Thursday, September 19, 2013

ഖലീല്‍ ജിബ്രാന്റെ ജീവിതം അറബ് ജനതക്ക് വേണ്ടിയായിരുന്നു

ദോഹ : അറബ് ജനതക്ക് വേണ്ടിയായിരുന്നു ഖലീല്‍ ജിബ്രാന്റെ സാഹിത്യ ജീവിതമെന്ന് സംവിധായകന്‍ ആര്‍നെ പോള്‍മീര്‍ പറഞ്ഞു. ഖലീല്‍ ജിബ്രാന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രധാന കൃതിയായ പ്രവാചകനും ചേര്‍ത്ത് തയ്യാറക്കിയ ‘റെസ്റ്റ് അപോണ്‍ ദി വിന്‍ഡ്’ എന്ന നാടക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് വസന്തം സൃഷ്ടിച്ച സാഹചര്യം ഈജിപ്ത് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തിനെതിരെ നിലകൊണ്ട ഖലീല്‍ ജിബ്രാന്‍ ലബനാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ ജനതയ്ക്കു വേണ്ടി ചിത്രം വരച്ചും സാഹിത്യ രചന നടത്തിയും ജീവിച്ച കലാകാരനായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലബനാനില്‍ ജനിച്ച് ബോസ്റ്റണില്‍ കുടിയേറ്റക്കാരനായി കഴിയേണ്ടി വന്ന ജിബ്രാന്റെ ഏറ്റവുമധികം വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്ത കൃതി ‘പ്രവാചകന്‍’ ആണ്. അതുകൊണ്ടാണ് നാടകത്തില്‍ ‘പ്രവാചകന്‍’ പ്രധാനമായും പരാമര്‍ശ വിധേയമായതെന്നും ആര്‍നെ പോള്‍മീര്‍ പറഞ്ഞു.

ഖലീല്‍ ജിബ്രാന്‍ കൃതികള്‍ക്ക് അറബ് രാഷ്ട്രങ്ങളില്‍ ഇപ്പോഴും മികച്ച സ്വീകാര്യതയാണുള്ളത്. ജിബ്രാന്റെ കാലത്തെ സമരങ്ങളും മറ്റും ഇക്കാലത്ത് മനസ്സിലാക്കാനാകുന്നത് പഴയ കാലത്തെ ചിത്രീകരിക്കുന്ന കലാ സാഹിത്യങ്ങളിലൂടെയാണ്. കുടിയേറ്റത്തിന്റെ വേദനയില്‍ ജീവിച്ച ജിബ്രാനെക്കുറിച്ച് ജര്‍മനിയില്‍ നിന്ന് കുടിയേറി ബ്രിട്ടനില്‍ ജീവിക്കുന്ന താന്‍ നാടകം ചെയ്യുന്നതിന് മറ്റൊരു മാനം കൂടിയുണ്ടെന്നും പോള്‍മീര്‍ പറഞ്ഞു.

വേദിയില്‍ ഖലീല്‍ ജിബ്രാനായി ഫാനസ് സെനോഫോസ് ജീവിക്കുമ്പോള്‍ അഭിനയത്തിന്റെ കളരിയില്‍ ഷെക്‌സ്പീരിയന്‍ വേഷങ്ങളിലൂടെ പ്രശസ്തയായ ഡയന മൗസാവി ജിബ്രാന്റെ ഭാര്യയുടേയും സഹോദരിയുടേയും വേഷമണിഞ്ഞ് കാണികളുടെ മുഴുവന്‍ പ്രശംസയും ഏറ്റുവാങ്ങി.



നബില്‍ എലൗഹാബി, സാക് സവാല്‍ഹ, ലാറ സവാല്‍ഹ, സ്റ്റഫാനി എല്ലൈന്‍ തുടങ്ങിയവരും നാടകത്തില്‍ വിവിധ വേഷങ്ങള്‍ അണിഞ്ഞു. നദീം സവാല്‍ഹയാണ് റസ്റ്റ് അപോണ്‍ ദ വിന്‍ഡിന്റെ രചന നിര്‍വഹിച്ചത്.

അറബ് രാഷ്ട്രങ്ങളുള്‍പ്പെടെ പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ആസ്‌ത്രേലിയയിലും അമേരിക്കന്‍ നാടുകളിലുമായി ലോകത്തെ 52 നഗരങ്ങളില്‍ റസ്റ്റ് അപോണ്‍ ദ വിന്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് നാടകത്തിന്റെ നിര്‍മാണ കമ്പനിയായ മതാര്‍ വെഞ്ചേഴ്‌സ് ഉടമയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അലി മതാര്‍ പറഞ്ഞു. നാടകവുമായുള്ള ലോകസഞ്ചാരത്തിന്റെ ഭാഗമായി 2014 ഒക്‌ടോബറില്‍ ഇന്ത്യയില്‍ നാടകം അവതരിപ്പിക്കുമെന്നും അലി മതാര്‍ കൂട്ടിച്ചേര്‍ത്തു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അറബ് ജനതക്ക് വേണ്ടിയായിരുന്നു ഖലീല്‍ ജിബ്രാന്റെ സാഹിത്യ ജീവിതമെന്ന് സംവിധായകന്‍ ആര്‍നെ പോള്‍മീര്‍ പറഞ്ഞു. ഖലീല്‍ ജിബ്രാന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രധാന കൃതിയായ പ്രവാചകനും ചേര്‍ത്ത് തയ്യാറക്കിയ ‘റെസ്റ്റ് അപോണ്‍ ദി വിന്‍ഡ്’ എന്ന നാടക പ്രദര്‍ശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.