Monday, September 13, 2010

ത്തര്‍ മുശൈരിബ് തെരുവും ഓര്‍മയാകാന്‍ നാളുകള്‍ മാത്രം


ദോഹ: മുശൈരിബ് സ്ട്രീറ്റില്‍ നാഷനല്‍ മുതല്‍ അറബ് ബാങ്ക് റൗണ്ട് എബൗട്ട് വരെയുള്ള കടകളും ഫ്‌ളാറ്റുകളും അടങ്ങിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവായിരിക്കുന്നു. ബുധനാഴ്ച്ചക്കകം (സെപ്റ്റമ്പര്‍ പതിനഞ്ച്) ഒഴിയണമെന്നാവശ്യപ്പെട്ട് ഈ കടകളിലും ഫ്‌ളാറ്റുകളിലുമുള്ളവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

'ഹാര്‍ട്ട് ഓഫ് മുശൈരിബ്' പദ്ധതിയുടെ ഭാഗമായി പൊളിക്കുന്നവയില്‍ ഉള്‍പ്പെടുത്തി ആറ് മാസം മുമ്പുതന്നെ അറിയിച്ചിരുന്നു. ഒഴിയാന്‍ നോട്ടീസ് ലഭിച്ചതോടെ കച്ചവടക്കാരില്‍ ഭൂരിഭാഗവും ബര്‍വ വില്ലേജിലേക്കും നജ്മയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്.


അവിടെയെല്ലാം ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടിയാണ് വാടക എന്നത് കച്ചവടക്കകാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. താമസക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ദോഹയിലും പരിസരത്തും ഫ്‌ളാറ്റുകളും വില്ലകളും കിട്ടാനില്ലെങ്കിലും ഉള്‍പ്രദേശങ്ങളില്‍ പണിതീര്‍ന്ന ധാരാളം താമസസൗകര്യങ്ങള്‍ താരതമ്യേന കുറഞ്ഞ വാടകക്ക് ലഭ്യമാണ്.


വര്‍ഷങ്ങളായി നഗരത്തിന്റെ ഹൃദയഭാഗത്ത് താമസിച്ചുവന്നവര്‍ക്ക് പെട്ടെന്നുള്ള ഒഴിഞ്ഞുപോക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ്. സമയപരിധി കുറച്ചുകൂടി നീട്ടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വ്യാപാരികള്‍.
ദോഹയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന നാഷനലും പരിസരവും വാരാന്ത്യങ്ങളിലെ അവിടുത്തെ തിരക്കുമെല്ലാം വൈകാതെ ഓര്‍മ മാത്രമാകും. നഗരത്തിലെ അറിയപ്പെടുന്ന പല വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുമാറ്റലിന്റെ വക്കിലാണ്.


ദോഹയില്‍ കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് മുശൈരിബ് സ്ട്രീറ്റ്. ഇലക്ട്രിക്, പ്ലംബിംഗ്, ഹാര്‍ഡ്‌വെയല്‍ ഉല്‍പ്പന്നങ്ങളും കെട്ടിടനിര്‍മാണത്തിനാവശ്യമായ അനുബന്ധസാധനങ്ങളും മാത്രം വില്‍ക്കുന്ന ഒട്ടേറെ കടകളുള്ള ഇവിടെ എല്ലാ ദിവസവും നല്ലതോതില്‍ വ്യാപാരം നടന്നിരുന്നു.

നല്ലൊരു ശതമാനം കടകളും മലയാളികള്‍ നടത്തുന്നതും മലയാളികള്‍ ധാരാളമായി ജോലി ചെയ്യുന്നവയുമാണ്. ഡ്രൈവര്‍മാരായും ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ചെയ്തും ജീവിതമാര്‍ഗം കണ്ടെത്തിയ നിരവധി മലയാളികള്‍ വേറെയുമുണ്ട്.ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവിട്ട, ധാരാളം ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച, ജീവിക്കാന്‍ ഒരു മാര്‍ഗം തുറന്നുകൊടുത്ത പ്രദേശവും ചുറ്റുപാടുകളും ഒരു സുപ്രഭാതത്തില്‍ വിട്ടുപോകേണ്ടിവരുന്നത് എല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്.

1 comment:

Unknown said...

മുശൈരിബ് സ്ട്രീറ്റില്‍ നാഷനല്‍ മുതല്‍ അറബ് ബാങ്ക് റൗണ്ട് എബൗട്ട് വരെയുള്ള കടകളും ഫ്‌ളാറ്റുകളും അടങ്ങിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവായിരിക്കുന്നു. ബുധനാഴ്ച്ചക്കകം (സെപ്റ്റമ്പര്‍ പതിനഞ്ച്) ഒഴിയണമെന്നാവശ്യപ്പെട്ട് ഈ കടകളിലും ഫ്‌ളാറ്റുകളിലുമുള്ളവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.