Tuesday, September 9, 2008

തൊഴില്‍ തട്ടിപ്പിനിരയായവരെ നാട്ടിലേക്ക് അയച്ചുതുടങ്ങി

ദോഹ: റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ സുന്ദരവാഗ്ദാനങ്ങളില്‍ മയങ്ങി ദോഹയിലെത്തി തൊഴില്‍ തട്ടിപ്പിനിരയായ മലയാളി തൊഴിലാളികളെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് സ്വദേശത്തേക്ക് അയച്ചുതുടങ്ങി. മലയാളി ഉടമസ്ഥതയിലാണെന്ന് പറയപ്പെടുന്ന കമ്പനിയിലേക്കാണ് കൊച്ചി ആസ്ഥാനമായുള്ള റിക്രൂട്ടിങ് ഏജന്‍സി തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ഇവര്‍ക്ക് ലഭിച്ചില്ല. വിസയും അടിക്കാത്ത സാഹചരത്തിലാണ് നിസ്സഹായരായ തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ആദ്യ ബാച്ചിലെ 42 പേരെ എംബസി നാട്ടിലേക്കയച്ചു. ബാക്കിയുള്ളവരെയും ഘട്ടംഘട്ടമായി സ്വദേശത്തേക്കയയ്ക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നൂറില്‍പ്പരം തൊഴിലാളികള്‍ ഉള്‍പ്പെട്ട ഈ പ്രശ്‌നം പെട്ടെന്ന്തന്നെ പരിഹരിക്കാന്‍ എംബസിക്ക് കഴിഞ്ഞതായി എംബസി മിനിസ്റ്റര്‍ സന്‍ജീവ്‌കോഹ്‌ലി പറഞ്ഞു. പ്രശ്‌നങ്ങളുമായി എംബസിയെ സമീപിച്ച തൊഴിലാളികളുടെ പ്രശ്‌നം അന്നുതന്നെ ലേബര്‍വകുപ്പിന് കൈമാറിയിരുന്നു. ഉടനെത്തന്നെ കമ്പനി മാനേജരെ വിളിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. തീരുമാനങ്ങള്‍ അതത് സമയത്തുതന്നെ തൊഴിലാളികളെ അറിയിക്കുകയും ചെയ്തിരുന്നു.

ജോലി ചെയ്ത കാലയളവിലെ ശമ്പളവും മുംബൈയിലേക്കുള്ള വിമാനടിക്കറ്റും മുംബൈയില്‍ നിന്ന് സ്വദേശത്തേക്കെത്താന്‍ 200 റിയാലും കമ്പനിയില്‍ നിന്നും വാങ്ങിക്കൊടുത്താണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്. ഒത്തുതീര്‍പ്പു വ്യവസ്ഥ അംഗീകരിക്കാത്ത തൊഴിലാളികള്‍ക്ക് ഖത്തര്‍ തൊഴില്‍വകുപ്പിനെ സമീപിക്കാനുള്ള സഹായം എംബസി നല്‍കുമെന്ന് പറഞ്ഞെങ്കിലും ആരും അതിന് സന്നദ്ധരായിരുന്നില്ലെന്ന് ലേബര്‍ സെക്രട്ടറി ടി.ആര്‍. മീന പറഞ്ഞു.

ആദ്യ ബാച്ചിലുള്ളവര്‍ തൊഴിലില്‍ പ്രവേശിച്ചിട്ടില്ല. രണ്ടാമത്തെ ബാച്ചിലുള്ള 41 പേരില്‍ പലരും ഒരുമാസവും ഒന്നര മാസവുമൊക്കെ ജോലി ചെയ്തവരാണ്. അവര്‍ക്ക് ജോലി ചെയ്ത കാലയളവിലെ ശമ്പളം കിട്ടിയിട്ടുണ്ട്. അവര്‍ക്കും ഉടനെ പോകാന്‍ കഴിയും. അവശേഷിക്കുന്ന 25 പേരുടെ പ്രശ്‌നവും ഉടന്‍ പരിഹരിക്കപ്പെടും. താമസിയാതെ അവര്‍ക്കും സ്വദേശത്തേക്ക് പോകാന്‍ കഴിയുമെന്ന് കോഹ്‌ലി പറഞ്ഞു.

നാട്ടിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വാങ്ങിയ പണത്തിന് രേഖയുണ്ടായാല്‍ പോലും എംബസിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നാട്ടില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പോലീസ് വകുപ്പിനും വിവരം നല്‍കാനേ കഴിയുകയുള്ളൂവെന്നും എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യക്തമായ രേഖകളോ തെളിവുകളോ ഇല്ലെങ്കില്‍ ഇന്ത്യയിലുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ എംബസിക്ക് കഴിയില്ലെന്ന് അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ സുന്ദരവാഗ്ദാനങ്ങളില്‍ മയങ്ങി ദോഹയിലെത്തി തൊഴില്‍ തട്ടിപ്പിനിരയായ മലയാളി തൊഴിലാളികളെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെത്തുടര്‍ന്ന് സ്വദേശത്തേക്ക് അയച്ചുതുടങ്ങി. മലയാളി ഉടമസ്ഥതയിലാണെന്ന് പറയപ്പെടുന്ന കമ്പനിയിലേക്കാണ് കൊച്ചി ആസ്ഥാനമായുള്ള റിക്രൂട്ടിങ് ഏജന്‍സി തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ഇവര്‍ക്ക് ലഭിച്ചില്ല. വിസയും അടിക്കാത്ത സാഹചരത്തിലാണ് നിസ്സഹായരായ തൊഴിലാളികള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ആദ്യ ബാച്ചിലെ 42 പേരെ എംബസി നാട്ടിലേക്കയച്ചു. ബാക്കിയുള്ളവരെയും ഘട്ടംഘട്ടമായി സ്വദേശത്തേക്കയയ്ക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നൂറില്‍പ്പരം തൊഴിലാളികള്‍ ഉള്‍പ്പെട്ട ഈ പ്രശ്‌നം പെട്ടെന്ന്തന്നെ പരിഹരിക്കാന്‍ എംബസിക്ക് കഴിഞ്ഞതായി എംബസി മിനിസ്റ്റര്‍ സന്‍ജീവ്‌കോഹ്‌ലി പറഞ്ഞു. പ്രശ്‌നങ്ങളുമായി എംബസിയെ സമീപിച്ച തൊഴിലാളികളുടെ പ്രശ്‌നം അന്നുതന്നെ ലേബര്‍വകുപ്പിന് കൈമാറിയിരുന്നു. ഉടനെത്തന്നെ കമ്പനി മാനേജരെ വിളിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. തീരുമാനങ്ങള്‍ അതത് സമയത്തുതന്നെ തൊഴിലാളികളെ അറിയിക്കുകയും ചെയ്തിരുന്നു.