Saturday, April 12, 2014

മാനസികരോഗത്തോടുള്ള സമീപനത്തില്‍ നമുക്കിടയില്‍ മാറ്റം അനിവാര്യം

ദോഹ:മാനസികരോഗത്തോടുള്ള മലയാളികളുടെ സമീപനത്തില്‍ മാറ്റം വേണമെന്നും ശാരീരിക പ്രയാസങ്ങളെപോലെ തന്നെ മാനസിക പ്രയാസങ്ങളും ശരിയായ ചികില്‍സയിലൂടെ പരിഹരിക്കാമെന്നും പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. അനീസ് അലി അഭിപ്രായപ്പെട്ടു.

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ സി റിംഗ് റോഡിലള്ള പുതിയ ആശുപത്രിയില്‍ സേവനം തുടങ്ങുന്ന അദ്ദേഹം ലോകാരോഗ്യ ദിനത്തില്‍ മീഡിയ പ്ളസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് മനോരോഗങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ സമീപനത്തെക്കുറിച്ച് സംസാരിച്ചത്.

ശാരീരികാസ്വസ്ഥതകളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ അതിനെക്കുറിച്ച് ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ആവശ്യമെങ്കില്‍ ചികില്‍സ തേടുകയും ചെയ്യുന്ന മലയാളികള്‍ മനോരോഗത്തേയും മനോരോഗികളേയും പേടിയോടെയാണ് സമീപിക്കുന്നത്. ഇത് അപകടകരമാണ്.

ശരീരത്തിനെന്ന പോലെ മനസിനും ചെറുതും വലുതുമായ പ്രയാസങ്ങളുണ്ടാകാം. ഓരോ പ്രശ്‌നങ്ങളും വേണ്ട സമയത്ത് പരിഹരിക്കാനുള്ള ചികില്‍സാ നടപടികള്‍ ലഭ്യമാണ്. പക്ഷേ ചികില്‍സ തേടാന്‍ വൈകുന്നതും ചികില്‍സ അവഗണിക്കുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കും, അദ്ദേഹം പറഞ്ഞു.

തനിക്ക് പല ശാരീരിക രോഗങ്ങളുമുണ്ടെന്ന് പറയുന്ന മലയാളി സമൂഹം മാനസിക രോഗത്തെ വളരെ പേടിയോടെയാണ് നോക്കികാണുന്നത്. ഇതിന് കാരണം നമ്മുടെ അവബോധമില്ലായ്മയും മലയാള സിനിമയിലും സീരിയലിലുമൊക്കെ ചിത്രീകരിച്ച് നമ്മുടെ മനസ്സില്‍ പതിഞ്ഞ മനോരോഗികളുടെ ചിത്രം ഭ്രാന്തന്‍മാരുടേതാണ് എന്നുള്ളതാണ്. സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടും സമീപനവും മാറിയാല്‍ മനോരോഗ ചികില്‍സയില്‍ ആശാവഹമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മനസ്സിനെ ബാധിക്കുന്ന എന്ത് അസുഖവും മാനസിക രോഗമാണ്. ഓരോന്നിനും പ്രത്യേകം ചികില്‍സയുമുണ്ട്. അത് ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രധാനം.

മാനസിക പ്രശ്‌നങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക കുടുംബ സാഹചര്യങ്ങളും ചുറ്റുപാടില്‍ സംഭവിക്കുന്ന കെമിക്കല്‍ ഇംബാലന്‍സിങ്ങുമൊക്കെ കാരണമാകാം. ഓരോ കേസുകളും വിശദമായി അപഗ്രഥിച്ചാണ് പരിഹാരം തേടേണ്ടത്. മനുഷ്യന്റെ തലച്ചോര്‍ നില്‍ക്കുന്നത് ഒരു ലിക്യുഡിലാണെന്നും ആ കെമിക്കലില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥകള്‍ നമ്മുടെ മുഡിനെ മാറ്റുന്നതാണ് പലപ്പോഴും മനോരോഗമായി മാറുന്നത്.

കൗണ്‍സിലിംഗും മരുന്നും സമന്വയിപ്പിച്ച ആധുനിക ചികില്‍സകള്‍ക്ക് ഏത് മനോരോഗവും ഒരു വലിയ പരിധിവരെ നിയന്തിക്കുവാനും ഭേദമാക്കുവാനും കഴിയുമെന്ന് തന്റെ അനുഭവങ്ങള്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.

സാമൂഹികവും സാംസ്‌കാരികവുമായ കൂട്ടായ്മകള്‍ക്കും കുടുംബത്തിന്റേയും സമൂഹത്തിന്റേയും സമീപനത്തിനും മനോരോഗ ചികില്‍സയില്‍ കാര്യമായ പങ്കുണ്ട്. പ്രശ്‌നങ്ങളും പ്രയാസങ്ങളും പങ്കുവെക്കുന്നതും മനസിനെ സമ്മര്‍ദ്ധങ്ങളില്‍ നിന്നും മുക്തമാക്കുന്ന കളിവിനോദങ്ങളില്‍ വ്യാപൃതരാവുന്നതും മാനസികാരോഗ്യം സംരക്ഷിക്കുവാന്‍ സഹായകമാണ്. സാംസ്‌കാരിക വിനിമയ പരിപാടികളും ആസ്വാദനങ്ങളും കായികാഭ്യാസങ്ങളുമൊക്കെ ഈ രംഗത്ത് ഗുണം ചെയ്യും.

ആധുനിക ചികില്‍സയും കൗണ്‍സിലിംഗുമൊക്കെ നല്‍കുന്ന സുസജ്ജമായ മനോരോഗ ക്ലിനിക്ക് അടുത്തമാസം മുതല്‍ നസീം അല്‍ റബീഹ്‌ മെഡിക്കല്‍ സെന്ററില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മാനസികരോഗത്തോടുള്ള മലയാളികളുടെ സമീപനത്തില്‍ മാറ്റം വേണമെന്നും ശാരീരിക പ്രയാസങ്ങളെപോലെ തന്നെ മാനസിക പ്രയാസങ്ങളും ശരിയായ ചികില്‍സയിലൂടെ പരിഹരിക്കാമെന്നും പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. അനീസ് അലി അഭിപ്രായപ്പെട്ടു.