Monday, July 19, 2010

ഖത്തര്‍ഗ്യാസിന്റെ ഉല്‍പാദനം 77 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്തും


ദോഹ: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) ഉല്‍പാദനം 77 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഖത്തര്‍ ഗ്യാസ് നടപ്പാക്കുന്ന വിപുലീകരണ പദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.

പ്രതിവര്‍ഷം 7.8 ദശലക്ഷം ഉല്‍പാദനശേഷിയുള്ള കൂറ്റന്‍ ട്രെയിനുകളാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇവ ഈ വര്‍ഷം അവസാനം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയില്‍ പ്രതിവര്‍ഷം 42 ദശലക്ഷം ടണ്ണിന്റെ വര്‍ധനവുണ്ടാകുമെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഗ്യാസ് ഇതാദ്യമായി ക്യുമാക്‌സ് എല്‍.എന്‍.ജി കാരിയറായ മോസ വഴി ജപ്പാനിലേക്ക് കയറ്റിയയച്ച വാതകം കഴിഞ്ഞദിവസം ജാപ്പനീസ് നഗരമായ നൊഗോയായില്‍ എത്തി.
ആഗോള എല്‍.എന്‍.ജി വ്യവസായത്തിന്റെ ചരിത്രത്തില്‍തന്നെ നാഴികക്കല്ലാണ് ഇതെന്ന് ശൈഖ് ഖാലിദ് ചൂണ്ടിക്കാട്ടി.

ഒറ്റയാത്രയില്‍ തന്നെ 266000 ക്യുബിക് മീറ്റര്‍ ദ്രവീകൃത പ്രകൃതിവാതകം കയറ്റിയയക്കാന്‍ ശേഷിയുള്ളതാണ് അത്യാധുനികരീതീയില്‍ നിര്‍മിച്ച ക്യുമാക്‌സ് കാരിയര്‍. സാധാരണ എല്‍.എന്‍.ജി കാരിയറുകളേക്കാള്‍ 50 മുതല്‍ 80 വരെ ശതമാനം വലുപ്പമുള്ളവയാണ് ഇവ.പരമ്പരാഗതകാരിയറുകളെ അപേക്ഷിച്ച് പുറത്തേക്കുവിടുന്ന കാര്‍ബണിന്റെ അളവ് 40 ശതമാനത്തോളം കുറവാണ് എന്നതും ഇവയുടെ പ്രത്യേകതയാണ്.

ലോകത്തിന്റെ ഏതുഭാഗത്തും സുരക്ഷിതമായും സുഗമമായും എല്‍.എന്‍.ജി എത്തിക്കാന്‍ ക്യു.മാക്‌സ് കാരിയറുകള്‍ ഉപയോഗിക്കാം.

2 comments:

Unknown said...

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി) ഉല്‍പാദനം 77 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഖത്തര്‍ ഗ്യാസ് നടപ്പാക്കുന്ന വിപുലീകരണ പദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഖത്തര്‍ ഗ്യാസ് സി.ഇ.ഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ആല്‍ഥാനി പറഞ്ഞു.

Anonymous said...

what is ക്യു.മാക്‌സ് കാരിയറുകള്‍ ?