Friday, March 20, 2009

മുഹമ്മദ് നബി മനുഷ്യസമൂഹത്തിന്റെ സമ്പൂര്‍ണമാതൃക:ശിഹാബുദ്ദിന്‍ ഇബ്ന്‍ ഹംസ

ദോഹ:പ്രവാചകന്‍ മുഹമ്മദ് നബി കാലഘട്ടങ്ങള്‍ക്കതീതമായി മനുഷ്യസമൂഹത്തിന് സമ്പൂര്‍ണമാതൃകയാണെന്ന് യുവപണ്ഡിതനും കുറ്റിയാടി ഇസ്‌ലാമിയ്യ കോളേജ് അധ്യാപകനുമായ ശിഹാബുദ്ദിന്‍ ഇബ്ന്‍ ഹംസ അഭിപ്രായപ്പെട്ടു.

വ്യക്തിജീവിതത്തിന്റെ സ്വകാര്യത മുതല്‍ തന്റെ രാജ്യത്തിന്റെ അന്താരാഷ്ട്രബന്ധങ്ങള്‍ വരെ നിര്‍ണയിക്കുന്നതില്‍ മുഹമ്മദ് നബി സ്വീകരിച്ച നിലപാടുകള്‍ എന്നും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹിലാല്‍ യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശത്രുരാജ്യങ്ങള്‍ക്കുനേരെ ഉപരോധം ഏര്‍പ്പെടുത്തുന്ന ആധുനിക ഭരണാധികാരികള്‍ക്ക്, തന്നെ പുറത്താക്കിയ ഒരു സമൂഹം പട്ടിണിയിലാണെന്നറിഞ്ഞ് അവര്‍ക്ക് ഭക്ഷണം അയച്ചുകൊടുത്ത പ്രവാചകനില്‍നിന്നും ഏറെ പഠിക്കാനുണ്ട്.

മുഹമ്മദ് നബിയുടെ ജീവിതം മനസ്സിലാക്കുക എന്നതു വെറുമൊരു ചരിത്രപുരുഷന്റെ ജീവിതം മനസ്സിലാക്കുക എന്നത് മാത്രമല്ലെന്നുംമനുഷ്യന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാനങ്ങള്‍ പഠിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകസ്‌നേഹം സംസാരത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ലെന്നും പ്രവാചക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ് അതിന്റെ പ്രായോഗിക രൂപമെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയില്‍ ഐ.ഐ.എ. സൗത്ത് സോണ്‍ പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഒ.എസ്. അബ്ദുസ്സലാം സ്വാഗതവും സി. സാദിഖലി നന്ദിയും പറഞ്ഞു. നുസൈം അബ്ദുസ്സലാം ഖുര്‍ആന്‍ പാരായണവും നാദിര്‍ അബ്ദുസ്സലാം ഗാനാലാപനവും നടത്തി.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രവാചകന്‍ മുഹമ്മദ് നബി കാലഘട്ടങ്ങള്‍ക്കതീതമായി മനുഷ്യസമൂഹത്തിന് സമ്പൂര്‍ണമാതൃകയാണെന്ന് യുവപണ്ഡിതനും കുറ്റിയാടി ഇസ്‌ലാമിയ്യ കോളേജ് അധ്യാപകനുമായ ശിഹാബുദ്ദിന്‍ ഇബ്ന്‍ ഹംസ അഭിപ്രായപ്പെട്ടു.