Saturday, April 4, 2009

ഖത്തറിലെ തൊഴിലാളികളെകുറിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പഠനം നടത്തുന്നു

ദോഹ:മനുഷ്യവ്യാപാരം തടയുന്നതിനുവേണ്ടി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച് പഠനം നടത്തുന്നു.

ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന വിദേശതൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍, കുടുംബ പരിസ്ഥിതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനമാണ് നടത്തുന്നത്. വീടുകളില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍, ഹെല്‍പ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, പാചക വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ് സമിതി പഠനം നടത്തുക.

പ്രയാസങ്ങളും പീഡനങ്ങളുമനുഭവിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ നിരവധി പരാതികള്‍ എംബസികള്‍ക്കും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ സംരക്ഷണമെന്ന നിലയില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാനും കുടുംബാംഗങ്ങളെ ബോധവത്കരിക്കാനുമുള്ള ഒരു വിഭാഗത്തിന് ഖത്തറിലെ സംഘടന രൂപം നല്കിയത്.

പ്രസ്തുത തൊഴിലാളികള്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തുകൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനാണ് പരിപാടി.

വീട്ടുവേലക്കാരുടെയും വേലക്കാരികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരുന്നു. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കവയ്യാതെ ഒളിച്ചോടുന്നതും പീഡനങ്ങള്‍ക്കിരയായി ആസ്പത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നതുമെല്ലാം സാധാരണമാണ്. ഏറെയും സ്ത്രീത്തൊഴിലാളികളാണ് വേദനിപ്പിക്കുന്ന അനുഭവങ്ങളുമായി വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്.

മോശമായ പെരുമാറ്റമാണ് വീട്ടുവേലക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം. ഖത്തറില്‍ വീട്ടുവേലക്കാരികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ നിയമം ബാധകമല്ല.

അതുകൊണ്ടുതന്നെ ശമ്പളം കൃത്യമായി കിട്ടാത്തതിനും മറ്റും നിയമപരമായ ആനുകൂല്യം ലഭിക്കുകയില്ല. വീട്ടുവേലക്കാരികളുടെ പരാതികളുടെ ആധിക്യം അനിയന്ത്രിതമായപ്പോഴാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വീട്ടുജോലിക്കുള്ള വിസയ്ക്ക് അനുമതി നല്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചത്.

പിന്നീട് ഇതിനെതിരെ പരാതികളുയര്‍ന്നപ്പോഴാണ് വീണ്ടും അനുമതി നല്കിയത്.ഖത്തറിലെ ജനങ്ങളെ ബോധവത്കരിക്കാനും മനുഷ്യാവകാശത്തെക്കുറിച്ച് ബോധ്യപ്പെടുത്താനുമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ പരിപാടികളാവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മനുഷ്യവ്യാപാരം തടയുന്നതിനുവേണ്ടി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച് പഠനം നടത്തുന്നു.