Monday, August 23, 2010

'ഗാരംഗാഓ' ആഘോഷം നാളെ


ദോഹ: കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ'നാളെ (24,ചൊവ്വ)രാജ്യം ആഘോഷിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട വിവിധ ഉല്‍പന്നങ്ങളുടെ വില്‍പനക്കായി കച്ചവടകേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

മതപരമായ പരിവേഷമൊന്നുമില്ലെങ്കിലും എല്ലാ വര്‍ഷവും റമദാന്‍ 14നാണ് കറംഗവു ആഘോഷിക്കുന്നത്. മുത്തുവാരി ഉപജീവനം കഴിച്ചിരുന്ന പൂര്‍വ്വികരുടെ ജീവിതസംസ്കാരവുമായി ബന്ധപ്പെട്ടതാണ് 'ഗാരംഗാഓ' ആഘോഷം. മുത്തുവാരാന്‍ പുറപ്പെടുന്ന തോണികള്‍ നീണ്ടയാത്രക്ക് ശേഷം കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങളുമായാണ് പലപ്പോഴും തിരിച്ചെത്തുക. ഇതിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് 'ഗാരംഗാഓ' ആഘോഷത്തിന്റെ ചിട്ടവട്ടങ്ങള്‍ .

മുതിര്‍ന്നവര്‍ വ്രതാനുഷ്ഠാനത്തിലൂടെ റമദാനെ ഭക്തിസാന്ദ്രവും ആനന്ദകരവുമാക്കുമ്പോള്‍ കുട്ടികള്‍ 'ഗാരംഗാഓ' ആഘോഷത്തിനായി വര്‍ഷം മുഴുവന്‍ നീളുന്ന കാത്തിരിപ്പിലാണ്. 'ഗാരംഗാഓ' ദിനത്തില്‍ തറാവീഹ് നമസ്കാരത്തിന് ശേഷം കുട്ടികള്‍ കഴുത്തില്‍ തൂക്കിയിട്ട പ്രത്യേകതരം സഞ്ചിയുമായി സമ്മാനങ്ങള്‍ക്കായി വീടുകള്‍ കയറിയിറങ്ങും. പരമ്പരാഗത വേഷവിതാനങ്ങള്‍ അണിഞ്ഞാണ് കുട്ടികള്‍ ഈ സമ്മാനവേട്ടക്ക് ഇറങ്ങുക. തങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നവര്‍ക്ക് ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്ന പ്രത്യേക അറബിഗാനവും പാടിയാണ് കുട്ടിക്കൂട്ടങ്ങളുടെ സഞ്ചാരം. പ്രവാസികളായ കുട്ടികളും തങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം പലപ്പോഴും ഈ ആഘോഷത്തില്‍ സജീവമായി പങ്കെടുക്കാറുണ്ട്. സഞ്ചിയുമായി പാട്ടുപാടിവന്ന് വാതിലില്‍ മുട്ടുന്ന കുട്ടികള്‍ക്ക് നല്‍കാനായി ഓരോ വീട്ടുകാരും എന്തെങ്കിലും സമ്മാനങ്ങള്‍ കരുതിവെച്ചിരിക്കും.

ആഘോഷത്തിനൊരുങ്ങുന്ന കുട്ടികള്‍ക്കായി 'ഗാരംഗാഓ' കിറ്റുകളാണ് പ്രമുഖ കച്ചവടകേന്ദ്രങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇത്തരം കിറ്റുകള്‍ വാങ്ങാന്‍ കുട്ടികളുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. 30 റിയാല്‍ മുതല്‍ 150 റിയാല്‍ വരെയാണ് വിവിധ സാധനങ്ങളടങ്ങിയ കിറ്റുകളുടെ വില. ദോഹ എക്സിബിഷന്‍ സെന്ററില്‍ ഖത്തര്‍ ടൂറിസം കതോറിറ്റി സംഘടിപ്പിച്ചിരിക്കുന്ന സമ്മര്‍ ഫണ്‍ പാര്‍ക്കിലും 'ഗാരംഗാഓ'ടനുബന്ധിച്ച് കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും മല്‍സരങ്ങളും സമ്മാനങ്ങളുമെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1 comment:

Unknown said...

കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഉല്‍സവമായ 'ഗാരംഗാഓ'നാളെ (24,ചൊവ്വ)രാജ്യം ആഘോഷിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട വിവിധ ഉല്‍പന്നങ്ങളുടെ വില്‍പനക്കായി കച്ചവടകേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു.