Thursday, November 13, 2008

ഹൈഡ്രോകാര്‍ബണ്‍ രംഗത്ത് വന്‍ നിക്ഷേപത്തിന് സാധ്യത

ദോഹ: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും ഹൈഡ്രോകാര്‍ബണ്‍ വ്യവസായ രംഗത്ത് വന്‍ നിക്ഷേപം ഒഴുകാനുള്ള സാധ്യതയേറി. 500 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ഖത്തര്‍ ഗവണ്‍മെന്റിന്റെ നേരത്തേയുള്ള വാഗ്ദാനം താമസിയാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയ്ക്ക് നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ദ്രവീകരിച്ച പ്രകൃതിവാതകം വേണമെന്ന ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ ആവശ്യവും ഖത്തര്‍ പരിഗണിച്ചുവരുന്നു. ഖത്തറിലെ വ്യവസായ പ്രമുഖരും ഇന്ത്യന്‍ വാണിജ്യ പ്രമുഖരും പങ്കെടുത്ത ഉച്ചവിരുന്നൊരുക്കിയത് ഇന്ത്യക്കാരനായ സി.ഇ.ഒ.ആര്‍. സീതാരാമന്റെ നേതൃത്വത്തില്‍ ദോഹ ബാങ്കായിരുന്നു. യൂസുഫ് ദര്‍വിഷിനെപ്പോലുള്ള ഉന്നത വ്യവസായികളും ഇന്ത്യയുടെ ഭാഗത്തുനിന്ന് എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസുഫ് അലി, ബഹ്‌സാദ് ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വ. സി.കെ. മേനോന്‍, ലുലു റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ താഫ് തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ വ്യവസായ രംഗത്ത് നിക്ഷേപിക്കാനും ഖത്തറില്‍ ഇന്ത്യന്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമുള്ള നല്ല സന്ദര്‍ഭമാണിതെന്ന് സീതാരാമന്‍ സ്വാഗതപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പ്ലാനിങ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്‌സിങ് അലുവാലിയയാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്.

പെട്രോളിയം പ്രകൃതിവാതക മന്ത്രി മുരളി ദേവ്‌റയും പ്രവാസികാര്യ വകുപ്പുമന്ത്രി വയലാര്‍ രവിയും പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു.ഹോട്ടല്‍ റമദയില്‍ ഇന്ത്യക്കാരൊരുക്കിയ സ്വീകരണച്ചടങ്ങില്‍ വിവിധ മേഖലകളിലുള്ള മുന്നൂറോളമാളുകള്‍ പങ്കെടുത്തിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കുന്ന സാമ്പത്തിക ബന്ധത്തിലൂടെ സാധ്യമാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനുവേണ്ടി യത്‌നനിക്കുന്ന മന്ത്രി വയലാര്‍ രവിക്ക് പ്രശംസ ചൊരിയാനും പ്രധാനമന്ത്രി മറന്നില്ല. പ്രതിവര്‍ഷം എഴുനൂറു കോടി ഡോളര്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മുതല്‍കൂട്ടുന്ന ഗള്‍ഫിലെ ഇന്ത്യക്കാരുടെ ക്ഷേമം ഗവണ്‍മെന്റിന്റെ മുഖ്യഇന്ത്യന്‍ എംബസിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫായിരുന്നു പരിപാടിയുടെ സൂത്രധാരന്‍. എംബസി മിനിസ്റ്റര്‍ സഞ്ജീവ് കോഹ്‌ലിയാണ് സ്വാഗതം പറഞ്ഞത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയോട് ബന്ധപ്പെട്ടെത്തിയ പത്മശ്രീ എം.എ. യൂസുഫ് അലി, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഗള്‍ഫിലെ പ്രമുഖ വ്യവസായിയുമായ ഡോ. രവി പിള്ള, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് അഡ്വ. സി.കെ. മേനോന്‍, ഐ.സി.ബി.എഫ്. പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ.സി.സി. പ്രസിഡന്റ് കെ.എം. വര്‍ഗീസ്, വാണിജ്യ പ്രമുഖരായ പി.എ. അബൂബക്കര്‍, ഗണേഷ് ശ്രീനിവാസന്‍, കെ.പി. അബ്ദുള്‍ ഹമീദ്, എ.കെ. ഉസ്മാന്‍, മുന്‍ ഐ.സി.ബി.എഫ്. പ്രസിഡന്റ് നീലാങ് ഷുഡെ, സീഷോര്‍ മുഹമ്മദലി തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

കേന്ദ്രമന്ത്രിമാരായ മുരളി ദേവ്‌റ, വയലാര്‍ രവി, ഇ. അഹമ്മദ്, സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍, മൊണ്ടേക്‌സിങ് അലുവാലിയ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് സമീപം നിന്നിരുന്നു.

1 comment:

Unknown said...

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സന്ദര്‍ശനത്തോടെ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും ഹൈഡ്രോകാര്‍ബണ്‍ വ്യവസായ രംഗത്ത് വന്‍ നിക്ഷേപം ഒഴുകാനുള്ള സാധ്യതയേറി. 500 കോടി ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ഖത്തര്‍ ഗവണ്‍മെന്റിന്റെ നേരത്തേയുള്ള വാഗ്ദാനം താമസിയാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.