Saturday, September 25, 2010

ത്തര്‍ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിനു നാളെ തിരശ്ശീല ഉയരും.

ദോഹ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും കലാസമ്പന്നതയും വിളിച്ചോതുന്ന പരിപാടികളോടെ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് നാളെ ( സെപ്റ്റമ്പര്‍ 26,ഞായര്‍ ) ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തിരശ്ശീല ഉയരും.

'ദോഹ: അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഖത്തര്‍ കലാ, സാംസ്‌കാരിക, പൈതൃക മന്ത്രാലയവും സംയുക്തമായാണ് മൂന്നുദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സംഗീതവും നൃത്തവും സിനിമയും കൈകോര്‍ക്കുന്ന സാംസ്‌കാരികോല്‍സവം കലയുടെ മൂന്ന് വ്യത്യസ്ത രാവുകളായിരിക്കും ദോഹക്ക് സമ്മാനിക്കുക.പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. പാസുകള്‍ 25, 26 തീയതികളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലും ഇന്ത്യന്‍ എംബസിയിലും ലഭിക്കും.

ചലച്ചിത്രമേളയൊഴികെയുള്ള പരിപാടികള്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരിക്കും അരങ്ങേറുക. 26, 27, 28 തീയതികളിലായി വൈകിട്ട് ഏഴ് മണിക്ക് ലാന്റ് മാര്‍ക്ക് സിനിമയിലാണ് ചലച്ചിത്രമേള ഒരുക്കിയിരിക്കുന്നത്.

നാളെ വൈകിട്ട് ഏഴ് മണിക്ക് ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ രാജസ്ഥാനി നാടോടി നൃത്തമാണ് ഉദ്ഘാടന ദിവസത്തെ പരിപാടി. രാജ്മാത ഗോവര്‍ധന്‍ കുമാരിയുടെ നേതൃത്വത്തിലുള്ള 12 അംഗ നൃത്ത സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. മുംബൈയില്‍ ഗൂമര്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ഗോവര്‍ധന്‍ കുമാരി രാജസ്ഥാന്‍ രാജകുടുംബത്തിലെ അംഗമാണ്.

തിങ്കളാഴ്ച്ച നിസാമി സഹോദരങ്ങള്‍ നേതൃത്വം നല്‍കുന്ന എട്ടംഗ ഗായക സംഘം ഖവ്വാലി അവതരിപ്പിക്കും. സിക്കന്ദര ഘരാനയുടെ വക്താക്കളായ നിസാമി സഹോദരന്‍മാര്‍ ഒരുക്കുന്ന ഖവ്വാലി സായാഹ്‌നം ദോഹക്ക് പുതിയൊരു അനുഭവമായിരിക്കും.

ചൊവ്വാഴ്ച്ച പ്രശസ്ത നര്‍ത്തകി ഡോ. രേഖ മെഹ്‌റയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിന്റെ കഥക് നൃത്തം അരങ്ങേറും. ലോകപ്രശസ്ത നര്‍ത്തകിയും നൃത്തസംവിധയികയുമായ ഡോ. രേഖ മെഹ്‌റ കഥകിന് പുറമെ ഭരതനാട്യത്തിലും ഇന്ത്യയുടെ അഭിമാനമാണ്.

ചലച്ചിത്രമേളയില്‍ ഞായറാഴ്ച്ച അമിതാഭ് ബച്ചന്‍ , അക്ഷയ്കുമാര്‍ , ഐശ്വര്യ റായ് എന്നിവര്‍ അഭിനയിച്ച 'ഖാക്കി', തിങ്കളാഴ്ച്ച ഋത്വിക് റോഷന്‍ , പ്രീതി സിന്റ എന്നിവര്‍ അഭിനയിച്ച 'ലക്ഷ്യ', ചൊവ്വാഴ്ച്ച അഭിഷേക് ബച്ചന്‍ , കരീന കപൂര്‍ എന്നിവര്‍ അഭിനയിച്ച 'റെഫ്യൂജി' എന്നീ ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

1 comment:

Unknown said...

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും കലാസമ്പന്നതയും വിളിച്ചോതുന്ന പരിപാടികളോടെ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് നാളെ ( സെപ്റ്റമ്പര്‍ 26,ഞായര്‍ ) ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തിരശ്ശീല ഉയരും.