Friday, August 20, 2010

ഖത്തറിലെങ്ങും ഇഫ്താര്‍ വിരുന്നുകള്‍

ദോഹ:ഖത്തറിലെ റമദാന്റെ സവിശേഷത വിളിച്ചറിയിക്കുന്നത് ഇഫ്താര്‍ വിരുന്നുകളാണ്. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി ഖത്തറിന്റെ നാനാഭാഗങ്ങളിലും തമ്പുകള്‍ സ്ഥാപിച്ചും പള്ളികള്‍ കേന്ദ്രീകരിച്ചും നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് പുറമെയാണിത്.

ഇസ്‌ലാമിക സാഹോദര്യത്തിന്റെയും മനുഷ്യസാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചറിയിക്കുന്നതാണ് ഇഫ്താര്‍ വിരുന്നുകള്‍ . പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് മനസ്സ് പൂര്‍ണമായും സര്‍വശക്തനായ ദൈവത്തിലര്‍പ്പിച്ച് ആരാധനാനിമഗ്‌നനരായ ജനക്കൂട്ടത്തോടൊപ്പം മറ്റു മതക്കാരും നോമ്പുതുറ സല്‍ക്കാരത്തില്‍ ഭാഗഭാക്കുകളായി തങ്ങളുടെ സ്നേഹവും സാഹോദര്യവും പങ്കിടാനെത്തുന്നത് തികച്ചും മാതൃകാപരമാണ്. ഈ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ മനുഷ്യര്‍ തയ്യാറായാല്‍ ലോകത്ത് സമാധാനം പുലരുമെന്നാണീ സംഗമങ്ങള്‍ വിളിച്ചറിയിക്കുന്നത്.

സാമൂഹിക, സാംസ്‌കാരികസംഘടനകള്‍, വന്‍കിട വ്യവസായ, വാണിജ്യഗ്രൂപ്പുകള്‍, വ്യക്തികള്‍ തുടങ്ങി വിവിധ രീതിയില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ സാമൂഹിക, സാംസ്‌കാരിക, വാണിജ്യ, വ്യവസായരംഗങ്ങളിലെ പ്രമുഖരാണെത്തുന്നത്. ചിലയിടങ്ങളില്‍ ഇഫ്താറിനു മുമ്പായി മതപണ്ഡിതരുടെ ലഘുപ്രഭാഷണങ്ങളും നടക്കുന്നു.

മതസംഘടനകള്‍ പ്രത്യേകമായും അവരുടെ ആസ്ഥാനങ്ങളില്‍ നോമ്പുതുറകള്‍ സംഘടിപ്പിച്ചുവരുന്നു. കാലാവസ്ഥ പ്രതികൂലമായതു കാരണം പതിവായി ചില മതസംഘടനകള്‍ സംഘടിപ്പിച്ചുവന്നിരുന്ന ആയിരങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ ഈ വര്‍ഷം നടന്നിട്ടില്ലെങ്കിലും അത്തരം സംഘടനകള്‍ അവരുടെ ആസ്ഥാനത്ത് പതിവായി നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നു. പല കമ്പനികളും ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ജീവകാരുണ്യപ്രസ്ഥാനങ്ങളും വരുമാനം കുറഞ്ഞവര്‍ക്കായി പൊതുസ്ഥലങ്ങളില്‍ ഇഫ്താറുകള്‍ നടത്തുന്നതിന് പുറമെ മതസംഘടനകള്‍ നടത്തുന്ന ഇഫ്താറുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്.

 ചില പ്രാദേശികകൂട്ടായ്മകളും ഇഫ്താര്‍ വിരുന്നുകളൊരുക്കി സ്നേഹവും സാഹോദര്യവും പങ്കിടാനവസരമൊരുക്കുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും നോമ്പുതുറയ്ക്ക് ക്ഷണിക്കുന്ന പതിവുമുണ്ട്.

1 comment:

Unknown said...

ഖത്തറിലെ റമദാന്റെ സവിശേഷത വിളിച്ചറിയിക്കുന്നത് ഇഫ്താര്‍ വിരുന്നുകളാണ്. ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ പാവപ്പെട്ടവര്‍ക്കായി ഖത്തറിന്റെ നാനാഭാഗങ്ങളിലും തമ്പുകള്‍ സ്ഥാപിച്ചും പള്ളികള്‍ കേന്ദ്രീകരിച്ചും നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് പുറമെയാണിത്.