Tuesday, September 7, 2010

തൊഴില്‍ പരാതികള്‍ അറിയിക്കാന്‍ തൊഴില്‍ വകുപ്പ് ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.


ദോഹ: പൊതുജനങ്ങളില്‍ നിന്ന് തൊഴില്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനായി തൊഴില്‍ വകുപ്പ് ടോള്‍ ഫ്രീ നമ്പര്‍ സൗകര്യത്തോടെ ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ സംബന്ധമായ എന്ത് പരാതിയും ഈ സംവിധാനം വഴി അറിയിക്കാമെന്ന് തൊഴില്‍ വകുപ്പ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അതിയ്യയെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇത്തരം പരാതികള്‍ അറിയിക്കുന്നതിന് 44841221 എന്ന നമ്പറും pr@mol.gov.qa എന്ന ഇ.മെയില്‍ വിലാസവുമുണ്ട്. ഇതിനുപുറമെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനം വഴി സ്വദേശികള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ തൊഴില്‍ സംബന്ധമായ 114 പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ 80 എണ്ണം ടെലഫോണ്‍ വഴിയും എട്ടെണ്ണം ഇമെയില്‍ വഴിയും 14 എണ്ണം പ്രതിദിന റേഡിയോ പരിപാടി വഴിയും ആണ് ലഭിച്ചത്. പരാതികളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ഉടനടി തീര്‍പ്പുകല്‍പ്പിക്കാനാണ് തൊഴില്‍ വകുപ്പ് അധികൃതരുടെ ശ്രമം.

ഇതിനിടെ, സ്വകാര്യ കമ്പനികളിലെ ജോലിക്കാരുടെ ശമ്പളവിതരണം നിരീക്ഷിക്കാന്‍ നടപ്പാക്കിയ ഇലക്‌ട്രോണിക് നിരീക്ഷണ സംവിധാനം വിജയകരമാണെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ശമ്പളവിതരണത്തിന് പുറമെ തൊഴിലാളികളുടെ താമസമടക്കമുള്ള സൗകര്യങ്ങളും ഇതുവഴി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1 comment:

Unknown said...

പൊതുജനങ്ങളില്‍ നിന്ന് തൊഴില്‍ സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനായി തൊഴില്‍ വകുപ്പ് ടോള്‍ ഫ്രീ നമ്പര്‍ സൗകര്യത്തോടെ ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ സംബന്ധമായ എന്ത് പരാതിയും ഈ സംവിധാനം വഴി അറിയിക്കാമെന്ന് തൊഴില്‍ വകുപ്പ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അതിയ്യയെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു.