Thursday, April 9, 2009

വിദേശികളുടെ വൈദ്യ പരിശോധന ഖത്തറില്‍ കര്‍ശനമാക്കുന്നു

ദോഹ:ഖത്തറില്‍ ജോലി ചെയ്യാനെത്തുന്ന വിദേശികള്‍ക്ക് വൈദ്യ പരിശോധന കര്‍ശനമാക്കുന്നു. സ്വദേശത്ത് നിന്ന് വിശദമായ പരിശോധനയില്‍ ആരോഗ്യപരമായ തകരാറുകളില്ലെന്ന് ഉറപ്പുവരുത്തുന്നവരെ ഖത്തറിലെത്തി വീണ്ടും ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി മാത്രമെ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും തീയ്യതി തീരുമാനമായില്ലെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വൈദ്യപരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ള പരിശോധനാ ഫലം അതാതു രാഷ്ട്രങ്ങളിലെ ഖത്തര്‍ എംബസി, കോണ്‍സുലേറ്റ് എന്നിവ അറ്റസ്റ് ചെയ്യുകയും വേണം. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ എന്നീ ഏഷ്യന്‍ രാഷ്ട്രങ്ങളിലും സുഡാന്‍, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കാണ് വൈദ്യ പരിശോധന നിര്‍ബന്ധമെന്ന് ആരോഗ്യ വകുപ്പ് അസിസ്റന്റ് മിനിസ്റര്‍ ഡോ അഹ്മദ് നാജി അറിയിച്ചു.

ഖത്തറിലെത്തുന്ന വിദേശിയരുടെ വൈദ്യ പരിശോധനയില്‍ ചേര്‍ച്ചയില്ലാതെ വരുന്നവരുടെ എണ്ണം അനുദിനം പെരുകുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. 2004-ല്‍ 1808 എന്നതായിരുന്നു വൈദ്യപരിശോധനയില്‍ തകരാറ് കണ്ടെത്തിയവരുടെ കണക്ക്.

2005-ല്‍ 2799, 2006-3779, 2007-4789, 2008-7938 എന്നിങ്ങനെ ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ വൈദ്യപരിശോധനയില്‍ ചേര്‍ച്ചയില്ലാത്തവര്‍ പെരുകിവരികയായിരുന്നു. പല മാറാ രോഗങ്ങളുള്ളവരും ഇതിലുള്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഖത്തറില്‍ ഏറെ പ്രയാസങ്ങളുണ്ടാക്കുന്നുണ്ട്. അവിദഗ്ദ്ധ തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തിരിച്ചുപോകേണ്ടി വന്നവര്‍. വീട്ടുജോലിക്കാര്‍, നിര്‍മ്മാണ മേഖലയിലുള്‍പ്പെടെ പണിയെടുക്കാനെത്തുന്നവര്‍ എന്നിവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്നും ഡോ നാജി വിശദീകരിച്ചു.

ഏഴു രാഷ്ട്രങ്ങളിലായി മൊത്തം 194 പരിശോധനാ കേന്ദ്രങ്ങള്‍ക്കാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയതെന്ന് അതിര്‍ത്തി, പാസ്പോര്‍ട്ട്, പ്രവാസി കാര്യ ജനറല്‍ ഡയരക്ടറേറ്റ് അസിസ്ററ്റന്റ് ഡയരക്ടര്‍ കേണല്‍ മുഹമ്മദ് അല്‍അതീഖ് അറിയിച്ചു. ഇന്ത്യയില്‍ 72 കേന്ദ്രങ്ങളാണ് പരിശോധനയ്ക്കായി അനുവദിച്ചിട്ടുള്ളത്.

പാക്കിസ്ഥാനില്‍ 22 കേന്ദ്രങ്ങളും ഫിലിപ്പീന്‍സില്‍ 19 കേന്ദ്രങ്ങളുമുണ്ട്. ശ്രീലങ്കയില്‍ 11 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ബംഗ്ളാദേശില്‍ 35 കേന്ദ്രങ്ങളുണ്ട്. നേപ്പാളില്‍ തലസ്ഥാനമായ കാഡ്മണ്ടുവിലെ അഞ്ചു കേന്ദ്രങ്ങളില്‍ മാത്രമെ പരിശോധന അനുവദിക്കുകയുള്ളൂ. ഇന്തോനേഷ്യയില്‍ 27, സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ 3, ഈജിപ്തില്‍ കൈറോ, അലക്സാണ്ടറിയ എന്നിവിടങ്ങളിലായി 9 പരിശോധനാ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപ്യയില്‍ ആറു കേന്ദ്രങ്ങളുണ്ട്.

