Tuesday, August 17, 2010

മതേതരത്വം പാടി നടക്കാന്‍ മാത്രമുള്ളതല്ല : ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ

ദോഹ: മതേതരത്വം പാടി നടക്കാന്‍ മാത്രമുള്ളതല്ല. അത് ഇന്ത്യയുടെ സ്വത്വവും ആത്മാവുമാണ്.  വിവിധ മതങ്ങളാകുന്ന പുഴ ഒഴുകിയെത്തുന്ന മഹാസമുദ്രമാണ് ഇന്ത്യ.എല്ലാ മതങ്ങളുടേയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അതിന്റെ വൈവിധ്യത്തോടെതന്നെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയണമെന്നും  ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ ‍.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന സമഭാവനയെന്ന ആശയം സമാനതകളില്ലാത്തതാണ്. ഇസ്‌ലാം മനുഷ്യനെ പഠിപ്പിക്കുന്നത് മഹത്തായ ആദര്‍ശമാണ്. ബാല്യം മുതല്‍ തന്നെ അയല്‍വാസികളായ മുസ്‌ലിംകുടുംബങ്ങളില്‍ നിന്ന് നോമ്പിനെ അടുത്തറിയാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്.

അന്യരുടെ പട്ടിണിയറിയാനും അപരനോട് കാരുണ്യത്തോടെ വര്‍ത്തിക്കാനുമാണ് വ്രതാനുഷ്ഠാനം പഠിപ്പിക്കുന്നതെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം തന്നെ കൂട്ടായ്മയുടെ സന്ദേശവുമായി ഇഫ്താര്‍ സംഗമം ഒരുക്കാന്‍ കഴിഞ്ഞത് ഏറെ ആഹ്ലാദകരമാണ്.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.എം വര്‍ഗീസ്, ഹസ്സന്‍ ചൊഗ്ലെ എന്നിവര്‍ സംസാരിച്ചു. എംബസി ഉദ്യോഗസ്ഥര്‍ , ഐ.സി.ബി.എഫ്, ഐ.സി.സി ഭാരവാഹികള്‍ , വ്യവസായ പ്രമുഖര്‍ ‍, വിവിധ പ്രവാസി സംഘടനകളുടെ നേതാക്കള്‍ ‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

1 comment:

Unknown said...

മതേതരത്വം പാടി നടക്കാന്‍ മാത്രമുള്ളതല്ല. അത് ഇന്ത്യയുടെ സ്വത്വവും ആത്മാവുമാണ്. വിവിധ മതങ്ങളാകുന്ന പുഴ ഒഴുകിയെത്തുന്ന മഹാസമുദ്രമാണ് ഇന്ത്യ.എല്ലാ മതങ്ങളുടേയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അതിന്റെ വൈവിധ്യത്തോടെതന്നെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയണമെന്നും ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.