Tuesday, November 2, 2010

ഖത്തര്‍ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തുന്ന മലയാളി മാന്വലുമായി മീഡിയ പ്ളസ് രംഗത്ത്.


ദോഹ. ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍ എന്ന പദ്ധതിയുമായി മീഡിയ പ്ളസ് രംഗത്ത്.

ഖത്തറിന്റെ പുരോഗതിയിലും വളര്‍ച്ചയിലും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച നിരവധി പ്രവാസി മലയാളികളുണ്ട്. വ്യാപാരരംഗത്തും സേവനമേഖലയിലും വിദ്യാഭ്യാസ രംഗത്തും മാത്രമല്ല കലാകായിക സാമൂഹ്യ സാംസ്കാരിക മേഖലകളിലെല്ലാം തന്നെ അവര്‍ ശോഭ പരത്തിയവരാണ്. കേരളത്തിലെ ഓരോ ചലനങ്ങളേയും സജീവമാക്കുകയും ക്രിയാത്മകമാക്കുകയും ചെയ്യുന്നതില്‍ പ്രവാസി മലയാളികളുടെ സംഭാവനകള്‍ ചെറുതല്ല. ഇവരില്‍ പലരും അിറയപ്പെടാതെ കിടക്കുന്നവരാണ്. ഇവരുടെ ചരിത്രം പുതിയ തലമുറക്ക് വെളിച്ചം പകരാന്‍ സഹായിക്കുമോ എന്ന അന്വേഷണമാണ് ഈ പ്രസിദ്ധീകരണം.

മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയുള്ള മലയാളിയുടെ സഞ്ചാരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും മറ്റും ഗള്‍ഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികള്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിരവധി തലമുറകള്‍ക്കുള്ള ജീവനമാര്‍ഗം കണ്ടെത്തിയ ആ മലയാളികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചില്‍ കാതുകളില്‍ വന്നുനിറഞ്ഞപ്പോഴാണ് മലയാളികള്‍ പലരും പേര്‍ഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കുമത്. എന്നാല്‍ കഠിനാദ്ധ്വാനവും ക്ഷമയും അര്‍പ്പണബോധവും കൈമുതലാക്കിയ അവര്‍ ലക്ഷ്യം കൈവരിച്ചു. ആ ലക്ഷ്യ പ്രാപ്തിയുടെ ആസ്വാദകരാണ് ഇന്ന് ഗള്‍ഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും.

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുകയും വരും തലമുറക്ക് പഠിക്കാന്‍ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൌത്യമാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ മീഡിയ പ്ളസ് ചെയ്യാനുദ്ദേശിക്കുന്നത്. പ്രവാസി സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിത യാഥാര്‍ഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പ്രേരകം. ഇന്ന് ഉന്നതങ്ങളില്‍ കഴിയുന്ന പലര്‍ക്കും ത്യാഗത്തിന്റേയും ദുരിതത്തിന്റേയും വേദന നിറഞ്ഞ ഒരു പൂര്‍വകാല ജീവതമുണ്ട്. പുതിയ തലമുറക്ക് പലതും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ആ ജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തര്‍ മലയാളി മാന്വല്‍ .

വ്യാപാരം, വിദ്യാഭ്യാസം, കല ,സാമൂഹ്യം, സംസ്കാരം, മാധ്യമ പ്രവര്‍ത്തനം, ജനസേവനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരേയാണ് ഖത്തര്‍ മലയാളി മാന്വലില്‍ ഉള്‍പ്പെടുത്താനുദ്ധേശിക്കുന്നത്.കേരള ജനതക്ക് ഖത്തര്‍ മലയാളികളുടെ ജീവിതത്തെ അടുത്തറിയുവാന്‍ അവസരം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ ഗ്രന്ഥശാലാ സംഘത്തില്‍ രജിസ്റര്‍ ചെയ്ത എല്ലാ ലൈബ്രറികള്‍ക്കും പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ക്കും ഖത്തര്‍ മലയാളി മാന്വലിന്റെ കോപ്പികള്‍ സൌജന്യമായി എത്തിക്കുവാനാണ് ഞങ്ങള്‍ ഉദ്ധേശിക്കുന്നത്.
കേരളത്തിന്റെ വളര്‍ച്ചക്ക് സ്തുത്യര്‍ഹമായ സംഭാവനകളര്‍പ്പിച്ച ഖത്തറിലെ പ്രവാസി മലയാളികളെ, അവരുടെ ജീവിതത്തെ വായനാലോകത്തിന് സമര്‍പ്പിക്കുന്ന ഖത്തര്‍ മലയാളി മാന്വല്‍ 2011 ല്‍ മീഡിയാ പ്ളസിന്റെ പുതുവല്‍സര സമ്മാനമായിരിക്കും.

മീഡിയ പ്ളസ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ , സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ , മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

Unknown said...

ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തുന്ന ഖത്തര്‍ മലയാളി മാന്വല്‍ എന്ന പദ്ധതിയുമായി മീഡിയ പ്ളസ് രംഗത്ത്. പലപ്പോഴും രേഖപ്പെടുത്തപ്പെടാതെ പോകുന്ന മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ വായനയുടെ ലോകത്തിന് അവതരിപ്പിക്കുന്ന മാന്വല്‍ 2011 ജനുവരിയില്‍ പ്രസിദ്ധീകരിക്കുമെന്ന് മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്ളസ് സി. ഇ. ഒ യുമായ അമാനുല്ല വടക്കാങ്ങരയും എഡിറ്റര്‍ അമ്മാര്‍ കിഴ്പറമ്പും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.