Saturday, November 8, 2008

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സ്വീകരിക്കാനുള്ള അന്തിമരൂപം ഇതുവരെ ലഭിച്ചിട്ടില്ല



ദോഹ: നവംബര്‍ ഒമ്പതിന് ദോഹയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ആഴ്ചകള്‍ക്കു മുമ്പുതന്നെ ദോഹയിലെത്തി സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരെല്ലാം പ്രധാന മന്ത്രിയുടെ സന്ദര്‍ശനപരിപാടിയുമായി ബന്ധപ്പെട്ട് തിരക്കിട്ട ജോലികളിലാണ്.

ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനി, പ്രധാനമന്ത്രിയുടെ വിദേശകാര്യമന്ത്രിയായ ശൈഖ് ഹമദ് ബിന്‍ ജാസ്സിം ബിന്‍ ജാബര്‍ അല്‍ത്താനി തുടങ്ങിയവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. റമദ റിനൈസന്‍സ് ഹോട്ടലില്‍ ഇന്ത്യക്കാരായ വാണിജ്യപ്രമുഖരുമായും സംഘടനാ പ്രതിനിധികളുമായും മാധ്യമപ്രവര്‍ത്തകരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. നവംബര്‍ 10നാണ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ റമദ ഹോട്ടലില്‍ സ്വീകരണപരിപാടിയൊരുക്കുന്നത്.വിവിധ സംഘടനാ പ്രതിനിധികളുമായി പരിപാടി വിജയിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫ് ചര്‍ച്ച നടത്തിവരുന്നു.

ദോഹയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വലസീകരണമാണ് ഒരുക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം ഇന്ത്യന്‍ പെട്രോളിയം പ്രകൃതിവാതക വകുപ്പുമന്ത്രി മുരളി ദേവ്‌ര, പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേലാ സാങ്‌വി, പ്രവാസികാര്യ വകുപ്പുമന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ തുടങ്ങിയ പ്രമുഖരും മുപ്പതോളം മാധ്യമപ്രവര്‍ത്തകരും ദോഹയിലെത്തുമെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സഞ്ജീവ് കോഹ്‌ലി പറഞ്ഞു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികളുടെ അന്തിമരൂപം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറി
യിച്ചു.

3 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സ്വീകരിക്കാനുള്ള അന്തിമരൂപം ഇതുവരെ ലഭിച്ചിട്ടില്ല

Soha Shameel said...

കൂടിക്കാഴ്ച്ച നടത്തുന്നതിനു മുമ്പ് തന്നെ കൂടിക്കാഴ്ച്ചയുടെ ഫോട്ടോ റിലീസ് ആയോ? അല്ലെങ്കില്‍ ചിത്രത്തിലെ ആ സന്ദര്‍ഭം ഏതെന്ന് വ്യക്തമാക്കണം സഗീറേ.

Unknown said...

പ്രിയ ആല്‍ബര്‍ട്ട്, കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഖത്തര്‍ ഷൈക്ക് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്.