Monday, July 19, 2010

കേരളത്തെ ദുരന്തത്തിലെത്തിച്ചത് സി.പി.എം: മായിന്‍ഹാജി

ദോഹ: മുസ്‌ലിംലീഗിനെ തകര്‍ക്കുന്നതിന് വേണ്ടി വര്‍ഗീയ, തീവ്രവാദസംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്ന സി.പി.എം നയമാണ് കേരളത്തെ ഇന്നത്തെ ദുരന്തത്തിലെത്തിച്ചതെന്നും ഇതിന് കേരളീയ സമൂഹത്തോട് സി.പി.എം മാപ്പുപറയണമെന്നും മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും വഖഫ്‌ബോര്‍ഡ് അംഗവുമായ എം.സി മായിന്‍ഹാജി പറഞ്ഞു. ദോഹയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ന്യൂനപക്ഷങ്ങളുടെ പേരില്‍ രംഗത്തുവന്ന തീവ്രവാദപ്രസ്ഥാനങ്ങളെ സ്ഥാനമാനങ്ങള്‍ നല്‍കിയാണ് സി.പി.എം വളര്‍ത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ഇനിയും എന്‍.ഡി.എഫുമായുള്ള ബന്ധം വിട്ടിട്ടില്ല. കോടിയേരിയുടെ പോലിസിന്റെ തലപ്പത്തുനിന്നാണ് റെയ്ഡിന്റെ വിവരങ്ങള്‍ ചോരുന്നത്. ആഭ്യന്തരമന്ത്രിതന്നെ ഇക്കാര്യങ്ങള്‍ ചോര്‍ത്തി നല്‍കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു.ഡി.എഫ് ഒരിക്കലും ഇത്തരം സംഘടനകളുടെ പിന്തുണ തേടിപ്പോയിട്ടില്ല. യു.ഡി.എഫ് നേതാക്കള്‍ മഅദനിയുടെ ഫോട്ടോവെച്ച് വോട്ട്പിടിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. എന്നാല്‍, ആരെങ്കിലും തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ തടയാന്‍ കഴിയില്ല. ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തീവ്രവാദികളുമായി ഒരിക്കലും ബന്ധമുണ്ടാക്കില്ലെന്നും എന്നാല്‍, ആരെയെങ്കിലും ബ്രാന്റ് ചെയ്ത് അകറ്റിനിര്‍ത്തുന്നില്ലെന്നുമായിരുന്നു മായിന്‍ഹാജിയുടെ മറുപടി.

ഹജ്ജ്കമ്മിറ്റിയിലും പാഠപുസ്തക പരിഷ്‌കരണ കമ്മിറ്റിയിലും ജമാഅത്തെ ഇസ്‌ലാമിക്ക് പ്രാതിനിധ്യം നല്‍കിയപ്പോള്‍ 90 ശതമാനത്തോളം മുസ്‌ലീംകളെ പ്രതിനിധീകരിക്കുന്ന സുന്നികളെ എല്‍.ഡി.എഫ് പരിഗണിച്ചില്ല. പൊതുവിഷയങ്ങളെക്കുറിച്ച് സാധാരണ നടത്താറുള്ള ചര്‍ച്ചയാണ് ജമാഅത്തെ ഇസ്‌ലാമിയുമായി നടത്തിയതെന്നും അതൊരു രാഷ്ട്രീയ നീക്കമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍.ഡി.എഫിനെ അധികാരത്തിലേറ്റിയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ക്വാര്‍ട്ടര്‍ ഫൈനലായിരുന്നു. സെമിഫൈനല്‍ വരാന്‍ പോകുന്നു. ഫൈനലില്‍ എല്‍.ഡി.എഫിന് ജനം ശക്തമായ തിരിച്ചടി നല്‍കും. ഇത് തിരിച്ചറിഞ്ഞ സി.പി.എം നേതാക്കള്‍ ഇപ്പോള്‍ പ്രവാസികള്‍ക്കടക്കം മോഹനവാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ലീഗ് ഏറ്റവും തിളക്കമാര്‍ന്ന ഘട്ടത്തിലാണ് ഇപ്പോള്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിന്റെ അധികാരം എന്നെന്നേക്കുമായി യു.ഡി.എഫിന്റെ കൈകളിലെത്തും.

സ്വന്തം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാതെ പോകുന്നതാണ് യു.ഡി.എഫിന്റെ പരാജയമെന്നും അത് കൊട്ടിഘോഷിക്കുന്നതാണ് എല്‍.ഡി.എഫിന്റെ വിജയമെന്നും ചോദ്യത്തിന് മറുപടിയായി മായിന്‍ ഹാജി പറഞ്ഞു. ലീഗിനെതിരെ ചിലര്‍ നടത്തിയ വ്യാജപ്രചാരണങ്ങളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുണ്ടായ പരാജയത്തിന് കാരണം. എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും മറ്റുള്ളവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ എതിര്‍ക്കുന്ന നിലപാടുമുള്ള സി.പി.എമ്മാണ് കേരളത്തിന്റെ ശാപം.തിവ്രവാദത്തിനെതിരെ ലീഗ് ശക്തമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മായിന്‍ഹാജി കൂട്ടിച്ചേര്‍ത്തു.

2 comments:

Unknown said...

മുസ്‌ലിംലീഗിനെ തകര്‍ക്കുന്നതിന് വേണ്ടി വര്‍ഗീയ, തീവ്രവാദസംഘടനകളെ പ്രോല്‍സാഹിപ്പിക്കുന്ന സി.പി.എം നയമാണ് കേരളത്തെ ഇന്നത്തെ ദുരന്തത്തിലെത്തിച്ചതെന്നും ഇതിന് കേരളീയ സമൂഹത്തോട് സി.പി.എം മാപ്പുപറയണമെന്നും മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും വഖഫ്‌ബോര്‍ഡ് അംഗവുമായ എം.സി മായിന്‍ഹാജി പറഞ്ഞു. ദോഹയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Noushad Vadakkel said...

ബ്ലോഗ്‌ വായിക്കുവാന്‍ ബുദ്ധിമുട്ടാണ് . വെളുത്ത അക്ഷരം മാറ്റുകയോ , വലുപ്പം കൂട്ടുകയോ ചെയ്യുമല്ലോ ...