Wednesday, September 29, 2010

മീമിന്റെ മരണത്തില്‍ സ്പോണ്‍സറെ സംശയം.

ദോഹ : കഴിഞ്ഞ മാസം ഖത്തറില്‍ ജോലിക്കെത്തിയ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്പോണ്‍സറെ സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു .

കാസര്‍കോട് ഉദുമ മൗവ്വല്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ ഷമീമിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്ര പ്രവാസികാര്യമന്ത്രി, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്കും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം 18നാണ് മുറയിലെ ഒരു വീട്ടില്‍ ജോലിക്കായി ഷമീം ഖത്തറിലെത്തിയത്. എന്നാല്‍ വീട്ടിലെ ജോലിയില്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് ഷമീം, തന്നെ ഖത്തറിലെത്തിച്ച മലയാളിയെ സമീപിച്ചു. എന്നാല്‍ വീണ്ടും ഷമീമിനെ അവിടേക്ക് തന്നെ തിരിച്ചയച്ചു. കുറച്ചുദിവസം കഴിഞ്ഞ് പിന്നെയും ഷമീം ജോലിവേണ്ടെന്ന് പറഞ്ഞ് മടങ്ങിവന്നെങ്കിലും ജോലിക്ക് നിന്ന വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍, ഈ മാസം രണ്ടാം തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.

ഇതേ തുടര്‍ന്ന് ഷമീമിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസി വഴി സി.ഐ.ഡിയിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.ഡി വീട്ടുടമയെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് ഷമീം മരിച്ചെന്നും ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ വുഫൂബ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹമുണ്ടെന്നും അയാള്‍ പറയുന്നത്. മരിച്ചത് ഷമീം തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ദോഹയിലുള്ള ഷെമീമിന്റെ നാട്ടുകാരനായ മജീദ് രേഖകളും അടയാളങ്ങളും സൗദിയിലുള്ള സുഹൃത്തിന് കൈമാറി. ഇദ്ദേഹമാണ് മോര്‍ച്ചറിയിലെത്തി മരിച്ചത് ഷമീം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുമുണ്ടായിരുന്നത്രെ.

ഈ മാസം 23ന് ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം ഷമീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സൗദി പോലിസ് പറയുന്നത്. ഇതിനിടെ, വീട്ടുടമയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായും പറയപ്പെടുന്നു.ഈ മാസം രണ്ടാം തീയ്യതി ഷമീമിന്റെ സ്‌പോണ്‍സര്‍ ഷമീമിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ഷെമീം എന്റെ ജോലിയില്‍ നിന്നും ചാടിപോയെന്നന്ന് പറഞ്ഞ് ഷെമീമിന്റെ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിക്കുകയുണ്ടായി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കണമെന്നും വീട്ടുടമ ഷമീമുമായി അടുത്ത് പരിചയമുള്ള ചില മലയാളികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ , ഇവര്‍ ഇതിന് വഴങ്ങിയില്ല.

മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് വന്നതും വിസ ക്യാന്‍സല്‍ ചെയ്തതുമെല്ലാം സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു. നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

1 comment:

Unknown said...

കഴിഞ്ഞ മാസം ഖത്തറില്‍ ജോലിക്കെത്തിയ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്പോണ്‍സറെ സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു .