Thursday, July 29, 2010

വേള്‍ഡ് മലയാളി കൌണ്‍സില്‍ സമ്മേളനത്തിന് ഇന്ന് തുടക്കം



ദോഹ: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഏഴാമതു രാജ്യാന്തര സമ്മേളനത്തിന് ഇന്ന് തുടക്കമാകും. റമദാ ഹോട്ടലില്‍ ഇന്ന് രാവിലെ 9.30ന് കൌണ്‍സില്‍, എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗങ്ങളോടെ സമ്മേളനത്തിനു തിരശീല ഉയരുകയായി. 


രണ്ടരയ്ക്കാണ് ആദ്യ പൊതുചര്‍ച്ച. ‘കാര്യക്ഷമതയും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതലമുറ” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്വ ഉദ്ഘാടനം ചെയ്യും. ടി. പി. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ നദികളിലെ മലിനീകരണം സംബന്ധിച്ചു കൌണ്‍സില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജോര്‍ജ് കുളങ്ങര അവതരിപ്പിക്കും.


സമ്മേളനം അഞ്ചരയ്ക്ക് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും. ഗോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വ്യവസായമന്ത്രി എളമരം കരീം മുഖ്യാതിഥിയായിരിക്കും. വെള്ളി രാവിലെ ഒന്‍പതിനു സാഹിത്യ - മാധ്യമ സെമിനാര്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്യും. അബ്ദു സമദ് സമദാനി അധ്യക്ഷത വഹിക്കും. ‘മലയാള മനോരമ” അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, പ്രവാസി എഴുത്തുകാരന്‍ പി.ജെ.ജെ. ആന്റണി, ടി.എന്‍. ഗോപകുമാര്‍ (ഏഷ്യാനെറ്റ്), ഏബ്രഹാം മാത്യു, നിര്‍മല ജോസ് എന്നിവര്‍ പങ്കെടുക്കും.


‘കേരള വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്ത സാധ്യതകള്‍” എന്ന വിഷയത്തില്‍ രണ്ടു മണിക്കു നടക്കുന്ന ചര്‍ച്ച മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.എ. ബേബി, എന്‍.കെ. പ്രേമചന്ദ്രന്‍, ദോഹ ബാങ്ക് സിഇഒ ആര്‍. സീതാരാമന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, കെഎസ്ഐഡിസി എംഡി അല്‍കേഷ് കുമാര്‍ ശര്‍മ, ഗള്‍ഫാര്‍ ഗ്രൂപ്പ് മേധാവി ഡോ. പി. മുഹമ്മദ് അലി, വ്യവസായ പ്രമുഖരായ സി.കെ. മേനോന്‍, എ.വി. അനൂപ്, വി.സി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ടു നാലരയ്ക്ക് സമാപന സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും നയതന്ത്ര, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുമെന്നു സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ചാക്കോ, ജനറല്‍ സെക്രട്ടറി ബിജു ജോണ്‍, പബ്ളിസിറ്റി വൈസ് ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍ തുടങ്ങിയവര്‍ അറിയിച്ചു. ശനിയാഴ്ച ഭാവി പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചയോടെ സമ്മേളനം സമാപിക്കും.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഏഴാമതു രാജ്യാന്തര സമ്മേളനത്തിന് ഇന്ന് തുടക്കമാകും. റമദാ ഹോട്ടലില്‍ ഇന്ന് രാവിലെ 9.30ന് കൌണ്‍സില്‍, എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗങ്ങളോടെ സമ്മേളനത്തിനു തിരശീല ഉയരുകയായി.