Monday, August 23, 2010

ഖത്തറില്‍ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ നിരോധിച്ചു

ദോഹ : കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ അനുവദിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞദിവസം അംഗീകാരം നല്‍കി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.

ഇതനുസരിച്ച് കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിലവില്‍ തൊഴിലാളികള്‍ക്ക് താമസസൗകര്യം അനുവദിച്ചിട്ടുള്ള കമ്പനികളും കെട്ടിടമുടമകളും നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം അവര്‍ക്ക് ബദല്‍ താമസസൗകര്യം ഒരുക്കണം. ആവശ്യമെങ്കില്‍ ഈ സമയപരിധി നീട്ടിനല്‍കാന്‍ മുനിസിപ്പല്‍ കാര്യ, നഗരാസൂത്രണ വകുപ്പ് മന്ത്രിക്ക് അധികാരമുണ്ട്. നിയമത്തിന് വിരുദ്ധമായി ഉണ്ടാക്കുന്ന റിയല്‍ എസ്‌റ്റേറ്റ് കരാറുകള്‍ക്ക് നിയമസാധുത ഉണ്ടായിരിക്കില്ല.

നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം റിയാല്‍ മുതല്‍ 50,000 റിയാല്‍ വരെയാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. കുറ്റം ആവര്‍ത്തിച്ചല്‍ പിഴശിക്ഷ ഇരട്ടിയായിരിക്കും. നിയമം ലംഘിക്കുന്ന പക്ഷം തൊഴിലാളികളെ താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കാന്‍ കോടതിക്ക് ഉത്തരവിടാം. എന്നാല്‍, താമസസ്ഥലം മാറുന്നതിനൊപ്പം 25,000 രൂപ പിഴയടപ്പിച്ചുകൊണ്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നിയമം മന്ത്രിക്ക് അധികാരം നല്‍കുന്നുണ്ട്.

പ്രശ്‌നത്തില്‍ കോടതിയുടെ തീരുമാനം വരുന്നത് വരെ മാത്രമേ ഇത്തരമൊരു ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടായിരിക്കൂ. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശം, തൊഴിലാളികളുടെ താമസസൗകര്യം എന്നിവയുടെ നിര്‍വ്വചനവും ഇതിലെ ഇളവുകളും ബന്ധപ്പെട്ട മന്ത്രിയായിരിക്കും തീരുമാനിക്കുക. നിയമലംഘനം കണ്ടെത്താന്‍ പ്രത്യേകം അധികാരപ്പെടുത്തിയ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ താമസിക്കുന്നതായി കണ്ടെത്തിയാല്‍ 30 ദിവസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.

ഇതിനെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. 30 ദിവസത്തിനകം മറുപടി കിട്ടിയില്ലെങ്കില്‍ അപ്പീല്‍ തള്ളിയതായി കണക്കാക്കാം. നോട്ടീസ് നല്‍കിയിട്ടും തൊഴിലാളികള്‍ ഒഴിഞ്ഞില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനും നിയമം അധികൃതര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

1 comment:

Unknown said...

കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ തൊഴിലാളികള്‍ക്ക് പാര്‍പ്പിടങ്ങള്‍ അനുവദിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞദിവസം അംഗീകാരം നല്‍കി. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.