Thursday, October 21, 2010

പെരുന്നാള്‍ ഇല്ലാത്ത മുശൈരിബ്


ദോഹ: മുശൈരിബ് സ്ട്രീറ്റില്‍ നാഷനല്‍ മുതല്‍ അറബ് ബാങ്ക് റൗണ്ട് എബൗട്ട് വരെയുള്ള കടകളും ഫ്‌ളാറ്റുകളും അടങ്ങിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവായിട്ട് നാ‍ളുകളേറെയായെങ്കിലും,ബലി പെരുന്നാള്‍ വരെ അവധി നീട്ടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മുശൈരിബ് നിവാസികളും കച്ചവടക്കാരും.

എന്നാല്‍ നവംബര്‍ ഒന്നാം തീയതിക്ക് ശേഷം ഏതുസമയവും കടകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും വൈദ്യുതി വിച്‌ഛേദിക്കുന്നതുള്ള മുന്നറിയിപ്പ് നോട്ടീസ് ലഭിച്ചു. കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്‌ഛേദിക്കുമെന്നാണ് ഇന്നലെ പതിച്ച നോട്ടീസ് ലഭിച്ചതോടെ കച്ചവടക്കാരും താമസക്കാരും പെരുന്നാളിനു മുന്‍പ് തന്നെ ഒഴിഞ്ഞുപോകാന്‍ തയ്യാറവുകയാണ്.

ആദ്യം കിട്ടിയ അറിയിപ്പില്‍ സെപ്റ്റമ്പര്‍ പതിനഞ്ച് ഒഴിയണമെന്നാവശ്യപ്പെട്ടിരുന്നു.പിന്നീട് തുടര്‍നടപടികള്‍ ഉണ്ടകാതിരുന്നതിനെത്തുടര്‍ന്ന് വര്‍ഷാവസാനം വരെ സമയപരിധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികളും താമസക്കാരും.

'ഹാര്‍ട്ട് ഓഫ് മുശൈരിബ്' പദ്ധതിയുടെ ഭാഗമായാണ് ഈ പുരാതന തെരുവ് പൊളിക്കുന്നവയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ നോട്ടീസ് ലഭിച്ചതോടെ കച്ചവടക്കാരില്‍ ഭൂരിഭാഗവും ബര്‍വ വില്ലേജിലേക്കും നജ്മയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്.


അവിടെയെല്ലാം ഇതുവരെ കൊടുത്തുകൊണ്ടിരിക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടിയാണ് വാടക കൊടുക്കണം എന്നത് കച്ചവടക്കകാരെ ഏറെ വിഷമത്തിലാക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താമസക്കാരെയാണ്. ദോഹയിലും പരിസരത്തും ഫ്‌ളാറ്റുകളും വില്ലകളും കിട്ടാനില്ല. പരിസര പ്രദേശങ്ങളിലും ദൂരെയുള്ള പ്രദേശങ്ങളില്‍ പണിതീര്‍ന്ന ധാരാളം താമസസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന വാടകയാണ്‍ ചോദിക്കുന്നത്.


ദോഹയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന നാഷനലും പരിസരവും വാരാന്ത്യങ്ങളിലെ അവിടുത്തെ തിരക്കുമെല്ലാം വൈകാതെ ഓര്‍മ മാത്രമാകും. ഇവിടെയുള്ള പല അറിയപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുമാറ്റപ്പെടുമ്പോള്‍ ഈ തെരുവ് ഓര്‍മയായിമാറും.


ദോഹയില്‍ കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് മുശൈരിബ് സ്ട്രീറ്റ്. ഇലക്ട്രിക്, പ്ലംബിംഗ്, ഹാര്‍ഡ്‌വെയല്‍ ഉല്‍പ്പന്നങ്ങളും കെട്ടിടനിര്‍മാണത്തിനാവശ്യമായ അനുബന്ധസാധനങ്ങളും മാത്രം വില്‍ക്കുന്ന ഒട്ടേറെ കടകളുള്ള ഇവിടെ നല്ലതോതില്‍ വ്യാപാരം നടന്നിരുന്നു.

കൂടുതലും കടകള്‍ നടത്തുന്നതും മലയാളിളാണ് അതുപോലെ മലയാളികള്‍ ധാരാളം ജോലി ചെയ്യുന്ന സ്ഥലവുമാണിത്. ഡ്രൈവര്‍മാരായും, ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ചെയ്തും ജീവിതമാര്‍ഗം കണ്ടെത്തിയ നിരവധി മലയാളികള്‍ വേറെയുമുണ്ട്.

ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവിട്ട, ധാരാളം ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച, ജീവിക്കാന്‍ ഒരു മാര്‍ഗം തുറന്നുകൊടുത്ത പ്രദേശവും ചുറ്റുപാടുകളും ഒരു സുപ്രഭാതത്തില്‍ വിട്ടുപോകേണ്ടിവരുന്നത് എല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്.

2 comments:

Unknown said...

മുശൈരിബ് സ്ട്രീറ്റില്‍ നാഷനല്‍ മുതല്‍ അറബ് ബാങ്ക് റൗണ്ട് എബൗട്ട് വരെയുള്ള കടകളും ഫ്‌ളാറ്റുകളും അടങ്ങിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവായിട്ട് നാ‍ളുകളേറെയായെങ്കിലും,ബലി പെരുന്നാള്‍ വരെ അവധി നീട്ടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു മുശൈരിബ് നിവാസികളും കച്ചവടക്കാരും.

The cost of enterprise mobility solutions said...

Great post i have ever seen