Saturday, September 25, 2010

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി


ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വക്രയിലെ ബര്‍വയുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.25 രാജ്യങ്ങളില്‍ നിന്നുള്ള 2000 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സൗകര്യപ്രദമായ ക്ലാസ് മുറികളും പരിസ്ഥിതിക്കനുകൂലമായ സംവിധാനങ്ങളും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പഠന സൗകര്യങ്ങളുമൊരുക്കി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

ഖത്തര്‍ സുപ്രീം എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് സ്‌കൂള്‍ നടത്തിവരുന്നത്.വിശാലമായ ക്ലാസ്മുറികള്‍ , കളിസ്ഥലങ്ങള്‍ ‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍ , ലബോറട്ടറികള്‍ , ലൈബ്രറി, തണുത്ത ശുദ്ധജലം ലഭിക്കുന്ന കൂളറുകള്‍ , സൗകര്യപ്രദമായ കക്കൂസ് മുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്‌കൂള്‍ കെട്ടിടത്തിനകത്തുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെള്ള കേന്ദ്രീകൃത സ്വഭാവത്തിലുള്ള പഠനസമ്പ്രദായം സ്‌കൂളിന്റെ സവിശേഷതയാണെന്ന് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.സി. അബ്ദുള്‍ലത്തീഫ് പറഞ്ഞു.

2011 ഏപ്രിലില്‍ പ്ലസ് ടു ക്ലാസുകളും ആരംഭിക്കും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം തരം വരെ സി.ബി.എസ്.സി.യുടെ ഇന്റര്‍നാഷണല്‍ സിലബസ് പ്രാവര്‍ത്തികമാക്കും. ഈ സിലബസ് നടപ്പാക്കുന്ന ഖത്തറിലെ ആദ്യത്തെ സ്‌കൂളാണ് ശാന്തിനികേതന്‍ . ലോകത്താകെ 25 സ്‌കൂളുകളില്‍ മാത്രമാണ് ഈ സിലബസ്സുള്ളത്.

കെ.ജി. ക്ലാസുകള്‍ ദോഹാ ജദീദില്‍ നിന്ന് മന്‍സൂറയിലേക്ക് മാറ്റി സ്ഥാപിക്കും. രക്ഷിതാക്കള്‍ക്ക് എപ്പോഴും സ്‌കൂളധികൃതരുമായും ജീവനക്കാരുമായും അധ്യാപകരുമായും സംവദിക്കാന്‍ അവസരമുണ്ടാവുമെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ കെ.ജി. വിങ് ഹെഡ്മിസ്ട്രസ് മെഹ്ജാബിന്‍ , സീനിയര്‍ വിഭാഗം ഹെഡ് മിസ്ട്രസ് വിദ്യാ ജേക്കബ്, ട്രഷറര്‍ മന്‍സൂര്‍ എന്നിവരും പങ്കെടുത്തു.

1 comment:

Unknown said...

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വക്രയിലെ ബര്‍വയുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.