Thursday, December 12, 2013

ദോഹാ ബാങ്ക് ഇനി ഇന്ത്യയിലും!.

ദോഹ : ദോഹാ ബാങ്കിന് ഇന്ത്യയില്‍ ശാഖ തുടങ്ങാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പ്രശംസിച്ചു. ഇന്ത്യയുടെ വാണിജ്യ, വ്യാവസായിക തലസ്ഥാനമെന്നറിയപ്പെടുന്ന മുബൈയില്‍ ദോഹാ ബാങ്ക് ശാഖ തുടങ്ങുന്നത് ഇന്തോ-ഖത്തര്‍ വാണിജ്യ മേഖലകളില്‍ വലിയ കുതിച്ച് ചാട്ടത്തിന് സഹായകമാകുമെന്ന് അംബാസഡര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.

ദോഹാ ബാങ്ക് ഡയറക്ടര്‍മാര്‍, സി.ഇ.ഒ, മറ്റു ജീവനക്കാര്‍ എന്നിവരെ അനുമോദിച്ച അറോറ ഈ അവസരം പരമാവധി പ്രയോജപ്പെടുത്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയുമായി നിക്ഷേപ സൗഹൃദം ശക്തിപ്പെടുത്തുവാന്‍ ആവശ്യപ്പെട്ടു.

ദോഹാ ബാങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനം ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ മെച്ചപ്പെടുത്തും. ഈ വര്‍ഷമാദ്യം ഖത്തര്‍ നാഷണല്‍ ബാങ്കിന് മുബൈയില്‍ ഓഫീസ് തുടങ്ങാന്‍ അനുമതി നല്‍കിയതും അദ്ദേഹം അനുസ്മരിച്ചു.

ധനകാര്യ മന്ത്രി പി.ചിദംബരം 2013 മെയ് 18-19 തിയ്യതികളില്‍ ദോഹാ സന്ദര്‍ശിക്കുകയും ധനകാര്യം, ഊര്‍ജ്ജം, വ്യോമയാനം, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളില്‍ വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

പല പ്രമുഖ ഇന്ത്യന്‍ ബാങ്കുകളും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്ററുകളും വിവിധ എക്‌സ്‌ചേഞ്ച് ഹൗസുകളുടേയോ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ തീരുമാനം ഈ രംഗത്തുള്ള പ്രവര്‍ത്തന വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും സാമ്പത്തികവും വ്യാപാരപരവുമായ ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ധേഹം പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദോഹാ ബാങ്കിന് ഇന്ത്യയില്‍ ശാഖ തുടങ്ങാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനെ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സജ്ഞീവ് അറോറ പ്രശംസിച്ചു.