിയമം പ്രാബല്യത്തിലായിരിക്കുന്നത്. നിയമം സംബന്ധിച്ച് ഇതുവരെ പുറത്തുവന്നിരുന്ന പല വാര്‍ത്തകളും ഇതോടെ ഇല്ലാതായി.

1 comment:

Unknown said...

ഖത്തറില്‍ പുതിയ സമഗ്ര സ്പോണ്‍സര്‍ഷിപ്പ് നിയമം പ്രാബല്യത്തിലായി. വിദേശികളുടെ റെസിഡെന്‍സ് പെര്‍മിറ്റ്, രാജ്യം വിടാന്‍ നിര്‍ബന്ധമായ എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്), തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ മാറ്റം പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ഇല്ല.