Sunday, November 9, 2008

എം.എ. യൂസഫലിക്ക് എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി.

ദോഹ: ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മശ്രീ നേടിയ ആദ്യത്തെ ഗള്‍ഫ് ഇന്ത്യക്കാരനും എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയരക്ടരുമായ എം.എ. യൂസഫലിക്ക് എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി.
സ്‌കൗട്ടിന്റെയും സ്‌കൂള്‍ ബാന്റ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് യൂസഫലിയെ വേദിയിലേക്കാനയിച്ചത്.
കേരളത്തില്‍ നിന്നെത്തിയ ജെ.ഡി.ടി. പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, തൃശ്ശൂര്‍ ഐ.ഇ.എ. പ്രസിഡന്റ് പി.പി. ഹൈദര്‍ഹാജി, എം.ഇ.എസ്. പ്രസിഡന്റ് കെ.പി. അബ്ദുള്‍ഹമീദ്, മാനേജിങ് കമ്മിറ്റി അംഗം എ.കെ. ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ബി.എം. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
അറബ് സംസ്‌കാരത്തിന്റെ ഭാഗമായ ദഫ്മുട്ടും ഹൈന്ദവ ക്ഷേത്ര നൃത്തവും സമന്വയിപ്പിച്ച് മതേതരത്വത്തിന്റെ സന്ദേശം വിളിച്ചറിയിക്കുന്ന സംഘനൃത്തത്തോടെയാണ് പരിപാടികളാരംഭിച്ചത്. ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്. ഇംഗ്ലീഷിലുള്ള സ്വാഗതഗാനവും സ്‌കൂളിന്റെ 34-ാം വാര്‍ഷികത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
ചടങ്ങില്‍ പി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. എച്ച്. അബ്ദുള്‍ ഗഫൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പ്രൈവറ്റ് എഡ്യുക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍സ്‌പെക്ടര്‍ മസൂദ് മുബാറക്കും പ്രത്യേകം ക്ഷണിക്കപ്പെട്ടെത്തിയ സി.പി. കുഞ്ഞുമുഹമ്മദും പ്രസംഗിച്ചു.
പുതുതായി നിര്‍മിച്ച കെട്ടിടവും ഓഡിറ്റോറിയവും യൂസഫലി ഉദ്ഘാടനം ചെയ്തു. സ്‌കൂളിന്റെ ഉപഹാരം പ്രസിഡന്റ് കെ.പി. അബ്ദുള്‍ ഹമീദ് യൂസഫലിക്ക് സമ്മാനിച്ചു. യൂസഫലിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലഘു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സോവനീര്‍ സ്‌കൂള്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എ. ഷംസുദ്ദീന് നല്കി മസൂദ് മുബാറക് പ്രകാശനം ചെയ്തു. സ്‌കൂളിന്റെ സ്ഥാപകാംഗങ്ങളായ നാട്ടിലും ദോഹയിലുമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു.
മാതാപിതാക്കളെ ബഹുമാനിക്കാനും മതവിശ്വാസങ്ങളിലധിഷ്ഠിതമായ ജീവിതം മുറുകെപ്പിടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
മജീദ് കോയയും അധ്യാപകനായ ഖാജലും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ പരിപാടിക്ക് മിഴിവേകി. ബി.എം. സിദ്ധിഖ് നന്ദി പറഞ്ഞു.

1 comment:

Unknown said...

ഇന്ത്യാ ഗവണ്മെന്റിന്റെ പദ്മശ്രീ നേടിയ ആദ്യത്തെ ഗള്‍ഫ് ഇന്ത്യക്കാരനും എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയരക്ടരുമായ എം.എ. യൂസഫലിക്ക് എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളില്‍ സ്വീകരണം നല്‍കി.