ദോഹ: എല്‍കെജി വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ അഞ്ചു മണിക്കൂര്‍ കുടുങ്ങിയ സംഭവത്തില്‍ കോടതി ഇന്ത്യന്‍ ഡ്രൈവര്‍ക്കു രണ്ടുവര്‍ഷം തടവും 10,000 റിയാല്‍ പിഴയും (ഏകദേശം 1.20 ലക്ഷം രൂപ) സ്കൂളിന് അഞ്ചു ലക്ഷം റിയാല്‍ പിഴയും (ഏകദേശം 60 ലക്ഷം രൂപ) വിധിച്ചു. കുട്ടികള്‍ സ്കൂള്‍ ബസില്‍ കുടുങ്ങി മരണം വരെ സംഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണു സ്കൂള്‍ അധികൃതര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പായി ഖത്തര്‍ കോടതിയുടെ വിധി. ഇത്തരം സംഭവങ്ങളില്‍ ശിക്ഷ ലഭിക്കുന്ന രാജ്യത്തെ ആദ്യ കേസാണിത്.
2009 ഒക്ടോബര്‍ ഏഴിനാണ്, മൂന്നര വയസ്സുള്ള ട്യൂണീസിയന് ബാലിക സ്കൂള്‍ ബസില്‍ കുടുങ്ങിയത്. രാവിലെ ഏഴിനു സ്കൂളിലെത്തിയ ബസില്‍ നിന്ന് ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു കണ്ടെത്തുമ്പോഴേക്കും കുട്ടി അബോധാവസ്ഥയിലായിരുന്നു. ജോലിയിലെ വീഴ്ചയ്ക്കും അശ്രദ്ധയ്ക്കുമാണു ഡ്രൈവര്‍ക്കു ശിക്ഷ. വിദ്യാര്‍ഥികള്‍ കയറുന്നതും ഇറങ്ങുന്നതും ശ്രദ്ധിക്കാന്‍ ബസില്‍ സഹായിയെ നിയോഗിക്കാതിരുന്നതിനാണു സ്കൂള്‍ അധികൃതര്‍ക്കു പിഴ. സ്കൂള്‍ അധികൃതരും ഡ്രൈവറും ശ്രദ്ധിച്ചിരുന്നെങ്കില്‍ പ്രശ്നം ഒഴിവാക്കാമായിരുന്നുവെന്നും കോടതി വിലയിരുത്തി.
രക്ഷിതാക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സ്കൂള്‍ അധികൃതര്‍ക്കെതിരെ നല്കിയ സിവില്‍ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴത്തെ കോടതിവിധി ഈ കേസിലും നിര്‍ണായകമാകുമെന്നു വിലയിരുത്തപ്പെടുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ സ്വദേശികളായ ദമ്പതികളുടെ മകളായ സാറ ഗസ്ദര്‍ എന്ന നാലര വയസ്സുകാരി ഇക്കഴിഞ്ഞ മേയ് 17നു സ്കൂള്‍ ബസില്‍ കുടുങ്ങി മരിച്ചിരുന്നു.ഈ കേസും കോടതിയുടെ പരിഗണനയിലാണ്.
2 comments:
2010 ഒക്ടോബര്‍ ഏഴിനാണു..... ?????
ക്ഷമിക്കണം സന്തോഷ്,2009 നാണ് സംഭവം.തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി,ഇനിയും ഈ വഴി വരിക.
Post a Comment