Tuesday, September 14, 2010

ജീവിത ശൈലിയുണ്ടാക്കുന്ന രോഗങ്ങള്‍ മരണത്തിലെത്തിക്കുന്നു.


ദോഹ : സ്വദേശികളുടെ മരണത്തിന് പ്രധാനകാരണം ജീവിതശൈലി രോഗങ്ങളാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍ . രക്തസമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം എന്നിവയാണ് ഇവയില്‍ മുന്നില്‍ . 2008ല്‍ 12 ശതമാനം ആളുകള്‍ അര്‍ബുദം മൂലവും ഒമ്പത് ശതമാനം പ്രമേഹം മൂലവും മരിച്ചപ്പോള്‍ മറ്റ് ജീവീതശൈലീരോഗങ്ങള്‍ ബാധിച്ച് 21 ശതമാനം പേര്‍ മരിച്ചു.

സ്വദേശികളില്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ കൂടി വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊണ്ണത്തടിയും അമിതമായ കൊഴുപ്പും വ്യായാമത്തിന്റെ അഭാവവുമാണ് ഇതിന് കാരണം. തൊഴില്‍സ്ഥലത്തെ അപകടങ്ങളും ആത്മഹത്യയുമാണ് പ്രവാസികളുടെ മരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

2008ല്‍ 27 ശതമാനം പ്രവാസികളാണ് ഇങ്ങനെ മരിച്ചത്. സമൂഹത്തെ ഭയന്ന് പലരും ചികില്‍സതേടാന്‍ മടിക്കുന്നതിനാല്‍ മാനസികാസ്വാസ്ഥ്യം പിടിപെട്ടവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ ‍, ഇത്തരക്കാരില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ ചികില്‍സ തേടുന്നുണ്ട്. അതേസമയം, ഹമദ് ആശുപത്രിയിലെ സൈക്യാട്രിക് ക്ലിനിക്കില്‍ ചികില്‍സ തേടിയവരുടെ എണ്ണം 2001നെ അപേക്ഷിച്ച് 2008ല്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 39 ശതമാനത്തിനും പൊണ്ണത്തടിയുണ്ടെന്നാണ് ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്റര്‍ ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പൊണ്ണത്തടിയും രക്തസമ്മര്‍ദ്ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മൂലം വരും നാളുകളില്‍ വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ജനസംഖ്യാസമിതിയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മാതൃമരണനിരക്ക് നിയന്ത്രിക്കുന്നതില്‍ ഖത്തറിന് ഗണ്യമായ നേട്ടം കൈവരിക്കാനായി. ഒരുലക്ഷം അമ്മമാരില്‍ 7.8 പേര്‍ എന്നതാണ് നിലവിലെ മാതൃമരണ നിരക്ക്. ഗര്‍ഭഛിദ്രം സംഭവിച്ചവരില്‍ 58 ശതമാനം സ്ത്രീകളും ബന്ധുക്കളെ വിവാഹം കഴിച്ചവരായിരുന്നു എന്നതാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. ആയിരം പേരില്‍ 9.5 പേര്‍ക്ക് ഗര്‍ഭഛിദ്രം നടക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ , ഇതുമൂലം മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

1 comment:

Unknown said...

സ്വദേശികളുടെ മരണത്തിന് പ്രധാനകാരണം ജീവിതശൈലി രോഗങ്ങളാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍ . രക്തസമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം എന്നിവയാണ് ഇവയില്‍ മുന്നില്‍ . 2008ല്‍ 12 ശതമാനം ആളുകള്‍ അര്‍ബുദം മൂലവും ഒമ്പത് ശതമാനം പ്രമേഹം മൂലവും മരിച്ചപ്പോള്‍ മറ്റ് ജീവീതശൈലീരോഗങ്ങള്‍ ബാധിച്ച് 21 ശതമാനം പേര്‍ മരിച്ചു.