ഇന്ത്യയിലെ കേരളത്തില്‍ പതിനാറ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കോഴിക്കോട്-5, കൊച്ചി-5, മഞ്ചേരി-2, തിരൂര്‍-1, തിരുവനന്തപുരം-3 എന്നിങ്ങനെണ് പരിശോധനാ കേന്ദ്രങ്ങളെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. ഖത്തര്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ അറ്റസ്റേഷന്‍ സംവിധാനം ജി സി സി രാഷ്ട്രങ്ങളുടെ തലസ്ഥാനമായ റിയാദില്‍ നിന്നു നിയന്ത്രിക്കാവുന്ന വിധത്തില്‍ നെറ്റ് വര്‍ക്ക് ശൃംഖല വരുന്നതു വരെ മതിയാവുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കേണല്‍ മുഹമ്മദ് അല്‍അതീഖ് പറഞ്ഞു. ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉപദേഷ്ടാവ് അഹ്മദ് സുലൈത്തിയും ദഫ്നയിലെ ആഭ്യന്തര മന്ത്രാലയം ഓഫീസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

കേരളത്തിലെ അംഗീകാരമുള്ള മെഡിക്കല്‍ സെന്ററുകള്‍

ഖത്തറിലേക്ക് താമസത്തിനും ജോലിക്കുമായി പുതുതായി വരുന്ന വിദേശികള്‍ക്ക് നിര്‍ബന്ധമായ വൈദ്യപരിശോധന നടത്താനായി കേരളത്തിലെ 16 മെഡിക്കല്‍ സെന്ററുകള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിലെ അതിര്‍ത്തി പാസ്പോര്‍ട്ട് പ്രവാസികാര്യ ഡയറക്ടറേറ്റ് അംഗീകാരം നല്‍കി. കോഴിക്കോട്ട് അഞ്ചും, കൊച്ചിയില്‍ അഞ്ചും, തിരുവനന്തപുരത്ത് മൂന്നും മഞ്ചേരിയില്‍ രണ്ടും തിരൂരില്‍ ഒന്നും സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരമുള്ളത്. ഈ കേന്ദ്രങ്ങളില്‍ നടത്തുന്ന വൈദ്യ പരിശോധനക്കു ശേഷം ലഭിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ന്യൂഡല്‍ഹിയിലെ ഖത്തര്‍ എംബസിയില്‍ നിന്നോ മുബൈയിലെ ഖത്തര്‍ കോണ്‍സലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നോ അറ്റസ്റ് ചെയ്യണം. കേരളത്തിലെ അംഗീകൃത കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ്.

കോഴിക്കോട്

ഡോ. കെ മൊയ്തു (വെസ്റേണ്‍ ഹോസ്പിറ്റല്‍ ആന്റ് നഴ്സിംഗ് ഹോം, മാവൂര്‍
ദി കാലികറ്റ് ഹോസ്പിറ്റല്‍ ആന്റ് നഴ്സിംഗ്ഹോം ,കോര്‍ട്ട് റോഡ്
ഡോ. എം എ കോയ, കോയാസ് ഹോസ്പിറ്റല്‍, ഫെറോക്ക്
ഡോ. മധുക്, അല്‍ശര്‍ഖ് ഡയഗണോസ്റിക് സെന്റര്‍, ചാലപ്പുറം
മണപ്പാട് ക്ളിനിക് ആന്റ് ഡയഗണോസ്റിക് സെന്റര്‍, മീഞ്ചന്ത

കൊച്ചി

ഡോ. കെപി മുഹമ്മദ് ബാബു, ഡോ. റഫീഖ് മുഹമ്മദ്, ഡോ.കുഞ്ഞാലൂസ് നഴ്സിംഗ് ഹോം, എറണാകുളം 11,
ഗുല്‍ഷന്‍ മെഡികെയര്‍, ബാനര്‍ജി റോഡ്, എറണാകുളം
ഡോ. റെജി മാത്യു, എം ജി റോഡ്, എറണാകുളം
ഡോ. അബ്ദുറഹ്മാന്‍, സെലിക മെഡിക്കല്‍ സെന്റര്‍, രവിപുരം, എറണാകുളം
ഡോ. മുഹമ്മദ് ഇസ്മായില്‍ ശംസി, മെഡ്ലൈന്‍ ഡയഗണോസ്റിക് സെന്റര്‍, മാര്‍ക്കറ്റ് റോഡ്, ഡയഗണോസ്റിക് സെന്റര്‍, എറണാകുളം

തിരുവനന്തപുരം

ഡോ. മെഹ്ബൂബ് നത്താനി, നത്താനീസ് ഡയഗണോസ്റിക് സെന്റര്‍, പട്ടം
അല്‍ഷിഫ ഡയഗണോസ്റിക് സെന്റര്‍, വള്ളക്കടവ് ഡോ. ഫിറോസ് ഖാന്‍, ഹെല്‍ത്ത് കെയര്‍ ഡയഗണോസ്റിക് സെന്റര്‍, മണക്കാട്

മഞ്ചേരി

ഡോ. അന്‍വര്‍ പി സി, ഇബ്നു സീന മെഡിക്കല്‍ സെന്റര്‍, മഞ്ചേരി
ഡോ. ടി എ അഹ്മദ് ശാഫി, അല്‍മദീന മെഡിക്കല്‍ സെന്റര്‍, മഞ്ചേരി

തിരൂര്‍

ഡോ. വി കെ കുട്ടി, അല്‍സലാമ ഡയഗണോസ്റിക് സെന്റര്‍, തലക്കടത്തൂര്‍, തിരൂര്‍

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറില്‍ ജോലി ചെയ്യാനെത്തുന്ന വിദേശികള്‍ക്ക് വൈദ്യ പരിശോധന കര്‍ശനമാക്കുന്നു. സ്വദേശത്ത് നിന്ന് വിശദമായ പരിശോധനയില്‍ ആരോഗ്യപരമായ തകരാറുകളില്ലെന്ന് ഉറപ്പുവരുത്തുന്നവരെ ഖത്തറിലെത്തി വീണ്ടും ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി മാത്രമെ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.